കര്‍ണാടകയില്‍ വോട്ടെണ്ണല്‍ രാവിലെ എട്ടിന് തുടങ്ങും; കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കം

ബംഗളൂരു-കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം ശനിയാഴ്ച പ്രഖ്യാപിക്കാനിരിക്കേ വിജയം ഉറപ്പാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ തിരക്കിട്ട കൂടിയാലോചനകളില്‍. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും മുഖ്യമന്ത്രി പദം ഉറപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇരുവരും തമ്മിലുളള മത്സരം കണക്കിലെടുത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരാൾ ആദ്യമെന്ന  50:50 ഫോര്‍മുലയുമായാണ് ഹൈക്കമാന്‍ഡ് രംഗത്തുള്ളത്.
അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കാനാണ് പാര്‍ട്ടി ഹൈക്കമാന്‍ഡ് 50:50 ഫോര്‍മുല കൊണ്ടുവന്നിരിക്കുന്നത്. പാര്‍ട്ടിയുടെ ചുമതലയുള്ളയാള്‍ക്ക് അധികാരം നല്‍കുന്നതാണ് പൊതുവെ കോണ്‍ഗ്രസിന്റെ പാരമ്പര്യമെങ്കിലും സിദ്ധരാമയ്യയുടെ പേരില്‍ ഇത്തവണ അത് ഒഴിവാക്കപ്പെടുകയാണ്. സംസ്ഥാനത്തുടനീളം തെരഞ്ഞെടുക്കാന്‍ സാധ്യതയുള്ള എം.എല്‍.എമാരുടെ പിന്തുണ നേടുന്ന തിരക്കിലാണ് സിദ്ധരാമയ്യ, ശിവകുമാര്‍ ക്യാമ്പുകള്‍. അതിനിടെ, മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ദളിത് നേതാവുമായ ജി. പരമേശ്വര എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ബംഗളൂരുവിലെ വസതിയില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ഖാര്‍ഗെയുമായി താന്‍ ഒന്നും സംസാരിച്ചിട്ടില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം പരമേശ്വര അവകാശപ്പെട്ടു. ഈ വിഷയത്തില്‍ എന്തെങ്കിലും പറഞ്ഞ് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഭാവി മുഖ്യമന്ത്രി ആരാകണമെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലിംഗായത്ത് സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ലിംഗായത്ത് മുഖ്യമന്ത്രിക്കു വേണ്ടി അവകാശവാദമുന്നയിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷാമനുരു ശിവശങ്കരപ്പ പറഞ്ഞു. ലിംഗായത്ത് സമുദായ സ്ഥാനാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് 51 ടിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ മത്സരം നടന്ന സംസ്ഥാനത്ത് തൂക്കുസഭക്ക് സാധ്യതയുള്ളതിനാല്‍ ഫലം അറിയാന്‍ ജെ.ഡി.എസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ശ്വാസമടക്കി കാത്തിരിക്കുകയാണ്.
ബി.ജെ.പിയുടെ മുഖ്യമന്ത്രി ബാസവരാജ് ബൊമ്മെ, കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍, ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി തുടങ്ങി മുന്‍നിര നേതാക്കളുടെ ഭാഗ്യമാണ് ഇന്ന് അറിയാനിരിക്കുന്നത്. 36 കേന്ദ്രങ്ങളിലായി രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചക്കു മുമ്പു തന്നെ ഫലത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പരിസരങ്ങളിലും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വിപുലമായ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 224 അംഗ അസംബ്ലിയിലേക്ക് മെയ് പത്തിന് നടന്ന വോട്ടെടുപ്പില്‍ 73.19 ശതമാനമായിരുന്നു പോളിംഗ്. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ കടുത്ത മത്സരമാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. ഭൂരിഭാഗം സര്‍വേയിലും ഭരണകക്ഷിയായ ബി.ജെ.പിയേക്കാള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കിയിട്ടുണ്ടെങ്കിലും തൂക്കുസഭക്കുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

 

Latest News