നടുറോഡിൽ വളർത്തുപാമ്പിനെ ഉപയോഗിച്ച് എതിരാളിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

ടൊറാന്റോ-കാനഡയിലെ ടൊറന്റോയിൽ വഴക്കിനിടെ ഒരാൾ തന്റെ വളർത്തു പെരുമ്പാമ്പിനെ ഉപയോഗിച്ച് മറ്റൊരാളെ ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ബുധനാഴ്ച രാത്രി 11:50 നാണ് വിചിത്രമായ സംഭവം നടന്നതെന്ന് സി.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഡുണ്ടാസ് സ്ട്രീറ്റ് വെസ്റ്റിലും മാനിംഗ് അവന്യൂ ഏരിയയിലായിരുന്നു സംഭവം. ഒരാൾ തന്റെ വളർത്തുപാമ്പിനെ വീശിയടിച്ച് നടുറോഡിൽ വെച്ച് ഒരാളെ അക്രമിക്കുന്നതാണ് വീഡിയോ. അടി കൊള്ളുന്നയാൾ സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ആക്രമി പാമ്പിനെക്കൊണ്ട് മർദ്ദിക്കുന്നത് തുടരുന്നതും വീഡിയോയിൽ കാണാം. ഏതാനും നിമിഷങ്ങൾക്ക് ശേഷം പോലീസ് എത്തിയാണ് വഴക്ക് അവസാനിപ്പിച്ചത്. ഒരാൾ പെരുമ്പാമ്പിനെ ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തുന്നതായി ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് ഉടൻ സ്ഥലത്ത് എത്തിയതായി പോലീസ് അറിയിച്ചു. 
ഇതുമായി ബന്ധപ്പെട്ട് ടൊറന്റോ നിവാസിയായ ലോറേനിയോ അവില (45) അറസ്റ്റിലായി. ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനും മൃഗത്തെ പീഡിപ്പിച്ചതിനുമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
 

Latest News