രാജ്യത്തെ ഏറ്റവും സ്വീകാര്യമായ നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറാൻ പോവുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംസ്ഥാനത്ത് ഈ വർഷം പ്രഖ്യാപിച്ച പുതിയ വ്യവസായ നയത്തിലെ മുൻഗണന മേഖലകളിൽ ടൂറിസം-ആതിഥേയ വ്യവസായത്തെ ഉൾപ്പെടുത്തിയത് മുതൽക്കൂട്ടാകുമെന്ന് കൊച്ചിയിൽ നടന്ന കേരള ട്രാവൽ മാർട്ട് സൊസൈറ്റി വെർച്വൽ മീറ്റിൽ അദ്ദേഹം പറഞ്ഞു. പുത്തൻ വ്യവസായ നയത്തിൽ 22 മുൻഗണന മേഖലകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഈ മേഖലകളിൽ സുഗമമായി സ്വകാര്യ നിക്ഷേപം, ലളിതമായ ലൈസൻസ് വ്യവസ്ഥകൾ, പുത്തൻ സാങ്കേതിക വിദ്യയുടെ ഉപയോഗം, സുസ്ഥിരത തുടങ്ങിയവക്ക് വലിയ ഊന്നൽ നൽകുമെന്നും അദ്ദേഹം അറിയിച്ചു. മികച്ച സാക്ഷരത, ആരോഗ്യ സംവിധാനം, യൂറോപ്പിന് സമാനമായ ഉയർന്ന ജീവിത നിലവാരം, വനിത പങ്കാളിത്തം എന്നിവ കേരളത്തിന് ഗുണകരമാകും. ഏതൊരു വ്യവസായത്തിനും ആവശ്യമായ മികച്ച മനുഷ്യ വിഭവ ശേഷി കേരളത്തിലുണ്ട്. സംരംഭങ്ങളിൽ നൂതനത്വം കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഫലം കണ്ടുവെന്നും മന്ത്രി പറഞ്ഞു.
ടൂറിസം കേന്ദ്രങ്ങളുടെ നവീകരണം, ശേഷി വർധിപ്പിക്കൽ, വിപണനം എന്നിവയിൽ സംസ്ഥാന സർക്കാർ നിക്ഷേപം നടത്തുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരളം സന്ദർശിക്കുന്നവർക്ക് മികച്ച ടൂറിസം അനുഭവം ലഭിക്കുന്നതിന് നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കണം. കേരള ടൂറിസം അന്തർദേശീയ വേദികളിൽ മികച്ച രീതിയിൽ വിപണനം നടത്തുന്നതിന് സർക്കാർ എല്ലാ സഹായവും ചെയ്യും. ടൂറിസം രംഗത്തെ അഭിവൃദ്ധി കേവലം വ്യവസായങ്ങൾക്ക് മാത്രമല്ല, പ്രദേശവാസികൾക്കു കൂടി ലഭിക്കുമെന്ന് സർക്കാർ ഉറപ്പു വരുത്തും. ഉത്തരവാദിത്ത ടൂറിസം കൂടുതൽ ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.ഹോംസ്റ്റേ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെയുള്ള ടൂറിസം വ്യവസായത്തിലെ പങ്കാളികൾക്ക് തുല്യമായ അവസരം ഉറപ്പാക്കുകയാണ് വെർച്വൽ കെ.ടി.എം ചെയ്യുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
പുതിയ ടൂറിസം ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ എല്ലാവിധ സഹായങ്ങളും നൽകും. ഈ മേഖലയിലേക്ക് കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങളെയും സർക്കാർ പിന്തുണയ്ക്കും. പുതിയ ആശയങ്ങളും വാണിജ്യ കരാറുകളും വെർച്വൽ കെ.ടി.എമ്മിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, കെ.ടി.എം പ്രസിഡന്റ് ബേബി മാത്യു സോമതീരം, കെ.ടി.എം സൊസൈറ്റി സെക്രട്ടറി ജോസ് പ്രദീപ, മുൻ പ്രസിഡന്റുമാരായ ജോസ് ഡോമിനിക്, ഇ.എം. നജീബ്, റിയാസ് അഹമ്മദ്, ഏബ്രഹാം ജോർജ് തുടങ്ങിയവർ പങ്കെടുത്തു.