വിദേശ യുവതികളെ മാനഭംഗപ്പെടുത്തിയ ഷെരാട്ടന്‍ ഹോട്ടല്‍ മാനേജര്‍ അറസ്റ്റില്‍

ജയ്പൂര്‍- മെക്‌സിക്കന്‍ യുവതികളെ ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തിയ കേസില്‍ രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലെ രജപുത്താന ഷെരാട്ടന്‍ ഹോട്ടല്‍ ജനറല്‍ മാനേജര്‍ ഋഷിരാജ് സിങിനെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയും ഒമ്പതു രാഷ്ട്രങ്ങളുടെ അംബാസഡര്‍മാര്‍ പങ്കെടുക്കുന്ന ഒരു സുപ്രധാന യോഗം ഇതേ ഹോട്ടലില്‍ നടക്കുന്നതിനിടെയാണ് ബുധനാഴ്ച വൈകുന്നേരം ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഉന്നത പദവി വഹിക്കുന്നയാള്‍ രണ്ടു വനിതാ അതിഥികളെ മാനഭംഗപ്പെടുത്തിയത്. 

മെക്‌സിക്കന്‍ യുവതികളുടെ മുറിയിലേക്ക് മദ്യലഹരിയില്‍ ഋഷിരാജ് സിങ് സമ്മതമില്ലാതെ പ്രവേശിക്കുകയും യുവതികളോട് മോശമായി പെരുമാറുകയും ചെയ്യുകയായിരുന്നു. യുവതികള്‍ ഒച്ചവച്ചതോടെ ഇദ്ദേഹം മുറിയില്‍ ഇറങ്ങിയോടുകയായിരുന്നു. യുവതികള്‍ ഉടന്‍ തന്നെ മെക്‌സിക്കന്‍ എംബസിയുമായി ബന്ധപ്പെട്ട് പരാതി നല്‍കുകയായിരുന്നു. എംബസി അധികൃതര്‍ സംസ്ഥാന പോലീസ് മേധാവിക്കു പരാതി കൈമാറി. ബുധനാഴ്ച രാത്രി 11.30-നു തന്നെ പോലീസ് ഋഷിരാജ് സിങിനെ അറസ്റ്റ് ചെയ്തു. പോലീസ് എത്തിയതോടെ ഇയാള്‍ യുവതികളോട് ക്ഷമാപണം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 

ജയ്പൂര്‍ സന്ദര്‍ശനത്തിനെത്തിയ ടൂറിസ്റ്റുകളായിരുന്നു പരാതിക്കാരായ രണ്ടു മെക്‌സിക്കന്‍ യുവതികള്‍. ചൊവ്വാഴ്ചയാണ് ഷെരാട്ടനില്‍ ഇവര്‍ മുറിയെടുത്തത്. സംഭവത്തെ തുടര്‍ന്ന് ഇവരെ ന്യൂദല്‍ഹിയിലെ മെക്‌സിക്കന്‍ എംബസിയിലേക്കു മാറ്റി. സ്ത്രീകള്‍ക്ക് ഏറ്റവും അപകടം പിടിച്ച രാജ്യമാണ് ഇന്ത്യ എന്ന തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതിനു തൊട്ടുപിറകെയാണ് ഈ സംഭവമെന്നതും ഇന്ത്യയ്ക്കു നാണക്കേടായിരിക്കുകയാണ്. 


 

Latest News