Sorry, you need to enable JavaScript to visit this website.

വരുന്നൂ മഴക്കാലം... കൃത്രിമ മഴക്ക് അഞ്ചു വിമാനങ്ങൾ കൂടി വാങ്ങാൻ സൗദി

ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കാൻ അഞ്ചു വിമാനങ്ങൾ കൂടി വാങ്ങാനുള്ള കരാറിൽ പരിസ്ഥിതി, ജല, കൃഷി വകുപ്പ് മന്ത്രിയും ദേശീയ കാലാവസ്ഥ വിഭാഗം മേധാവിയുമായ എൻജിനീയർ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ മുഹ്‌സിൻ അൽഫദ്‌ലി ഒപ്പുവെക്കുന്നു.

റിയാദ്- ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കാൻ അഞ്ചു വിമാനങ്ങൾ കൂടി വാങ്ങാൻ സൗദി അറേബ്യ. ഇത് സംബന്ധിച്ച കരാറിൽ കഴിഞ്ഞ ദിവസം പരിസ്ഥിതി, ജല, കൃഷി വകുപ്പ് മന്ത്രിയും ദേശീയ കാലാവസ്ഥ വിഭാഗം മേധാവിയുമായ എൻജിനീയർ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ മുഹ്‌സിൻ അൽഫദ്‌ലി ഒപ്പുവെച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച ഹരിതവത്കരണ പദ്ധതിക്ക് കൂടുതൽ സഹായകമാകുന്ന വിധത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃത്രിമ മഴ വഴി കൂടുതൽ ജലസാന്നിധ്യം ഉറപ്പു വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മേഘങ്ങളിൽ പ്രത്യേക പദാർഥങ്ങൾ പ്രത്യേക വിമാനങ്ങൾ വഴി നിക്ഷേപിച്ച് (ക്ലൗഡ് സീഡിംഗ്) ആണ് മഴക്ക് സാഹചര്യമൊരുക്കുന്നത്. ഇത്തരം നാല് ക്ലൗഡ് സീഡിംഗ് വിമാനങ്ങളും കാലാവസ്ഥ ഗവേഷണത്തിന് ഒരു വിമാനവുമാണ് കരാർ പ്രകാരം വാങ്ങുക. ക്ലൗഡ് സീഡിംഗ് എന്ന പേരിൽ നിലവിലെ രണ്ടു വിമാനങ്ങളുപയോഗിച്ച് മേഘങ്ങളിൽ വിത്ത് വിതച്ച് മഴ പെയ്യിക്കുന്ന ഈ രീതിയുടെ മൂന്നു ഘട്ടം വിജയകരമായി പൂർത്തിയായെന്നും നാലാം ഘട്ടം ഉടൻ ആരംഭിക്കുമെന്നും ദേശീയ കാലാവസ്ഥ വിഭാഗം സിഇഒ ഡോ. അയ്മൻ സാലിം ഗുലാം അറിയിച്ചു.
റിയാദ്, ഹായിൽ, അൽഖസീം, അസീർ, അൽബാഹ, മക്കയിലെ ഹൈറേഞ്ചുകൾ എന്നിവിടങ്ങളാണ് കൃത്രിമ മഴക്ക് തെരഞ്ഞെടുത്ത പ്രദേശങ്ങൾ. പദ്ധതി 97 ശതമാനം വിജയകരമായിരുന്നു. മൂന്നു ഘട്ടങ്ങളിലായി 3.5 ബില്യൺ ക്യുബിക് മീറ്റർ വെള്ളമാണ് ഈ പ്രവിശ്യകളിൽ ഇപ്രകാരമുണ്ടായ മഴ വഴി ലഭിച്ചത്. പദ്ധതിയുടെ ഓരോ ഘട്ടങ്ങളും പ്രത്യേക വിഭാഗം ഉദ്യോഗസ്ഥർ സസൂക്ഷ്മം നിരീക്ഷിച്ച് റിപ്പോർട്ട് തയാറാക്കുന്നുണ്ട്.
