Sorry, you need to enable JavaScript to visit this website.

വാസ്തുവിദ്യയുടെ വനിതാ കാഴ്ചപ്പാട്; ഫെമിനാര്‍ക്കിന് തുടക്കമായി

കൊച്ചി- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സ് (ഐ ഐ എ) കേരള ചാപ്റ്റര്‍ 'ഫെമിനാര്‍ക്ക് 23- ആള്‍ കേരള ജെന്‍ഡര്‍ മീറ്റ്'ന് തുടക്കമായി. ഐ. ഐ. എ. കേരള ചാപ്റ്ററിന്റെ ജെന്‍ഡര്‍ സെല്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫെമിനാര്‍ക്ക് കാക്കനാട് റെക്കാ ക്ലബ്ബില്‍ ഇന്ത്യയിലെ അറിയപ്പെടുന്ന വനിതാ വാസ്തുശില്‍പി ബൃന്ദാ സോമായ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. ആശാലത തമ്പുരാട്ടി എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തു. 
വാസ്തുവിദ്യയുടെ മുഖ്യധാരയില്‍ സാധാരണയായി ഇടം കണ്ടെത്താത്ത ലിംഗഭേദത്തിന്റെ കാഴ്ചപ്പാടിലൂടെ തൊഴിലിനെ കാണുകയും അതുമായി ബന്ധപ്പെട്ട ആശങ്കകളും പ്രശ്നങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് ഫെമിനാര്‍ക്കിന്റെ ലക്ഷ്യം. 

ക്ലാസ് മുറികളില്‍ 65 ശതമാനവും ആര്‍ക്കിടെക്ചറല്‍ സ്ഥാപനങ്ങളില്‍ 75 ശതമാനവും വനിതകളാണെങ്കിലും സ്ഥാപന നടത്തിപ്പില്‍ കേവലം 13 ശതമാനം മാത്രമാണ് വനിതാ പ്രാതിനിധ്യമെന്ന് ഫെമിനാര്‍ക്ക് ചൂണ്ടിക്കാട്ടി. അക്കാദമിക സ്ഥാപനങ്ങളില്‍ എട്ട് ശതമാനത്തില്‍ മാത്രമാണ് വനിതകള്‍ തലപ്പത്തുള്ളത്. എന്നാല്‍ അധ്യാപകരില്‍ 80 ശതമാനവും വനിതകളാണെന്നും സമ്മേളനം വിശദമാക്കി. 

ഇന്ത്യയില്‍ തൊഴില്‍ പങ്കാളിത്തത്തില്‍ സ്ത്രീകളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. പൊതുഇടങ്ങളെ കുറിച്ചുള്ള ഭയമാണ് പല സര്‍വേകളും സ്ത്രീകളുടെ പിന്നോട്ടു പോക്കില്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. യാത്രാ ദൂരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, വനിതാ സൗഹൃദ പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തത തുടങ്ങി നിരവധി ഘടകങ്ങള്‍ വനിതാ തൊഴില്‍ പിന്നാക്കാവസ്ഥയ്ക്ക് കാരണമായി വിശദീകരിക്കപ്പെടുന്നുണ്ട്. അത്തരം സാഹചര്യത്തില്‍ വനിതകളുടേയും ന്യൂനപക്ഷ ലിംഗങ്ങളുടേയും കാഴ്ചപ്പാടില്‍ വാസ്തുശില്‍പ വികസിപ്പിക്കുന്നതില്‍ വനിതാ ആര്‍ക്കിടെക്ടുകള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും സമ്മേളനം വിശദമാക്കി. 
കോണ്‍വെര്‍സേഷന്‍സ്, എക്‌സ്പ്രഷന്‍സ്, സെലിബ്രേഷന്‍സ് എന്നിങ്ങനെ മൂന്നു ഭാഗങ്ങളായാണ് ഫെമിനാര്‍ക്ക് സംഘടിപ്പിച്ചിരിക്കുന്നത്.  

ബൃന്ദാ സോമായ മുഖ്യപ്രഭാഷണം നടത്തി. അധ്യാപികയും എഴുത്തുകാരിയും വാസ്തുവിദ്യയിലെ വനിതാ പങ്കാളിത്തത്തെ കുറിച്ചുള്ള പ്രഭാഷകയുമായ ആര്‍ മാധവി ദേശായി വിശിഷ്ടാതിഥിയായിരുന്നു. 

ഉദ്ഘാടന ചടങ്ങില്‍ മോണോലിത ചാറ്റര്‍ജി, ഐ ഐ എ ദേശീയ കൗണ്‍സില്‍ അംഗങ്ങളായ ആസ്മി വാദ്യ, ലാലച്ചന്‍ സക്കറിയ, ഐ. ഐ. എ. കേരള ചാപ്റ്റര്‍ പ്രസിഡന്റ് എല്‍ ഗോപകുമാര്‍, ലത രാമന്‍ എന്നിവര്‍ പങ്കെടുത്തു.

Latest News