ചേർത്തുപിടിക്കുക, ആരോഗ്യ പ്രവർത്തകരെ

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം

ഇന്ന് ലോക നഴ്‌സസ് ദിനം അഥവാ മാലാഖമാരുടെ ദിനം. 1965 മുതലാണ് നഴ്‌സസ് ദിനം ആചരിക്കാൻ തുടക്കമിട്ടത്. ആധുനിക നഴ്‌സസ് ദിനത്തിന് തുടക്കമിട്ട ഫ്‌ളോറൻസ് നൈറ്റിംഗ്‌ഗേളിന്റെ ജന്മദിനമാണ് ലോക നഴ്‌സസ് ദിനമായി ആചരിക്കുന്നത്.
അതുകൊണ്ട് തന്നെ ഫ്‌ളോറൻസിന്റെ ജീവിത കഥ വിപുലമായി തന്നെ പറയാതെ നഴ്‌സസ് ദിനം പൂർത്തിയാകില്ല. ആർഭാടവും ആനന്ദവും നിറഞ്ഞ കുട്ടിക്കാലമായിരുന്നു ഫ്്്്‌ളോറൻസിന്റേത്.  
ഉല്ലാസങ്ങളുടെ നഗരമായ ഇറ്റലിയിലെ ഫ്്്്‌ളോറൻസിൽ ഒരു സമ്പന്ന കുടുംബത്തിലായിരുന്നു അവരുടെ ജനനം. ഗ്രീക്ക്/ ലാറ്റിൻ / ഫ്‌ളോറൻസ്/ ഇറ്റാലിയൻ ഭാഷകളും ചരിത്രവും പഠിച്ച നൈറ്റിംഗ്‌ഗേൾ മികച്ച എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്നു. സർവോപരി ചെറുപ്പം മുതലേ അലിവാർന്ന മനസ്സിന്റെ ഉടമയുമായിരുന്നു. എന്നിരുന്നാലും സൂര്യനും ചന്ദ്രനുമായി തന്റെ സഹജീവികൾക്ക് ചുറ്റും രാപ്പകലില്ലാതെ ഒരു ജന്മം മുഴുവൻ നിലകൊണ്ട ഫ്‌ളോറൻസിന്റെ അമ്പരപ്പിക്കുന്ന എത്രയോ ജീവിതാനുഭവങ്ങൾ. 
ആതുര സേവനമാണ് തന്റെ ജീവിത വഴിയെന്ന് നേരത്തെ തിരിച്ചറിഞ്ഞ നൈറ്റിംഗ്ഗേൾ അക്കാലത്ത് സമൂഹത്തിലെ ഉന്നതർ, നിലവാരം കുറഞ്ഞ ജോലിയായി കണക്കാക്കിയ നഴ്‌സിംഗ് ജോലി സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. എടുത്തുപറയാൻ ചരിത്രത്തിന്റെ താളുകളിൽ അടയാളപ്പെടുത്തിയ ഒരു കാര്യം, ലോകം തന്നെ ഉറങ്ങുമ്പോൾ കൈയിലൊരു വിളക്കുമായി ക്രീമിൽ പരിക്കേറ്റ രോഗികളായ പട്ടാളക്കാരുടെ അടുത്തേക്ക് സുഖാന്വേഷണവുമായി ചെല്ലുന്ന ഫ്‌ളോറൻസ് മനുഷ്യത്വത്തിന്റെ അത്യപൂർവമായ ഒരു കാഴ്ചയായിരുന്നു. ആ സംഭവം കാരണം ടൈംസ് പത്രം വിളക്കേന്തിയ വനിത എന്ന വിശേഷണം നൽകി പിന്നീട് ആദരിച്ചു. അങ്ങനെ നിസ്സഹായരും നിരാലംബരും നിശ്ശബ്ദരുമായിപ്പോയവരുടെ കൂടെയായി അവളുടെ
ജീവിതം മുഴുവനും. ആ സമർപ്പണ ജീവിതം ലോക ജനശ്രദ്ധ പിടിച്ചു പറ്റുന്നതിലേക്ക് ഫ്‌ളോറൻസ് വളർന്നു വലുതായി. അത്രയേറെ ക്രീമിൽ പരിക്കേറ്റ പട്ടാളക്കാർക്ക് നൽകിയ സ്‌നേഹപൂർണമായ പരിചരണമാണ് അവരെ ലോകപ്രശസ്തയാക്കിയത്.
