ബെംഗളൂരു- യു. എസിലെ കാലിഫോര്‍ണിയ കുപെര്‍ട്ടിനോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഐഫോണ്‍ നിര്‍മാണം ഇന്ത്യയില്‍ വര്‍ധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 2023ലെ പുതിയ സീരിസായ ഐഫോണ്‍ 15ന്റെ ഹാന്‍ഡ്‌സെറ്റ് ആസംബ്ലിംഗിന്റെ അഞ്ച് ശതമാനം ടാറ്റ ഗ്രൂപ്പിന് ലഭിക്കും.
കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളും
ഭൗമരാഷ്ട്രപരമായ തന്ത്രങ്ങളും ഉള്‍പ്പെടെ പരിഗണിച്ചാണ് ആപ്പിള്‍ തങ്ങളുടെ ഉത്പാദനം ഇന്ത്യയില്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആപ്പിളിന്റെ നാലാമത്തെ ഐഫോണ്‍ അസംബ്ലറായി ഇന്ത്യയുടെ ടാറ്റ ഗ്രൂപ്പ് മാറും.
തുടക്കത്തില്‍ ടാറ്റ ഗ്രൂപ്പിന് ചെറിയ ഓര്‍ഡറുകള്‍ മാത്രമായിരിക്കും ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ടാറ്റ രംഗത്തെത്തുന്നതോടെ ആപ്പിളിന്റെ ഇന്ത്യയിലെ അസംബ്ലറായ വിസ്‌ട്രോണ്‍ ഇന്ത്യ വിടും. നിലവില്‍ ബെംഗളൂരുവിലെ വിസ്‌ട്രോണിന്റെ ഐഫോണ്‍ പ്ലാന്റ് ടാറ്റ വാങ്ങിയിട്ടുണ്ട്.
ഈ വര്‍ഷം സെപ്റ്റംബറില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ഐഫോണ്‍ സീരീസിനായുള്ള ആദ്യ കയറ്റുമതിയുടെ ഭാഗമായിരിക്കും ടാറ്റ. ഐഫോണ്‍ 12 പ്രോ മാക്‌സ് അസംബ്ലിക്കായി 2020ല്‍ ആരംഭിച്ച ഐഫോണ്‍ അസംബ്ലി ബിസിനസ് ഇന്ത്യയില്‍ ഏറ്റെടുക്കുന്ന നാലാമത്തെ കമ്പനിയാണ് ടാറ്റ. നിലവില്‍ ഫോക്സ്‌കോണ്‍, ലക്സ് ഷെയര്‍, പെഗാട്രോണ്‍ എന്നിവയ്ക്ക് ഇന്ത്യയില്‍ ഐഫോണ്‍ അസംബ്ലി പ്ലാന്റുകളുണ്ട്.
പുതിയ ഐഫോണ്‍ സീരിസില്‍ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോമാക്‌സ് എന്നീ മോഡലുകളാണ് ഉണ്ടാവുക.