ക്യാമറ കള്ളം പറയില്ല എന്നൊരു വിശ്വാസമുണ്ട്. എ.ഐ ക്യാമറയും അരിക്കൊമ്പനുമൊക്കെ ചർച്ച ചെയ്യാനുള്ളതല്ല, സംഘടന. എന്നാൽ കോൺഗ്രസിന്റെ എ-ഐ വേണമെങ്കിൽ വിഷയമാക്കാം. പ്രസാഡിയോ-കെൽട്രോൺ എന്നൊക്കെ പറഞ്ഞ് അഴിമതിക്കണക്കുകൾ നിരത്തുമ്പോൾ ചെന്നിത്തല കിഴക്കോട്ടും സതീശനാശാൻ പടിഞ്ഞാറോട്ടുമാണ്. സ്വന്തം പാർട്ടിയുടെ ഒരു കണക്കും ഇന്നുവരെ ശരിക്കും അവതരിപ്പിച്ചു പാസാക്കിയ ശീലം ഇല്ലാതെ പോയതിന്റെ ഫലം! എന്നാൽ എ.കെ.ജി സെന്ററിൽ സംസ്ഥാന (ഭരണത്തിന്റെയും കൂടി) സെക്രട്ടറിയേറ്റ് ചേരുന്നിടത്ത് ടി ചർച്ചകൾ വേണ്ട. പല കുഴിമാടങ്ങളും അലമാരകളും തുറന്നു നോക്കേണ്ടിവരും; പല അസ്ഥികൂടങ്ങളും പുറത്തേക്കു ചാടും! കൊച്ചിയിലും ഷൊർണൂരിലും കായംകുളത്തുമൊക്കെ വേണ്ടുവോളമുണ്ട് വിഷയങ്ങൾ. സി.സി.ടി.വി ക്യാമറ ആദ്യം കൊച്ചിയിലെ ഓഫീസിൽ 'ഫിറ്റ്' ചെയ്യണമെന്നു നിർദേശം ഉണ്ടായതുമാണ്. അതിന്റെ കൺട്രോൾ തലസ്ഥാനത്തെ സെന്റർ ആണെന്നറിഞ്ഞതോടെയാണ് പിൻവലിച്ചത്. രോമാഞ്ചം സംസ്ഥാന സഖാക്കൾക്കും ഒന്നുപോലെ ലഭ്യമാകണം; അല്ലെങ്കിൽ വേണ്ട; അത്ര തന്നെ. ഓരോ മണ്ഡലം കമ്മിറ്റി ഓഫീസിലും ക്യാമറ ആയിക്കോട്ടെ. അതു കഴിഞ്ഞാണ് റോഡപകടങ്ങൾ കുറയ്ക്കാൻ ടി സാധാനം ഫിറ്റ് ചെയ്യേണ്ടത്. അതൊക്കെ ഗൗരവപൂർവം സ്വന്തം മുറികളിലിരുന്ന് ചർച്ച ചെയ്തിട്ടാണ് ക്യാമറ വിവാദം സംസ്ഥാന സെക്രട്ടറിയേറ്റ് കൈകൊണ്ടു തൊടേണ്ടതില്ലെന്നു തീരുമാനിച്ചത്. എന്നാൽ പ്രശ്‌നത്തെ പ്രതിരോധിക്കും. 'പ്രസാഡിയോ' ആണോ 'കെൽട്രോൺ' ആണോ എന്ന ചോദ്യമില്ല. ചർച്ച ചെയ്യാതെ പ്രതിരോധിക്കും എന്നാൽ നൂറു ശതമാനം വിശ്വാസം എന്നാണ് മലയാളം. ഇതിന് മുമ്പ് 'പാമ്പൻ പാലത്തിന്റെ ഉറപ്പിന്' ഏതോ ഒരു സിമന്റ് കമ്പനിയുടെ കാര്യത്തിലായിരുന്നു ഇത്രയധികം ഉറപ്പ് അനുഭവപ്പെട്ടത്; പകരം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പരജായം, പാലക്കാട്ടും ആലപ്പുഴയിലും വരട്ടു ചൊറി പോലെ കാണപ്പെടുന്ന വിഭാഗീയ പ്രശ്‌നങ്ങൾ എന്നിവയാകും ചർച്ച ചെയ്യിക്കുക. 'അതുകൊണ്ടരിശം തീരാതെ വന്നാൽ' 2021 ലെ പരാജയപ്പെട്ട മൊത്തം മണ്ഡലങ്ങളെ എടുത്തു കൈകാര്യം ചെയ്യും. പാലക്കാട്, ആലപ്പുഴ വിഭാഗീയത ചർച്ച ചെയ്യുന്നത് അതിന്റെ സുഖം കൊണ്ടു മാത്രമാണ്. 'എള്ളു കൊറിച്ചാൽ എള്ളോളം' എന്നു പറഞ്ഞ മാതിരി വരട്ടു ചൊറിയിന്മേൽ ഉരസുന്നത് രസമുള്ള പണി തന്നെയാണ്. അടുത്ത തെരഞ്ഞെടുപ്പു വരെ ചൊറിയാനുള്ള ധാരാളം പരാജയങ്ങൾ ഭാഗ്യവശാൽ സ്റ്റോക്കുണ്ട്. നമുക്ക് അരിക്കൊമ്പനെയും മറ്റും വെറുതെ വിടുന്നതാണ് ബുദ്ധി.