ആരാണ് ഒരു നഴ്‌സ്? ആത്മഹത്യ മുനമ്പിൽ എത്തി നിൽക്കുന്ന, ജീവിതം ഇരുട്ട് മൂടി സംസാരിക്കാൻ പോലും കഴിയാതെ നിരാലംബരായി പോയവരുടെ അങ്ങനെ, ആരുമില്ലാത്തവരുടെ, എല്ലാവരുമുണ്ടായിട്ടും ഒറ്റപ്പെട്ടു പോയവരുടെ ശേഷിക്കുന്ന ജീവിതത്തിന് വേണ്ടി നിലകൊള്ളുന്ന നിഷ്‌കളങ്കരായ ഒരു പറ്റം മനുഷ്യ സ്‌നേഹികളാണ് നഴ്‌സുമാർ. ക്ഷമ, ദയ, സൗമ്യത, കരുതൽ, സഹാനുഭൂതി ഒക്കെയും സ്‌നേഹത്തിൽ ചാലിച്ച് സന്ദർഭോചിതമായി പകർന്നു നൽകുകയാണവർ.
ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റെയും മുറിവുണക്കാൻ വരെ അവർ മിടുക്കരാണ്. മാനസികമായി ആകെ തളർന്നു പോകുന്ന എത്ര പേരെയാണവർ ഉയിർത്തെഴുന്നേൽപിക്കുന്നത്? എത്രയും വാടിത്തളർന്ന മനസ്സുമായെത്തുന്ന മനുഷ്യരെയും സ്‌നേഹപൂർവമായ ഒരു തലോടലും പുഞ്ചിരിയും കൊണ്ട് രക്ഷപ്പെടുത്തും. അതൊക്കെ രോഗിയിലുണ്ടാക്കുന്ന ആത്മവിശ്വാസവും പ്രതീക്ഷയും കുറച്ചൊന്നുമല്ല. തനിച്ചല്ലെന്നുള്ള ഓർമപ്പെടുത്തലാണ് മാലാഖമാരുടെ ഓരോ ചേർത്തുപിടിക്കലും. അപ്പോഴും അവർ സ്വന്തം ജീവിതത്തിന്റെ തീ തിന്നുന്നുണ്ടാകും. എന്നിരുന്നാലും ഒക്കെ മറച്ചുപിടിക്കും. ജീവിതത്തിൽ ഒരിക്കൽ പോലും കാണാത്ത അവർക്ക് വേണ്ടി
ജനന സമയത്തും മരണ സമയത്തും ഓരോ മനുഷ്യന്റെയും ഒപ്പമുണ്ടാകുന്നത് ഈ മാലാഖമാരാണെന്നോർക്കണം. ഈ ലോകം തന്നെ നിലനിൽക്കുന്നത് അവരിലൂടെയാകുമ്പോൾ ബിഗ് സല്യൂട്ട് കൊടുത്തേ പറ്റൂ. 
അതുകൊണ്ടാണ്  സൊസൈറ്റി പറയുന്നത്, ചികിത്സ മേഖലയുടെ തുടിക്കുന്ന ഹൃദയമാണവരെന്ന്. അതുകൊണ്ട് ഡോക്ടർമാരുടെയും വൈദികന്റെയും ഒപ്പമാണ് അവരുടെ സ്ഥാനം. 
എടുത്തുപറയാൻ ഒരുപാടുള്ള വിഷയം കോവിഡ് മഹാമാരിയുടെ നീരാളിപ്പിടിത്തത്തിൽ അവരുടെ രോഗിപരിചരണവും ചെറുത്തുനിൽപും അത്ര കണ്ട് ലോക ജനതയുടെ പ്രശംസ പിടിച്ചുപറ്റിയ അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. 
