വന്‍ ഹിറ്റ്, കേരളത്തില്‍ വന്ദേഭാരതില്‍  ലഭ്യമായ സീറ്റിന്റെ മൂന്നിരട്ടി യാത്രക്കാര്‍ 

തിരുവനന്തപുരം- ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വന്ദേഭാരത് സര്‍വീസ് കേരളത്തിലേത്. തലസ്ഥാനത്തുനിന്ന് കാസര്‍കോട്ടേക്കുള്ള വന്ദേഭാരത് എക്സ്പ്രസിലെ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. ആകെ സീറ്റിന്റെ മൂന്നിരട്ടിയോളം യാത്രക്കാരാണ് ആവശ്യക്കാരായെത്തുന്നത്. 230 ശതമാനമാണ് സീറ്റ് ബുക്കിംഗ്. തിരുവനന്തപുരം - കാസര്‍കോട് ടിക്കറ്റിനെക്കാള്‍ കൂടുതല്‍ പേര്‍ മദ്ധ്യദൂര യാത്രകള്‍ക്കായി ബുക്ക് ചെയ്യുന്നുണ്ട്. തിരുവനന്തപുരം - എറണാകുളം ടിക്കറ്റിനാണ് ആവശ്യക്കാരേറെയുള്ളത്. വന്ദേഭാരതിന് കേരളത്തില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. ചെയര്‍കാറില്‍ ഈ മാസം 28 വരെയും എക്സിക്യുട്ടീവ് ചെയര്‍കാറില്‍ ജൂണ്‍ 16 വരെയും ബുക്കിംഗ് തീര്‍ന്നു.
തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് വരെ ചെയര്‍കാറില്‍ 1590 രൂപയും എക്‌സിക്യുട്ടീവ് ചെയര്‍കാറില്‍ 2880 രൂപയുമാണ് നിരക്ക്. നിരക്ക് കൂടുതലായിട്ടും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് വന്‍ ഡിമാന്‍ഡാണ്. പുലര്‍ച്ചെ 5.20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വന്ദേഭാരതില്‍ എക്സിക്യുട്ടീവ് ചെയര്‍കാറിനുള്ള ആവശ്യക്കാര്‍ 238ഉം ചെയര്‍ കാറിന്റേത് 215ഉം ശതമാനമാണ്. മടക്കയാത്രയില്‍ ഇത് യഥാക്രമം 235ഉം 203ഉം ശതമാനമാണ്.
ഏപ്രില്‍ 28ന് സര്‍വീസ് ആരംഭിച്ചശേഷം 60,000 പേര്‍ വന്ദേഭാരതില്‍ യാത്ര ചെയ്തതായാണ് അനൗദ്യോഗിക കണക്ക്. ആദ്യത്തെ രണ്ടാഴ്ചക്കാലം 27,000 പേരാണ് യാത്ര ചെയ്തത്. 32,000 പേര്‍ സീറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും 5000 പേര്‍ പല കാരണങ്ങളാല്‍ യാത്ര റദ്ദാക്കുകയായിരുന്നു.
 

Latest News