Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കൗതുകമായി വനിതകളുടെ മീന്‍പിടിത്തം; ഖുമാഹ് ദ്വീപിലെ വേറിട്ട കാഴ്ച

ജിസാൻ- അതിരാവിലെ കടലിലിറങ്ങി വലവീശി മീൻ പിടിച്ച് മാർക്കറ്റിൽ വിൽപന നടത്തി ഉപജീവനം കഴിക്കുന്ന വനിതകളാണ് ഖുമാഹ് ദ്വീപ് വനിതകൾ. സൗദി അറേബ്യയിൽ വനിതകൾ മത്സ്യബന്ധനത്തിനിറങ്ങുന്ന അപൂർവ പാരമ്പര്യം ഫുർസാൻ ദ്വീപുകളിലെ അർഖബീൽ ദ്വീപിലെ വനിതകൾക്ക് മാത്രം അവകാശപ്പെട്ടതാണ്.
പുരുഷന്മാർ മത്സ്യബന്ധനത്തിനിറങ്ങുന്ന കാഴ്ച സൗദിയിലെ എല്ലാ തീരങ്ങളിലുമുണ്ട്. അത് പുരുഷന്മാർ മാത്രം ചെയ്തുവരുന്ന ജോലിയുമാണ്. എന്നാൽ 200 ഓളം ദ്വീപുകളുള്ള ഫുർസാൻ ദ്വീപിലെ ഖുമാഹ് പ്രദേശത്തെ വനിതകൾ ഇതംഗീകരിക്കില്ല. മത്സ്യബന്ധനം അവരുടെ ജോലി കൂടിയാണെന്നാണ് അവർ പറയുന്നത്. വർഷങ്ങളോളം മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന വനിതകൾ ഇവിടെ ധാരാളമുണ്ട്. വീട്ടാവശ്യത്തിനുള്ള മത്സ്യം മാറ്റിവെച്ച് ബാക്കിയെല്ലാം ഇവർ വിൽപന നടത്താറാണ് പതിവ്.


കുടുംബത്തിലെ പുരുഷന്മാർ മത്സ്യബന്ധനത്തിനായി ദിവസങ്ങളോളം കടലിൽ പോകുമ്പോൾ വനിതകൾ അതിരാവിലെ വലകളും മറ്റത്യാവശ്യ സജ്ജീകരണങ്ങളുമായി കടൽ തീരത്തേക്ക് പോകും. വീടിനോട് ചേർന്ന ഭാഗങ്ങളിലെ തീരഭാഗങ്ങളിലാണ് ഇവർ മത്സ്യവേട്ട നടത്താറുള്ളത്. ആഴമില്ലാത്ത ഭാഗങ്ങളിൽ വലകൾ സ്ഥാപിച്ച് പല ഭാഗങ്ങളിൽ നിന്നും വെള്ളത്തിൽ അടിച്ചും മറ്റും മത്സ്യങ്ങളെ വലയുടെ ഭാഗത്തേക്ക് ഓടിക്കും. മണിക്കൂറുകൾ കഴിഞ്ഞ് വലയെടുക്കുമ്പോൾ ധാരാളം മത്സ്യങ്ങൾ അതിൽ കുടുങ്ങിയിരിക്കും.
പിന്നീട് സംഘമായി പാട്ടുപാടിയും മറ്റും വലകൾ കരയിലേക്ക് വലിച്ചുകയറ്റും.  മീൻ വിൽപന നടത്തുന്നതോടൊപ്പം മീനെണ്ണയും ഇവർ വിൽപന നടത്തുന്നുണ്ട്. രോഗശമനം പ്രദാനം ചെയ്യുന്ന മീനെണ്ണയുടെ ഒരു കുപ്പിക്ക് 50 റിയാൽ ആണ് വില. മീൻ പിടിത്തത്തോടൊപ്പം കടലിൽനിന്ന് ലഭിക്കുന്ന ചിപ്പികളുൾപ്പെടെ ആകർഷകമായ വസ്തുക്കളുപയോഗിച്ച് വളകളും ബാഗുകളും കരകൗശല വസ്തുക്കളുമുണ്ടാക്കി ഇവർ വിൽപന നടത്തുന്നുണ്ട്.

Latest News