ജിദ്ദ സിറ്റിവാക്കിലേക്ക് സന്ദർശകരുടെ ഒഴുക്ക്

ജിദ്ദയിലെ സിറ്റിവാക്കിൽനിന്നുള്ള ദൃശ്യം

ജിദ്ദ- ജിദ്ദ കലണ്ടർ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച സിറ്റിവാക്കിലേക്ക് വൻ സന്ദർശക പ്രവാഹം. പത്ത് ഏരിയകളിലായി നടക്കുന്ന സിറ്റിവാക്കിലെ സംഗീത, സാഹസികാനുഭവങ്ങളും വിവിധ ഗെയിമുകളും ആസ്വദിക്കാനാണ് വിദേശികളും സ്വദേശികളുമുൾപ്പെടെയുള്ള സന്ദർശകരുടെ ഒഴുക്ക്.
കുട്ടികൾക്കും വിവിധ പ്രായക്കാർക്കും അനുയോജ്യമായ വിനോദ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം മികച്ച ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാദേശികവും അന്തർദേശീയവുമായ ഭക്ഷ്യവിഭവങ്ങൾ വിളമ്പുന്ന വിവിധ ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, ഫുഡ് കിയോസ്‌കുകൾ, വർക്ക്‌ഷോപ്പുകൾ, പെർഫോമൻസ് ടീമുകൾ എന്നിവ സിറ്റിവാക്കിന്റെ പ്രത്യേകതയാണ്.
ഏപ്രിൽ 24 നാണ് ഇവിടെ പ്രദർശനം തുടങ്ങിയത്. ജൂൺ ഏഴിന് സമാപിക്കും. എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ രാത്രി 12 വരെ പ്രവർത്തിക്കും. വാരാന്ത്യങ്ങളിൽ രാത്രി ഒന്നുവരെ തുറന്നിടും. 55 റിയാലാണ് ടിക്കറ്റ് ചാർജ്. വാരാന്ത്യങ്ങളിൽ നൂറു റിയാലും. 600 റിയാൽ നൽകിയാൽ വിഐപി പാർക്കിംഗും അഞ്ചുപേർക്ക് പ്രവേശനവും അനുവദിക്കും. 130 സെന്റിമീറ്ററിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും.

Latest News