വാഷിംഗ്ടണ്‍- യു. എസില്‍ സമയപരിധിക്ക് മുമ്പായി പരിധി ഉയര്‍ത്തുകയോ മറ്റെന്തെങ്കിലും നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഐ. എം. എഫിന്റെ മുന്നറിയിപ്പ്. യു. എസിന് കടബാധ്യത ഉണ്ടായാല്‍ അമേരിക്കയ്ക്ക് മാത്രമല്ല ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് തങ്ങളുടെ വിലയിരുത്തലെന്നും ഐ. എം. എഫ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജൂലി കൊസാക്ക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് എല്ലാ കക്ഷികളോടും അഭ്യര്‍ഥിച്ച ഐ. എം. എഫ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി ആഘാതങ്ങള്‍ ബാധിച്ച ലോകത്തിന് പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും മുന്നറിയിപ്പ് നല്‍കി.
കടത്തിന്റെ പരിധിയുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും കടുത്ത ഭിന്നതയാണ് തുടരുന്നത്. നിലവിലുള്ള ബില്ലുകള്‍ അടയ്ക്കാന്‍ രാജ്യത്തിന് പണമില്ലാതെ വരുന്നതിന് മുമ്പ് പരിധി ഉയര്‍ത്തുന്നതിനുള്ള പിന്തുണയ്ക്ക് പകരമായി പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടം ഗണ്യമായ ബജറ്റ് വെട്ടിക്കുറയ്ക്കല്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍മാര്‍ ആവശ്യപ്പെട്ടു.
ഡെമോക്രാറ്റുകളാകട്ടെ കടമെടുക്കല്‍ പരിധി വര്‍ധിപ്പിക്കാനാണ് ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷത്തെ മിഡ്ടേം തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയില്‍ നേരിയ ഭൂരിപക്ഷം സ്വന്തമാക്കിയ റിപ്പബ്ലിക്കന്‍മാര്‍ തങ്ങളുടെ പിന്തുണയ്ക്ക് പകരമായി യു. എസ് കടം പരിഹരിക്കണമെന്നാണ് ഇന്‍കമിംഗ് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിക്ക് മുമ്പില്‍ നിര്‍ദ്ദേശംവെച്ചത്.
എന്നാല്‍ കടത്തിന്റെ പരിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബൈഡന്‍ ഭരണകൂടം വിസമ്മതിക്കുകയായിരുന്നു. ഇതോടെ ബാധ്യതകള്‍ തീര്‍ക്കാന്‍ യു. എസിന് പണം ലഭ്യമാകാതെ വരുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് തര്‍ക്കം ഉടലെടുത്തു.