Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അത് ഒന്നൊന്നര ഉശിരാണ്, നടിമാരെ പിന്തുണച്ച് പി.കെ ഫിറോസ്

കോഴിക്കോട്- ദിലിപീനെ സിനിമാ സംഘടനയിലേക്ക് തിരികെപ്രവേശിപ്പിച്ച അമ്മയുടെ നിലപാടിനെ എതിര്‍ത്ത നടിമാര്‍ക്ക് പിന്തുണയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത്.  ഉശിരിനും ധീരതക്കും പര്യായമായി പറയുന്ന 'ആൺകുട്ടികൾ' എന്നതിനേക്കാൾ എത്രയോ മുകളിലാണ് ഈ 'പെൺകുട്ടികൾ '. അവരുടേത് യഥാർത്ഥ ധീരതയാണ്. ഒന്നൊന്നര ഉശിരാണെന്നും ഫിറോസ് പറഞ്ഞു.

ഫിറോസിന്‍റെ വാക്കുകള്‍:

ഒരു പെൺകുട്ടിയെ റേപ്പ് ചെയ്യാൻ ക്വട്ടേഷൻ കൊടുത്ത കേസിലെ പ്രതി ദിലീപിനെ സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എ യിലേക്ക് തിരിച്ചെടുത്ത സംഭവത്തിൽ 3 കാര്യങ്ങൾ ചോദിക്കാനാഗ്രഹിക്കുകയാണ്.

1. സ്ത്രീ വിരുദ്ധമായ അറു വഷളൻ ഡയലോഗുകൾ ഗ്ലോറിഫൈ ചെയ്ത് സിനിമയിൽ അവതരിപ്പിക്കുമ്പോൾ സൂപ്പർ താരങ്ങൾ പറയാറുള്ള ന്യായീകരണം സിനിമ സമൂഹത്തിന്റെ പരിഛേദമാണെന്നും സമൂഹത്തിൽ നടക്കുന്ന സംഭവങ്ങൾ സ്വാഭാവികമായും സിനിമയിൽ അവതരിപ്പിക്കേണ്ടി വരുമെന്നുമാണ്. അതായത് കഥാപാത്രങ്ങളുടെ പേരിൽ തങ്ങളുടെ സ്വഭാവശുദ്ധി അളക്കരുതെന്ന്!! 
ഒരു പെൺകുട്ടിയെ, അതും സ്വന്തം സഹപ്രവർത്തകയെ പിച്ചിച്ചീന്തിയ ഒരാളെ തള്ളിപ്പറയാൻ തയ്യാറാകാത്തവർ സിനിമയിൽ മാത്രമല്ല ജീവിതത്തിലും തങ്ങൾ സ്ത്രീ വിരുദ്ധരും മനുഷ്യത്വമില്ലാത്തവരാണെന്നുമല്ലേ തെളിയിച്ചത്?

2. കത്വയിൽ എട്ട് വയസ്സുള്ള പിഞ്ചു കുഞ്ഞിനെ ബലാൽസംഘം ചെയ്ത് കൊലപ്പെടുത്തിയ പ്രതികൾക്ക് വേണ്ടി രംഗത്തിറങ്ങിയവരുടെയും ബലാൽസംഘത്തിന് കൊട്ടേഷൻ കൊടുത്ത പ്രതിയെ വെഞ്ചാമരം വീശി പിന്തുണച്ച എ.എം.എം.എ യിലെ അംഗങ്ങളുടെയും മനോനിലയിലെ വ്യത്യാസമെന്താണ്?

3. ഇന്നസെൻറും മുകേഷും ഗണേഷ് കുമാറും വെറും സിനിമാ താരങ്ങൾ മാത്രമല്ല ജനപ്രതിനിധികൾ കൂടിയാണ്. എന്നു വെച്ചാൽ എം.സി.പി കളുടെ മാത്രം പ്രതിനിധിയല്ല എന്നർത്ഥം. മാത്രവുമല്ല ഇവർ നിയമ നിർമ്മാണ സഭയിൽ അംഗങ്ങളുമാണ്. ഇമ്മട്ടിൽ ഒരു കുറ്റ കൃത്യം ചെയ്ത ഒരാളെ പിന്തുണച്ച ഇവർക്ക് ജനപ്രതിനിധി എന്ന പദവി അലങ്കരിക്കാൻ യോഗ്യത ഉണ്ടോ? ഇവരുണ്ടാക്കുന്ന നിയമങ്ങൾ ഏതെങ്കിലും തരത്തിൽ സാധൂകരിക്കാനാവുമോ?

പിൻ: എ.എം.എം.എ എന്ന സംഘടന എടുത്ത മനുഷ്യത്വ വിരുദ്ധമായ നിലപാടിനോട് വിയോജിച്ച പെൺകുട്ടികളോട് ഐക്യദാർഢ്യം. ഉശിരിനും ധീരതക്കും പര്യായമായി പറയുന്ന 'ആൺകുട്ടികൾ' എന്നതിനേക്കാൾ എത്രയോ മുകളിലാണ് ഈ 'പെൺകുട്ടികൾ '. അവരുടേത് യഥാർത്ഥ ധീരതയാണ്. ഒന്നൊന്നര ഉശിരാണ്.

Latest News