തിരുവനന്തപുരം- മോഖ ചുഴലിക്കാറ്റ് അതിതീവ്രമായതിനെ തുടർന്ന് തമിഴ്‌നാടുൾപ്പെടെയുള്ള കിഴക്കൻ തീരസംസ്ഥാനങ്ങളിലും ആൻഡമാൻ തീരത്തും കാലാവസ്ഥാ വകുപ്പ് അതീവജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധനത്തിനും കപ്പൽയാത്രയ്ക്കും വിനോദ സഞ്ചാരത്തിനും വിലക്ക് ഏർപ്പെടുത്തി.
മോഖയുടെ സ്വാധീനത്തിൽ വരുന്ന മൂന്നുദിവസം കേരളത്തിൽ പരക്കെ മഴകിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത മോഖ ചുഴലിക്കാറ്റ് അതിതീവ്രമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്, ശ്രീലങ്ക, ആൻഡമാൻ തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ്.
കേരള അതിർത്തിയോട് ചേർന്ന കുളച്ചൽതീരം മുതൽ ഈ നിയന്ത്രണം നിലവിലുണ്ട്. ബംഗാൾ ഉൾക്കടലിലുള്ള മത്സ്യബന്ധന ബോട്ടുകളോടും കപ്പലുകളോടും ഏറ്റവും അടുത്ത തീരത്തേക്ക് മടങ്ങാൻ നിർദേശം നൽകി. മണിക്കൂറിൽ 175 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്.