*** *** ***
'ഒന്നു ചീഞ്ഞാൽ മറ്റൊന്നിനു വളം' എന്ന ചൊല്ല് ആംഗലക്കാർ പണ്ടേ തിരിച്ചാണ് പ്രയോഗിച്ചത്. 'ഒരുവന്റെ അന്നം മറ്റൊരുത്തന് കാളകൂടം! ച്ചാൽ, വിഷം! അരിക്കൊമ്പൻ എന്ന ആഹാരപ്രേമിയെ തുരത്തിയത് എത്ര ലക്ഷങ്ങൾ മുടക്കിയിട്ടാണെന്ന കണക്ക് ഇനിയും പുറത്തു വരാനിക്കുന്നതേയുള്ളൂ. ഇടതു സർക്കാർ അവതരിപ്പിക്കുന്നതാകുമ്പോൾ! അതിന്റെ പകുതി മാത്രമേ പ്രതിപക്ഷവും പൊതുജനവും വിശ്വസിക്കാനിടയുള്ളൂ. അത്രത്തോളമുണ്ട് നമ്മുടെ സർക്കാരിന്റെ വിശ്വാസ്യത. അരിക്കൊമ്പനെ നാടുകടത്തിയെന്നതു നേര്. പക്ഷേ, തമിഴ്‌നാട്ടിലെ അണ്ണാച്ചിമാരുടെ ഭൂമിയിലിറങ്ങിയാണ് ലീലാ വിലാസമെങ്കിൽ കളി മാറും. ഒരു മുല്ലപ്പെരിയാറിന്റെ വിലാപം ഏതാണ്ട് പകുതി തോർന്ന മഴയുടെ കണക്കാണ്. വല്ല 'വൈക്കോ'യും ഒന്നു മനസ്സിരുത്തിയാൽ വീണ്ടും പേമാരി തുടങ്ങാവുന്നതേയുള്ളൂ. അപ്പോഴാണ് അരിക്കൊമ്പൻ അതിർത്തി കടന്ന് പ്രഭാത സായാഹ്ന സവാരികൾ നടത്തുന്നത്. അരി, പലചരക്കു കച്ചവടക്കാരെ അന്വേഷിച്ചു നടക്കുന്നതിനിടയിൽ മറ്റൊരിടത്ത് അതേ കൊമ്പനെത്തന്നെ കണ്ടതായി അണ്ണാച്ചിമാർ വിളിച്ചുകൂവാൻ മടിക്കില്ല. ചുരുക്കത്തിൽ ഒരേ സമയം നാലിടത്തു പ്രത്യക്ഷപ്പെടാൻ കഴിവുള്ള അദ്ഭുത സിദ്ധനായി മിസ്റ്റർ കൊമ്പൻ മാറാനുള്ള സാധ്യത ഇങ്ങടുത്ത് എത്തിയിരിക്കുന്നു. ചക്കക്കൊമ്പനും മറ്റു പരിവാരങ്ങളും കൂടി ഇറങ്ങിയാൽ പിന്നെ 'കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടി' വരില്ല. അതു മാത്രമല്ല. ജന്മനാ തനി വെജിറ്റേറിയനായ ഗജവീരൻ മാങ്ങ, അത്തിപ്പഴം, കൈതച്ചക്ക എന്നിവയിലൊക്കെ കണ്ണുവെച്ചേക്കും. അങ്ങനെ പുതിയ സ്ഥാനപ്പേരുകൾ കൂടി നേടി അവയൊക്കെ വിരാജിക്കും. വേനൽചൂട് ഈ നിലയ്ക്കു തുടർന്നാൽ തമിഴ്‌നാടെന്നോ കേരളമെന്നോ ഉള്ള ഭേദമില്ലാതെ തന്നെ കിണറ്റിലും കുളത്തിലുമൊക്കെ ഇറങ്ങി ജലക്രീഡ നടത്താനും സാധ്യത. ഫുട്‌ബോൾ ഇതിഹാസം പെലെയെപ്പോലെ, തമിഴ്താര വിജയ് പോലെ എന്തിനറെ, നമ്മുടെ ലാലേട്ടനെയും മമ്മൂക്കയെയും പോലെ, നമ്മുടെ പ്രിയപ്പെട്ട ആനക്കൊമ്പന്മാരുട പേരിൽ ഫാൻസ് അസോസിയേഷനുകൾ രൂപം കൊള്ളുന്ന കാലവും വരും. മഴയെത്തും മുമ്പേ കുട പിടിക്കുന്നതു ശരിയല്ലെങ്കിലും ഒരു കരുതൽ നല്ലതാണ്; കർണാടകത്തിലെ തെരഞ്ഞെടുപ്പു വാർത്തകൾ കാണുമ്പോൾ പ്രത്യേകിച്ചും!