ഓരോ മനുഷ്യന്റെയും ജീവന്റെ വില എത്രത്തോളമാണെന്ന് ആ മാലാഖമാരുടെ ത്യാഗോജ്വലമായ പ്രവൃത്തിയിലൂടെയാണ് നാം മനസ്സിലാക്കിയത്. രോഗികളുമായി പരമാവധി അകലം പാലിക്കണമെന്ന് പറയുമ്പോഴും അടുത്തേക്ക് ചെന്ന് ഓരം പറ്റി നിന്ന് രോഗിപരിചരണത്തിൽ മിടുക്ക് കാണിക്കുകയായിരുന്നു അവർ.
സ്വന്തം കുടുംബത്തെ പോലും മറന്ന് ജീവിതം തന്നെ ആതുര സേവനത്തിനായി സമർപ്പിച്ച ഭൂമിയുടെ മാലാഖമാർ വേവുന്ന പി.പി.എ കിറ്റുകൾക്കുള്ളിൽ അനുഭവിച്ചത് പാറമടയിലെ തൊഴിലാളികൾ അനുഭവിച്ച ചൂടായിരുന്നു എന്ന് പറയാതെ വയ്യ. ചൂടു കൊണ്ട് പിടയുമ്പോഴും ഉത്തരവാദിത്ത നിർവഹണം അമ്പരപ്പിക്കും വിധമായിരുന്നു. എന്നിട്ടും പരമാവധി സേവനം ചെയ്തിട്ടും ജീവൻ നഷ്ടപ്പെട്ടവർ അവരിലൂടെ അനാഥരായി മാറിയ കുടുംബം അതിന് ഉദാഹരണമാണ്. സിസ്റ്റർ ലിനിയുടെ സേവന മികവിൽ ലോകം തന്നെ നമിച്ചുപോയില്ലെ അവരെ. അവരിലൂടെയാണ് മാലാഖമാരുടെ സേവന മികവ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. 
ഈ രാജ്യത്തിന്റെ മുന്നണിപ്പോരാളികളായി ഉയർന്നു നിൽക്കുന്നത് ആരോഗ്യ പ്രവർത്തകരായ നഴ്‌സുമാർ തന്നെയാണ്. വലിയ പ്രതിസന്ധികൾ നേരിട്ടുകൊണ്ടാണ് കോവിഡിനെ അതിജീവിക്കാൻ അവർ നമുക്ക് കരുത്തേകിയത്. 
ലോകത്തെ പറുദീസയാക്കി മാറ്റുന്നതിൽ വലിയ പങ്ക് മാലാഖമാരുടെ സാന്നിധ്യമാണെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞു. പ്രത്യേകിച്ച് തകർത്താടിയ കോവിഡ് മഹാമാരിയിൽ നിന്ന് ലോകത്തെ ഇത്ര സുരക്ഷിതമായി ഇവിടെ എത്തിക്കാൻ മാലാഖമാർ എടുത്ത ത്യാഗം വാക്കുകൾ കൊണ്ട് പറഞ്ഞുതീർക്കാൻ കഴിയാത്തതാണ്. പല നാട്ടിൽ പല വേഷത്തിൽ ഊണും ഉറക്കവുമില്ലാതെയുള്ള അവരുടെ സജീവ പങ്കാളിത്തം എത്ര അഭിനന്ദിച്ചാലും മതിയാവാത്തതാണ്. 
രോഗിപരിചരണം കൊണ്ട് ലോകത്തിന് മുന്നിലാണവർ തിളങ്ങിയത്. നഴ്‌സ്മാരുടെ ആത്മധൈര്യവും കരുത്തും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ തോതിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച് നഴ്‌സസ് ദിനം ആഘോഷിക്കുന്നത്. ചില സ്ഥലങ്ങളിൽ ആഘോഷം മാസങ്ങൾ നീണ്ടുനിൽക്കും. 
ലോകം തന്നെ നിലനിൽക്കണമെങ്കിൽ നഴ്‌സ്മാരുടെ പരിചരണം കൂടിയേ തീരൂ. അവരെ ചേർത്തുപിടിച്ച് അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുക എന്ന ഉത്തരവാദിത്തം നമുക്കുണ്ട്.

Latest News