യുവ ഡോക്ടറുടെ കൊലയ്ക്കിടയിൽ ആരോഗ്യ മന്ത്രിയുടെ 'ഹിംസ'

'ഈ മോൾ ഒരു ഹൗസ് സർജൻ ആണ്. അത്ര എക്‌സ്പീരിയൻസ്ഡ് അല്ല, അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോൾ ഭയന്നു' കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് എന്ന യുവ ആരോഗ്യ പ്രവർത്തക അരുംകൊല ചെയ്യപ്പെട്ടപ്പോൾ സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജിൽനിന്നും പുറത്തുവന്ന വാക്കുകളാണിത്. ഇത് വെറും നാക്കുപിഴയായി അവഗണിക്കാമോ?
സ്വന്തം തൊഴിലിടത്തിൽ പോലും ആരോഗ്യ സുരക്ഷ നിഷേധിക്കപ്പെട്ട ഒരു ഡോക്ടറെക്കുറിച്ച് ആരോഗ്യ മന്ത്രി നടത്തിയ വാക്കുകൾ എന്തു മാത്രം നിരുത്തരവാദപരമാണ്. ഈ സമയത്തു പോലും കൊലപാതകിക്കും തങ്ങളുടെ മൂക്കിനു താഴെയുള്ള പോലീസ് ഏമാൻമാരുടെയും കൃത്യവിലോപങ്ങൾക്കു നേരേ വിരൽ ചൂണ്ടി കർക്കശ നടപടി സ്വീകരിക്കേണ്ട ആരോഗ്യ മന്ത്രി, അക്രമിയാൽ ജീവൻ ഹോമിക്കപ്പെട്ട ഡോക്ടറുടെ എക്‌സ്പീരിയൻസിനെ പഴിചാരിയ സ്ഥിതി ആരെയും ഞെട്ടിക്കേണ്ടതാണ്! സംസ്ഥാനത്തെ ആരോഗ്യ മേഖലയെ തീർത്തും അനാരോഗ്യ മേഖലയാക്കുന്നതിൽ ഭരണകൂടത്തിനുള്ള പിടിപ്പുകേടിന്റെ മറ്റൊരു വശമാണ് വകുപ്പ് മന്ത്രിയുടെ ലജ്ജാകരമായ ഈ പ്രസ്താവന.
 ഡോക്ടർമാർക്കു നേരെയുള്ള ആക്രമണം പുത്തരിയല്ല. തൊഴിലിടത്തിൽ ആരോഗ്യ പ്രവർത്തകർ പലവിധത്തിലുള്ള ആക്രമണങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഓരോ സമയവും ഇത് ഒന്നോ രണ്ടോ ദിവസം വാർത്തയാകുന്നു. 
അത് കഴിഞ്ഞാൽ അടുത്ത ഇരകളെ തേടി മാധ്യമങ്ങൾ വഴിമാറുന്നതോടെ പ്രശ്‌നങ്ങൾ വീണ്ടും തല പൊക്കുമ്പോൾ മാത്രമാണ് നമുക്ക് വിഷയമാകുന്നത്. ആരോഗ്യ വകുപ്പ് പോലും ഇക്കാര്യത്തിൽ ഒട്ടും ആത്മാർത്ഥതയില്ലാത്ത സമീപനം തുടരുമ്പോൾ ഡോ. വന്ദന ദാസിനുണ്ടായതു പോലുള്ള അപായ മണി ആരോഗ്യ പ്രവർത്തകരുടെ തലക്കു മുകളിൽ ഏത് നിമിഷവുമെന്നോണം തൂങ്ങിക്കിടക്കുകയാണ്.
  ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനത്തെ എത്ര തന്നെ പ്രശംസിച്ചാലും മതിവരില്ല. ആ നിലയ്ക്ക് അവർ എല്ലാ അർത്ഥത്തിലും ജനങ്ങളുടെ രക്ഷകരുമാണ്. പക്ഷേ, എന്നിട്ടും ഈ ആരോഗ്യ പ്രവർത്തകരുടെ തൊഴിൽ ആരോഗ്യ സുരക്ഷിതത്വമില്ലായ്മ നാൾക്കുനാൾ വർധിച്ച് സാമൂഹ്യ പ്രശ്‌നമായി മാറുന്നത് ഗുരുതര ചികിത്സ അർഹിക്കുന്ന വിഷയമാണ്. മാനസിക രോഗികൾ, മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിപ്പെട്ടവർ, ഇതൊന്നുമില്ലാത്ത നല്ല ബുദ്ധിയും വിവേകവുമുള്ളവർ, രോഗികളുടെ ബന്ധുക്കൾ, നാട്ടുകാർ, പ്രകോപിതരായ ജനക്കൂട്ടം എന്നിവരിൽ നിന്നെല്ലാം ചികിത്സാപ്പിഴവ് ഉൾപ്പെടെ പലതും ആരോപിച്ചുള്ള ആക്രമണങ്ങളും പോലീസിന്റെ നിഷ്‌ക്രിയത്വവും ആരോഗ്യ മേഖലയിൽ സ്ഥിരം പരിപാടിയായി തുടരുകയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ, തൊഴിലിടത്തിൽ ആക്രമിക്കപ്പെട്ട ഡോക്ടർമാരുടെ എണ്ണം 200 ൽ അധികമാണ്. സ്വന്തം ജീവൻ പോലും പണയം വെച്ച് ഒ.പി മുതൽ ഓപറേഷൻ തിയേറ്റർ വരെയുള്ള ഇടങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യ സുരക്ഷയെക്കുറിച്ച്  സർക്കാരിനോട് വീണ്ടും വീണ്ടും ഓർമിപ്പിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? വിവിധ സംഭവങ്ങളിൽ  കുറെ അന്വേഷണ പ്രഹസനങ്ങളല്ലാതെ, കുറ്റകൃത്യം ആവർത്തിക്കാതിരിക്കാൻ കുറ്റമറ്റ ഒരു സംവിധാനം ഇല്ലാതെ വരുന്നത് എന്തുകൊണ്ടാണ്?
ആരോഗ്യ പ്രവർത്തകരിൽനിന്നും ആശുപത്രി അധികൃതരിൽനിന്നും ചികിത്സക്കെത്തുന്നവർക്കുണ്ടാകുന്ന ദുരനുഭവങ്ങളിലും ഏറെക്കുറെ ഇങ്ങനെയൊക്കെ തന്നെയാണ് നടപടികൾ പൊതുവിൽ ഉണ്ടാകാറുള്ളത്. എന്തുകൊണ്ടാണിത് ഇങ്ങനെ തുടരുന്നതെന്ന് വൈകിയെങ്കിലും ഭരണകൂടം ഉത്തരം പറയേണ്ടതതാണ്.
ലഹരി മാഫിയയും ഗുണ്ട സംഘങ്ങളുമെല്ലാം കേരളത്തെ വരിഞ്ഞുമുറുക്കുകയാണ്. ആരും എവിടെ വെച്ചും എങ്ങനെയും ഏത് നിമിഷവും ആക്രമിക്കപ്പെടാം എന്നതാണ് സ്ഥിതി. ആശുപത്രികളിൽ മറ്റുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ഡോക്ടർമാർക്കു പോലും രക്ഷയില്ലെന്നു വന്നാൽ പിന്നെ എന്തായിരിക്കും സംസ്ഥാനത്തെ സാധാരണക്കാരുടെ ആരോഗ്യ സ്ഥിതി! സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുണ്ടാകുന്ന ആക്രമണങ്ങൾക്കും പീഡനങ്ങൾക്കും കൈയുംകണക്കുമില്ല. 