കോൺഗ്രസും ബി.ജെ.പിയും മത്സരിച്ച് ഓടുന്ന രംഗം തന്നെ കാണുക. ഇഞ്ചോടിഞ്ചാണ് മത്സരം. ഇടയ്ക്ക് കൈകാലുകൾ കൊണ്ടു ചതി പ്രയോഗം വല്ലതുമുണ്ടോ എന്നും ശ്രദ്ധിക്കണം. ഇല്ല; അണികൾക്കു അതിനുള്ള ഭാഗ്യമില്ല. 'അവയവ നഷ്ടം' സംഭവിച്ചിരുന്നെങ്കിൽ നല്ലൊരു തുക തെരഞ്ഞെടുപ്പു ഫണ്ടിൽ നിന്നും രായ്ക്കുരാമനം അടിച്ചുമാറ്റാമായിരുന്നു. കാലം മാറിപ്പോയി. ഇപ്പോൾ സമുദായം തിരിഞ്ഞാണ് പന്തുകളി. ലിംഗായത്തുകൾ എത്ര ശതമാനം 'നമുക്ക് വോട്ട് ചെയ്യും? വൊക്കലിഗ വർഗം കാലുമാറിയോ? തിരിച്ചു പിടിക്കാൻ എത്ര കോടി? ന്യൂനപക്ഷമായ 'ഖമ്മ' ആരുടെ കൂടെ? വനിത സ്ഥാനാർഥികൾ പ്രസംഗിക്കുമ്പോൾ എത്ര ശതമാനം തീപ്പൊരിയും തെറിയും വാരി വിതറുന്നുണ്ട്? ഇത്യാദി നവീന തന്ത്രങ്ങളാൽ കർണാടകം മൊത്തം രോമാഞ്ചം കൊണ്ട് സർവരോമങ്ങളും വിജ്രംഭിച്ചു നിൽപാണ്. അവിടെ പാർട്ടി 'അണി'കളുടെ ആവശ്യം തന്നെയില്ല എന്നു ഭാവിയിൽ പാർട്ടി 'അണി'കളുടെ ആവശ്യം തന്നെയില്ല എന്നു കാര്യങ്ങൾ പുരോഗമിക്കാം. കൊടി ഉയർത്താൻ മാത്രം കുറച്ചുപേർ മതിയാകും. അതിലേക്കു തന്നെയാണ് കേരളത്തിന്റെയും പോക്ക്; ജാതി മത കൊമ്പന്മാർ മതിയാകും.
*** *** ***
മലയാള സിനിമയുടെ സെറ്റുകളിൽ ഇനി 'ഷാഡോ പോലീസ്' കൂടി ഉണ്ടാകുമത്രേ! നിർമാണച്ചെലവ് ഇനിയും കൂടുമെന്ന കാര്യം ഉറപ്പ്. പഴയ സൂപ്പർ താരം ജയന്റെ കാലം മുതൽക്കേ, അനുകരണ ഭ്രാന്ത് മൂത്ത ചില 'ഡമ്മി'കൾ പോലീസ് സേനയിലുണ്ട്. 'എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെ' മമ്മൂട്ടി- മോഹൻലാൽ-സുരേഷ് ഗോപിമാർ 'കാക്കി'യണിഞ്ഞതോടെ സംസ്ഥാന പോലീസ് സേനയിലും അതിന്റെ പ്രതിഫലനം കണ്ടു. ചില ന്യൂജെൻ 'കാക്കി'ക്കാർ നിവിൻ പോളിയെയും മറ്റും 'റോൾ മോഡലാക്കി'യെങ്കിലും ഫലം കണ്ടില്ല. വകുപ്പിൽ നിന്നും എത്തുന്ന 'ഷാഡോ പോലീസ്' അനാവശ്യമായി താരങ്ങളുടെ 'കാരവനിലും' ഹോട്ടൽ മുറിയിലും കൈ കടത്താതിരുന്നാൽ അവർക്കു നല്ലത്. ലാറ്റക്‌സിന്റെ ഏറ്റവും പുതിയ ഉൽപന്നങ്ങൾ തടഞ്ഞെന്നുവരും. അതിന് ഒരു വകുപ്പും ചാർത്തി കേസെടുക്കാൻ കഴിയില്ല; സിനിമ രംഗം സ്തംഭിക്കും. ഒ.ടി.ടി പ്രദർശനക്കാലമായതോടെ 'പണ്ടേ ദുർബല' പോരാഞ്ഞിട്ടു ഗർഭിണിയും' എന്നതാണ് ശരാശരി സിനിമാകാലാവസ്ഥ. സൂക്ഷിക്കണം. 'വെളുക്കാൻ തേച്ചതു പാണ്ടാകരുത്'. പുതിയ 'കേരള സ്റ്റോറി'കളുടെ കാലമാണ്.