190 പ്രാവശ്യം ക്ലൗഡ് സീഡിംഗ് നടത്തി വിമാനങ്ങൾ 626.67 മണിക്കൂർ പറന്നെന്നും മേഘങ്ങളിൽ വിത്ത് വിതറാൻ 3405 ബെർണറുകൾ ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. മിഡിൽ ഈസ്റ്റ് ഗ്രീൻ ഉച്ചകോടിയുടെ ഫലങ്ങളിലൊന്നാണ് ക്ലൗഡ് സീഡിംഗ് പ്രോഗ്രാം. സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും വഴി തേടാൻ ലക്ഷ്യമിട്ടുള്ള ദേശീയ സംരംഭങ്ങളുമായി സംയോജിപ്പിക്കുന്നതിനാണ് കേന്ദ്രം ഇത് നടപ്പാക്കിവരുന്നത്.
2022 ഏപ്രിൽ 27 നാണ് ക്ലൗഡ് സീഡിംഗ് പദ്ധതിക്ക് മന്ത്രി അബ്ദുറഹ്മാൻ അൽഫദ്‌ലി തുടക്കമിട്ടത്. വരൾച്ച ലഘൂകരിച്ച് പുതിയ ജലസ്രോതസ്സുകൾ സൃഷ്ടിക്കുന്നതിനും മരുഭൂവൽക്കരണം കുറച്ച് ഹരിത പ്രദേശങ്ങൾ വികസിപ്പിക്കാനും സസ്യജാലങ്ങളെ സജീവമാക്കാനും മഴയുടെ അളവ് വർധിപ്പിക്കുക എന്ന ലക്ഷ്യമാണ് പദ്ധതി വഴി ഉദ്ദേശിക്കുന്നതെന്ന് അന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. മികച്ച പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നൽകുന്നത്.
ഏറ്റവും അത്യാധുനികമായ അഞ്ചു വിമാനങ്ങളാണ് പുതിയ കരാർ പ്രകാരം വാങ്ങുന്നത്. കൃത്രിമ മഴ പെയ്യിക്കുന്നതിന് ഇത്തരം വിമാനങ്ങളും സാങ്കേതിക വിദ്യയും സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് സൗദി അറേബ്യയെന്ന് അയ്മാൻ ഗുലാം പറഞ്ഞു.
ഗവേഷണത്തിനായി വാങ്ങുന്ന വിമാനം വായുവിൽ പറക്കുന്ന ലബോറട്ടറിയായി രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ സഞ്ചരിച്ച് കാലാവസ്ഥ സാഹചര്യങ്ങളും വായുസഞ്ചാരവും നിരീക്ഷിക്കും. ഈ വിമാനം നൽകുന്ന റിപ്പോർട്ട് അനുസരിച്ചാണ് മേഘങ്ങളിൽ ക്ലൗഡ് സീഡിംഗ് നടത്തുക. ലോകത്ത് മറ്റാർക്കും അവകാശപ്പെടാനാകാത്ത വിധം ഈ മേഖലയിൽ സൗദി അറേബ്യ മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സാങ്കേതിക വിദ്യ കൈമാറ്റം വഴി തദ്ദേശീയരായ കാഡറുകളെ പരിശീലിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച ഹരിതവത്കരണ പദ്ധതി നടപ്പാക്കുന്നതിന് കൃത്രിമ മഴ ഏറെ ഫലപ്രദമാകും. കൃത്രിമ മഴ പദ്ധതിയായ ക്ലൗഡ് സീഡിംഗ് സൗദിയിൽ നിശ്ചയിച്ച ക്രമപ്രകാരമാണ് നടക്കുന്നതെന്നും മൂന്നര ബില്യൺ ക്യുബിക് മീറ്റർ വെള്ളം ഇതുവരെ ലഭിച്ചെന്നും കൂടുതൽ മഴ ലഭിക്കുന്നതിനുളള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ഗുലാം പറഞ്ഞു.

Latest News