കര്‍ണാടക സത്യപ്രതിജ്ഞ വ്യാഴാഴ്ച

ബെംഗളൂരു- കര്‍ണാടകയില്‍ വ്യാഴാഴ്ച കോണ്‍ഗ്രസ് സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ. എന്നാല്‍ നിയമസഭാ കക്ഷി നേതാവ് ആരാണെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 

സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ പങ്കെടുക്കും. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളേയും ക്ഷണിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനകം മന്ത്രിസഭയുടെ അന്തിമ രൂപരേഖ രൂപപ്പെടുമെന്നാണ് കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 

കര്‍ണാടകയിലെ രാഷ്ട്രീയ നീക്കങ്ങള്‍ വിലയിരുത്തുന്നതിന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിംഗ്, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ദീപക് ബവാരിയ എന്നിവരെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലപ്പെടുത്തി. നിയമസഭാ കക്ഷി യോഗത്തിന്റെ റിപ്പോര്‍ട്ട് നിരീക്ഷകര്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും. 

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. കൂടുതല്‍ എം എല്‍ എമാര്‍ പിന്തുണയ്ക്കുന്ന നേതാവിനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാന്‍ഡ് ആലോചന. തര്‍ക്കമില്ലാതെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ന്ദീപ് സിങ്ങ് സുര്‍ജേവാല എന്നിവര്‍ ബെംഗളൂരുവില്‍ നേതാക്കളുമായി കൂടിയാലോചന നടത്തി. 

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയാണെങ്കില്‍ ഡി. കെ. ശിവകുമാര്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയാകും. അവസാന ടേമില്‍ മുഖ്യമന്ത്രി പദവും ശിവകുമാറിന് ലഭിക്കും.

Latest News