'വീട്ടിൽ വന്നോ, പക്ഷേ താനൂരിലെ ചോരക്കറ കളയണം'; നെഗളിപ്പ് വേണ്ടെന്നും മന്ത്രി അബ്ദുറഹ്മാന് കെ.എം ഷാജിയുടെ മറുപടി

കോഴിക്കോട് - താനൂർ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ മന്ത്രി വി അബ്ദുറഹ്മാന് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി.
'എന്നെ ചിത്ത പറഞ്ഞ് ആളാവാമെന്ന് വി അബ്ദുറഹ്മാൻ വിചാരിക്കേണ്ട. പണം എറിഞ്ഞ് ജയിച്ചതല്ല. 27,000 വോട്ടിന് ഇടതുപക്ഷം ജയിക്കുന്ന മണ്ഡലത്തിൽ പോയിട്ട് രണ്ടുതവണ ജയിച്ചുവന്ന എന്നോട് ജയത്തിന്റെ കണക്ക് പൈസ കൊടുത്ത് വിജയിച്ച അബ്ദുറഹ്മാൻ പറയരുത്. നെഗളിപ്പ് എടുക്കുന്നതിന് മുമ്പ് അതൊന്ന് ഓർത്തുവെച്ചാൽ മതി. പൈസ കണ്ടാൽ മുട്ടുമടക്കുന്ന സഖാക്കളേ നിങ്ങൾ കണ്ടിട്ടുള്ളൂ. ഞങ്ങളെ കണ്ടിട്ടില്ല. ആ ജാതി ഐറ്റമല്ല ഇത്. പിന്നെ വീട്ടിൽ വരും മുമ്പ് താനൂരിലെ ബോട്ടപകടത്തിന്റെ ചോരക്കറ കഴുകിത്തീർക്കണമെന്നും' ഷാജി ഓർമിപ്പിച്ചു.
 താനൂർ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് മന്ത്രിയോട് ചില ചോദ്യങ്ങളും ഷാജി ഉന്നയിച്ചു. താനൂരിൽ ഉപയോഗിച്ച ബോട്ട് രൂപമാറ്റം വരുത്തി ടൂറിസ്റ്റ് ബോട്ടാക്കുന്നത് അബ്ദുറഹ്മാന് അറിയാമായിരുന്നോ? ബോട്ടുടമ നാസറിന്റെ സഹോദരൻ നിങ്ങളുടെ തെരഞ്ഞെടുപ്പിന്റെ ചുമതലയുളള ഔദ്യോഗിക ഭാരവാഹിയല്ലേ? ബോട്ട് അപകടം ഉണ്ടാക്കുമെന്ന് താനൂരിലെ സാധാരണക്കാരായ ജനങ്ങൾ പറഞ്ഞിരുന്നോ? അവർ കയർത്ത് സംസാരിച്ചിരുന്നോ?'- ഷാജി ചോദിച്ചു.
 കഴിഞ്ഞ ദിവസം ലീഗിന് സ്വാധീനമുളള താനൂരിലെ ദുരന്തമുഖത്ത് മുഖ്യമന്ത്രിക്ക് വരാൻ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയാണെന്നും ദൗർബല്യമല്ലെന്നും, ഓഖി ദുരന്ത ഭൂമിയിൽ പോകാൻ മുഖ്യമന്ത്രി പിണറായി വിജയന് സാധിച്ചിരുന്നില്ലെന്നും കെ എം ഷാജി പറഞ്ഞിരുന്നു.
 ഇതിന് മറുപടിയെന്നോണം മാറാട് കലാപബാധിത പ്രദേശത്തു പോലും മുസ്‌ലിമായ എളമരം കരീമിനെയും കൂട്ടി ധീരമായി കടന്നുവന്ന പാർട്ടി സെക്രട്ടറി ആണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്നും താനൂരിലേക്ക് കടന്നുവരാൻ മുഖ്യമന്ത്രിക്ക് നിന്റെയെന്നല്ല, നിന്റെ കാരണവൻമാരുടെ ഒരു ഓശാരവും വേണ്ടെന്നും മുസ്‌ലിം ലീഗിലെ തീവ്രവാദ വിഭാഗത്തിന് വളം വെക്കുന്ന ആളാണ് കെ.എം ഷാജിയെന്നും മന്ത്രി വി അബ്ദുറഹ്മാൻ പ്രകോപനപരമായി പ്രസംഗിച്ചിരുന്നു. വേണമെങ്കിൽ ഞങ്ങൾ നിന്റെ വീട്ടിലും കടന്നുകയറുമെന്ന താക്കീതും മന്ത്രി നൽകിയിരുന്നു. 
 ഇതിനുള്ള മറുപടിയായാണ് തന്റെ വീട്ടിൽ ആർക്കും വരാം. പക്ഷേ, അതിന് മുമ്പ് താനൂർ ബോട്ട് ദുരന്തത്തിൽ 22 ജീവൻ നഷ്ടമായതിന്റെ ചോരക്കറ കളയണം. സി.പി.എം അംഗത്വം കിട്ടിയ ഉടനെ, തന്നെ ചീത്ത വിളിച്ച് വിരട്ടാൻ നോക്കേണ്ടെന്നും കെ.എം ഷാജി, മന്ത്രിയെ ഓർമിപ്പിച്ചത്.
  മന്ത്രി സംസാരിക്കുന്നത് ഗുണ്ടാ ഭാഷയിലാണെന്നും അത് വീട്ടിൽ കാണിച്ചാൽ മതിയെന്നും മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീറും പ്രതികരിച്ചു. ഷാജിയുടെ വീട്ടിൽ കയറണമെങ്കിൽ ഞങ്ങളുടെ നെഞ്ചിൽ ചവുട്ടി വേണം കടക്കാനെന്നും മുനീർ കോഴിക്കോട് കുറ്റിച്ചിറയിലെ മുസ്‌ലിം ലീഗ് പൊതുയോഗത്തിൽ പറഞ്ഞു.
 

Latest News