Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കപ്പലിലെ മയക്കുമരുന്നു ശേഖരം മൂന്നു സംഘങ്ങളുടേത്, കപ്പല്‍ മുക്കിയെന്ന് എന്‍.സി.ബി

കൊച്ചി - പുറംകടലില്‍ കപ്പലില്‍നിന്നു പിടികൂടിയ 15,000 കോടി രൂപയുടെ രാസലഹരി പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ഗ്രാമങ്ങളില്‍ കുടില്‍വ്യവസായം പോലെ പ്രവര്‍ത്തിക്കുന്ന ഡ്രഗ് ലാബുകളില്‍ നിര്‍മിച്ചതാണെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. മൂന്നു സംഘങ്ങളുടെ ലഹരിമരുന്നുകള്‍ പിടികൂടിയ കൂട്ടത്തിലുണ്ടെന്നും ഇതില്‍ പ്രധാന പങ്ക് പാക്കിസ്ഥാനിലെ ഹാജി സലിം സംഘത്തിന്റേതാണെന്നും അവര്‍ വ്യക്തമാക്കി. മയക്കുമരുന്നു കടത്തിക്കൊണ്ടുവന്ന കപ്പലില്‍ ഇതിലധികം മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്നും കപ്പല്‍ മുക്കിക്കളഞ്ഞതിനാല്‍ ഇനി അവ കണ്ടെത്താന്‍ കഴിയില്ലെന്നും എന്‍.സി.ബി വ്യക്തമാക്കി.

പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും മയക്കുമരുന്നു ശേഖരിച്ച് ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കടത്തുന്ന ഹാജി സലിം സംഘത്തിന്റെ മയക്കുമരുന്നു പാക്കറ്റുകളില്‍ തേളിന്റെ ചിഹ്നം മുദ്രണം ചെയ്തിരിക്കും. എന്‍.സി.ബി പിടികൂടിയ മയക്കുമരുന്നു ശേഖരത്തില്‍ ഒരു വലിയ പങ്ക് തേളിന്റെ ചിഹ്നം അടയാളപ്പെടുത്തിയിട്ടുള്ള ഒരു കിലോ വീതമുള്ള കണ്ടെയ്‌നറുകളിലാണ് ഭദ്രമായി പാക്ക് ചെയ്തിരിക്കുന്നത്.

മറ്റൊരു കൂട്ടം കണ്ടെയ്‌നറുകളില്‍ ബിറ്റ്‌കോയിന് സമാനമായ എംബ്ലമാണുള്ളത്. വിജയികളുടെ ചുണ്ടുകളില്‍ നിശബ്ദതയും ചിരിയുമുണ്ടാകുമെന്ന വാചകവും എംബ്ലത്തിനു ചുറ്റുമായി പ്രിന്റ് ചെയ്തിരിക്കുന്നു. മൂന്നാമത്തെ കണ്ടെയ്‌നറില്‍ മയക്കുമരുന്നു സംഘത്തിന്റെ കഥ പറഞ്ഞ വിക്രം സിനിമയിലെ പ്രശസ്തമായ വില്ലന്‍ കഥാപാത്രത്തിന്റെ ഇരട്ടപ്പേരായ റോളക്‌സ് എന്നാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. മൂന്നു സംഘങ്ങള്‍ കയറ്റി അയച്ച മയക്കുമരുന്ന് ശേഖരമാണ് പിടിച്ചെടുത്തിരിക്കുന്നതെന്നാണ് ഇതില്‍ നിന്ന് എന്‍.സി.ബി അനുമാനിക്കുന്നത്.

ശുദ്ധമായ ക്രിസ്റ്റല്‍ രൂപത്തിലുള്ള മെത്താംഫെറ്റമിന്‍ മയക്കുമരുന്നാണ് പാക്കറ്റുകളിലുള്ളത്. അല്‍പം പോലും ഈര്‍പ്പം കയറാത്ത വിധത്തില്‍ പ്രൊഷണലായാണ് ഇവ പാക്ക് ചെയ്തിരിക്കുന്നത്. ചാക്കുകള്‍ക്കുള്ളില്‍ വായു കടക്കാത്ത പ്ലാസ്റ്റിക് കവറുകളില്‍ ഓരോ കിലോ വീതമുള്ള പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലാണ് മയക്കുമരുന്ന് പാക്ക് ചെയ്തിരിക്കുന്നത്. ലോക്ക് ചെയ്യുന്ന ടിഫിന്‍ ബോക്‌സിന്റെ രൂപത്തിലുള്ള ഈ കണ്ടെയ്‌നറുകള്‍ ഓരോന്നായി പൊട്ടിച്ച് പ്രത്യേകം കവറുകളിലാക്കി തൂക്കം നോക്കുന്ന പ്രക്രിയയാണ് ഇപ്പോള്‍ വില്ലിംഗ്ടണ്‍ ഐലന്റിലെ എന്‍.സി.ബി ആസ്ഥാനത്ത് നടക്കുന്നത്. അമ്പതോളം ഉദ്യോഗസ്ഥര്‍ 24 മണിക്കൂര്‍ പരിശ്രമിച്ചാണ് മയക്കുമരുന്ന്  പാക്കറ്റ് പൊട്ടിച്ച് ചാക്കുകളിലേക്ക് മാറ്റുന്നത്. ശനിയാഴ്ച ആരംഭിച്ച ഈ പ്രക്രിയ ഇന്നലെയും പൂര്‍ത്തിയായിട്ടില്ല. ഇതു കഴിഞ്ഞാല്‍ മാത്രമെ എത്ര കിലോ മയക്കുമരുന്നാണ് ആകെയുള്ളത് എന്ന കൃത്യമായ കണക്ക് ലഭിക്കൂ.

134 ചാക്ക് മെത്താംഫെറ്റമിന്‍ ആണ് പിടികൂടിയത്. ഇതിന് 2500 കിലോ തൂക്കം പ്രാഥമികമായി കണക്കാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് ഇതിന് 15,000 കോടി രൂപ വിലയിട്ടിരിക്കുന്നത്. മുക്കിക്കളഞ്ഞ കപ്പലില്‍ എത്രത്തോളം മയക്കുമരുന്നു ചാക്കുകള്‍ അവശേഷിച്ചിരുന്നുവെന്നും ഇവ എവിടെനിന്ന് എവിടേക്ക് ആര് കയറ്റി അയച്ചതാണെന്നുമടക്കമുള്ള വിവരങ്ങള്‍ കസ്റ്റഡിയിലുള്ള പാക്കിസ്ഥാന്‍ സ്വദേശിയില്‍ നിന്ന് മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് എന്‍.സി.ബി. ഇയാളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും ലഭിക്കുന്ന വിവരമനുസരിച്ച് തുടരന്വേഷണം നടക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. കപ്പലില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ സ്പീഡ് ബോട്ടുകളില്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. മുങ്ങിയ കപ്പലിനുള്ളില്‍ എന്തൊക്കെയുണ്ടെന്ന് കണ്ടെത്തുന്നതിന് നേവിയുടെ തിരച്ചിലും പുരോഗമിക്കുന്നു.

 

 

Latest News