Sorry, you need to enable JavaScript to visit this website.

കർണാടകയിൽ ഡി.കെയെ കുരുക്കുന്ന രണ്ട് ഫോർമുലയുമായി സിദ്ധരാമയ്യ; ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ശിവകുമാർ

ബെംഗളുരു - കർണാടകയിലെ മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള ഗൗരവപരമായ ചർച്ച തുടരവേ പ്രശ്‌നപരിഹാരത്തിന് ഫോർമുലയുമായി മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരമയ്യ. രണ്ട് നിർദേശങ്ങളാണ് അദ്ദേഹം മുന്നോട്ടു വെച്ചത്.

 ഒന്ന്, മുഖ്യമന്ത്രി സ്ഥാനം ഇരുവരും പങ്കിടാം. ആദ്യ രണ്ടുവർഷം താൻ മുഖ്യമന്ത്രിയാം. പിന്നീട് ഡി.കെ ശിവകുമാറും.
രണ്ട്, ഉപമുഖ്യമന്ത്രി സ്ഥാനവും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനവും ഡി.കെ ശിവകുമാർ ഒരുമിച്ച് തുടരുന്നതിൽ വിയോജിപ്പില്ല.

 ഈ രണ്ട് നിർദേശങ്ങളും വളരെ പോസിറ്റീവായാണ് എ.ഐ.സി.സി നേതൃത്വം കരുതുന്നത്. എന്നാൽ ഡി.കെ ശിവകുമാർ ഇതിലുള്ള നിലപാട് വ്യക്തമാക്കിയതായി വിവരമില്ല. ഡൽഹി യാത്ര തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നാണ് ഡി.കെ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിനിടെ, ഡി.കെ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് വഴങ്ങുകയാണെങ്കിൽ മറ്റ് ഉപമുഖ്യമന്ത്രിമാരെ നിശ്ചയിക്കാതിരിക്കാമെന്ന നിർദേശവും ഹൈക്കമാൻഡ് മുന്നോട്ടു വെച്ചതായി വിവരമുണ്ട്. 

 സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തോടും ഭരണകൂട ഏജൻസികളുടെ തിട്ടൂരങ്ങളോടുമെല്ലാം അതേ നാണയത്തിൽ പൊരുതി പ്രവർത്തകർക്ക് ആത്മവിശ്വാസവും ആവേശവും പകർന്ന് പാർട്ടിക്ക് സംഘടനാപരമായ അടിത്തറയുണ്ടാക്കിയ നേതാവെന്ന നിലയിൽ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശിൽപ്പിയായാണ് കർണാടക രാഷ്ട്രീയം ഡി.കെ ശിവകുമാറിനെ കാണുന്നത്. എന്നാൽ കർണാടക രാഷ്ട്രീയത്തിലെ ജനകീയ മുഖമാണ് സിദ്ധരാമയ്യ. ആയതിനാൽ തന്നെ ഇരുവരെയും ഒരുപോലെ ഉൾക്കൊണ്ട് ഭാവിയിലും ഇരുവരുടെയും കഴിവുകളെ പാർട്ടിക്കും സർക്കാറിനും ദേശീയ രാഷ്ട്രീയത്തിലും ഗുണം ചെയ്യുംവിധം ഉപയോഗപ്പെടുത്താനാണ് കോൺഗ്രസ് ദേശീയ നേതൃത്വം ആഗ്രഹിക്കുന്നത്.

Latest News