ഇതെല്ലാം ഒറ്റപ്പെട്ട സംഭവമായി വ്യാഖ്യാനിച്ച് വിഷയത്തിന്റെ മർമത്തിൽനിന്നും വിദഗ്ധമായി തലയൂരാനാണ് പലപ്പോഴും ഭരണാധികാരികൾ ശ്രമിക്കാറുള്ളത്. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ സംസ്ഥാന അഭ്യന്തര വകുപ്പും പോലീസ് സേനയും ശക്തമായ നടപടി സ്വീകരിക്കാൻ എന്തുകൊണ്ടാണ് അറച്ചുനിൽക്കുന്നത്? ചോദ്യം ഉയർത്താൻ എളുപ്പമാണ്. പക്ഷേ, അതിനുള്ള മറുപടി നൽകാൻ തങ്ങൾക്കു ബാധ്യതയില്ലെന്ന മട്ടിലാണ് തുടർ പ്രവർത്തനങ്ങൾ. അതല്ലെങ്കിൽ എല്ലാം രാഷ്ട്രീയ പ്രേരിതമായി എഴുതിത്തള്ളി മുഖം രക്ഷിക്കാനാണ് ഇത്തരക്കാരുടെ ശ്രമം. ഇതാണോ യഥാർത്ഥത്തിൽ ഒരു ഭരണകൂടം ചെയ്യേണ്ടത്. സംസ്ഥാനത്തെ ഓരോ പൗരന്റെയും ജീവനും സ്വത്തും അവന്റെ തൊഴിലിടവും സംരക്ഷിക്കാൻ ബാധ്യതയുള്ള സർക്കാരിന് ക്രിമിനലുകളെ നിലക്കുനിർത്താൻ സാധിക്കേണ്ടതുണ്ട്.
 ആശുപത്രി സംരക്ഷണ നിയമവും അത് കർശനമായി പാലിക്കണമെന്നുള്ള ഹൈക്കോടതി നിർദേശങ്ങളും അടക്കം നിലവിലിരിക്കേയാണ് ഓരോ ആക്രമണങ്ങളും സംസ്ഥാനത്ത് അരങ്ങേറുന്നത്. ആരോഗ്യ പ്രവർത്തകരും ആശുപത്രികളും നിരന്തരമായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യ കേന്ദ്രങ്ങളെ പ്രത്യേക സുരക്ഷ മേഖലകളാക്കി പ്രഖ്യാപിക്കണമെന്ന് ഐ.എം.എ നാളുകളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങളാകെ ഭയവിഹ്വാലരായി കഴിയുന്ന സങ്കീർണമായ വിവിധ ഘട്ടങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് അവരുടെ ജീവൻ അപകടത്തിലാണെന്നു വന്നാൽ പിന്നെ എങ്ങനെയാണ് തങ്ങളെ സമീപിക്കുന്നവരെ പൂർണമായി വിശ്വാസത്തിലെടുത്ത് ചികിത്സ നൽകാൻ സാധിക്കുകയെന്ന കാര്യം വളരെ ഗൗരവപൂർവം പരിഗണിക്കേണ്ടിയിരിക്കുന്നു. 
അതിനാൽ അവരുടെ ആത്മവീര്യം ചോർത്തുന്ന നടപടികൾ ഇല്ലാതാക്കാനും തൊഴിൽപരമായ സുരക്ഷ ഉറപ്പാക്കാനും സർക്കാർ നടപടി സ്വീകരിച്ചേ മതിയാകൂ.
ആയതിനാൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായും നിർഭയമായും ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ അടിയന്തര കർത്തവ്യമാണ്. ഇതിൽ വീഴ്ച വരുത്തുന്നത് സംസ്ഥാനത്തിന്റെ ആരോഗ്യ രംഗത്ത് ഗുരുതര പ്രത്യാഘാതമാണ് ക്ഷണിച്ചുവരുത്തുക. അതിനാൽ വൈകിയെങ്കിലും സർക്കാർ കൂടുതൽ ഉണർന്നു പ്രവർത്തിച്ച് തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണ്ടതുണ്ട്. 
അതല്ലാതെ, സർക്കാർ സംവിധാനങ്ങളുടെ പിടിപ്പുകേടുകൾ മറയാക്കി ഇനിയും ആരോഗ്യ പ്രവർത്തകരുടെ ജീവൻ പരീക്ഷിക്കരുത്.

Latest News