Sorry, you need to enable JavaScript to visit this website.

കേരള സ്‌റ്റോറിക്ക് നിരോധനം; തമിഴ്‌നാട്, ബംഗാൾ സർക്കാരുകളോട് വിശദീകരണം തേടി

ന്യൂദൽഹി- ദി കേരള സ്‌റ്റോറിക്ക് നിരോധിച്ചതിൽ പശ്ചിമ ബംഗാൾ, തമിഴ്‌നാട് സർക്കാരുകളോട് വിശദീകരണം തേടി സുപ്രീംകോടതി. ചിത്രം നിരോധിച്ച ബംഗാൾ സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് ചിത്രത്തിന്റെ നിർമ്മാതാക്കൾ സമർപ്പിച്ച ഹർജിയിലാണ് നടപടി. രാജ്യത്തിന്റെ എല്ലാ ഭാഗത്തും പ്രദർശിപ്പിക്കുമ്പോൾ ബംഗാൾ സർക്കാർ ചിത്രം നിരോധിച്ചതിന്റെ യുക്തി എന്താണെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റീസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. കേസ് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി വെച്ചു.
    രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമല്ല. മറ്റെല്ലായിടത്തും ഇത് പ്രദർശിപ്പിക്കാൻ കഴിയുമെങ്കിൽ, പശ്ചിമ ബംഗാൾ സംസ്ഥാനം എന്തിന് സിനിമ നിരോധിക്കണം? സിനിമ നല്ലതല്ല എന്ന് തോന്നുകയാണെങ്കിൽ ആളുകൾ അത് കാണില്ല ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ് നിരീക്ഷിച്ചു.
    തമിഴ്നാട്ടിൽ ചിത്രത്തിന് 'ഷാഡോ ബാൻ' ഏർപ്പെടുത്തിയിരിക്കുകയാണെന്ന് സൺഷൈൻ പ്രൊഡക്ഷൻസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. ഭീഷണിയെത്തുടർന്ന് പ്രദർശകർ ചിത്രം പിൻവലിച്ചതിനാൽ തമിഴ്നാട്ടിലും ചിത്രം നിരോധനം നേരിടുകയാണ്. സംസ്ഥാനത്ത് ചിത്രം പ്രദർശിപ്പിക്കാൻ സുരക്ഷാ വേണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. തമിഴ്നാട് സംസ്ഥാനം സ്വീകരിച്ച നടപടികൾ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ബെഞ്ച് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വാദം കേൾക്കാതെ കോടതി ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
    സിനിമയുടെ റിലീസ് ചെയ്ത ദിവസം തന്നെ ചിത്രം ഒരു പ്രത്യേക സമുദായത്തെ അപമാനിക്കുന്നതാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. ക്രമസമാധാന പ്രശനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്ത് ചിത്രത്തിന്റെ പ്രദർശനം നിരോധിച്ചത്. മൂന്ന് ദിവസം ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെ പ്രദർശിപ്പിച്ച ചിത്രമാണ് നിരോധിച്ചതെന്നും സാൽവെ പറഞ്ഞു. അതേസമയം ഇതേ ചിത്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കക്ഷികളോട് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പശ്ചിമ ബംഗാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി പറഞ്ഞു.അതിനാൽ ഈ ഹർജിയും ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും അദ്ദേഹവും ആവശ്യപ്പെട്ടു.
    ചിത്രം പ്രദർശിപ്പിച്ചാൽ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്നത് സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ട്. വെസ്റ്റ് ബംഗാൾ സിനിമാസ് (റെഗുലേഷൻ) ആക്ട് 1954 ലെ സെക്ഷൻ ആറ് പ്രകാരം സംസ്ഥാനത്തിന് നിരോധനം ഏർപ്പെടുത്താൻ അധികാരമുണ്ടെന്നും സിംഗ്‌വി പറഞ്ഞു.

Latest News