കലാപത്തിന്റെ കനലുകൾ കെട്ടടങ്ങാത്ത മണിപ്പൂർ

ഏതാനും ദിവസം നീണ്ടുനിന്ന കലാപത്തിനും വംശീയ അക്രമണങ്ങൾക്കും ശേഷം മണിപ്പൂർ ശാന്തമായതായാണ് വാർത്തകൾ. എന്നാൽ എത്ര ദിവസത്തേക്കാണ് ഈ ശാന്തത എന്നതാണ് പ്രസക്തം. പെെട്ടന്നുണ്ടായ പ്രകോപനത്തിന്റെ ഭാഗമായ കലാപമാണ് എങ്കിൽ അങ്ങനെ പ്രതീക്ഷിക്കാമായിരുന്നു. എന്നാൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആസൂത്രണം ചെയ്യപ്പടുന്ന കലാപങ്ങളിൽ നിന്നുള്ള മോചനം അത്ര എളുപ്പമല്ല. ഈ ശാന്തതയുടെ മറവിൽ എവിടെയോ ഇരുന്ന് അടുത്ത ആക്രമണത്തിനുള്ള മുന കൂർപ്പിക്കൽ നടക്കുന്നുണ്ടാകുമെന്നുറപ്പ്.
മണിപ്പൂരടക്കമുള്ള, ഏഴു സഹോദരിമാരെന്നറിയപ്പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളോട് നാം നീതി പുലർത്തിയിട്ടുണ്ടോ എന്നു പരിശോധിക്കേണ്ട സന്ദർഭം കൂടിയാണിത്. എങ്കിലേ ഇത്തരം സംഭവങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാവൂ. മണിപ്പൂരിന്റെ എഴുതപ്പെട്ടിട്ടുള്ള ചരിത്രം തുടങ്ങുന്നത് 1762 ൽ രാജ ജയ്‌സിംഗ് ബ്രിട്ടീഷുകാരുമായി ബർമൻ അധിനിവേശം തടയാനുണ്ടാക്കിയ സന്ധിയിൽ നിന്നാണെന്നാണ് വിക്കിപീഡിയ പറയുന്നത്.  പിന്നീട് 1824 ൽ വീണ്ടും ബ്രിട്ടീഷ് സഹായം അഭ്യർഥിച്ച് മണിപ്പൂർ സന്ധി ചെയ്തു. രാജസ്ഥാനത്തിനു വേണ്ടിയുള്ള കിടമത്സരം ആ കാലഘട്ടങ്ങളിൽ അവിടെ രാഷ്ട്രീയ പ്രതിസന്ധികൾ തീർത്തിരുന്നു. 1891 ൽ അഞ്ചു വയസ്സു മാത്രമുണ്ടായിരുന്ന ചുരാചന്ദ് രാജാവായി വാഴിക്കപ്പെട്ടതോടെയാണ് ഇതിനു ഒരറുതി വന്നത്. 1891 ൽ അങ്ങനെ നാട്ടുരാജ്യമായാണ് മണിപ്പൂർ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിന്റെ അധീനതയിൽ വന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജാപ്പനീസ് സൈന്യവും സഖ്യശക്തികളുടെ സൈന്യങ്ങളും തമ്മിലുണ്ടായ പല വീറുറ്റ പോരാട്ടങ്ങൾക്കും വേദിയായിരുന്നു മണിപ്പൂർ. ഇംഫാലിൽ കടക്കാൻ കഴിയാതെ ജാപ്പനീസ് സേനക്ക് പരാജിതരായി മടങ്ങേണ്ടി വന്നത് യുദ്ധത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. 
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യൻ യൂനിയനിൽ ചേരാൻ മറ്റു പല പ്രദേശങ്ങളും പോലെ മണിപ്പൂരും ഉദ്ദേശിച്ചിരുന്നില്ല. യുദ്ധത്തിനു ശേഷം നിലവിൽ വന്ന മണിപ്പൂർ കോൺസ്റ്റിറ്റിയൂഷൻ ആക്റ്റ് 1947 പ്രകാരം രാജ്യതലവനായി മഹാരാജാവും തെരഞ്ഞെടുക്കപ്പെട്ട നിയമ നിർമാണ സഭയും ചേർന്ന ഒരു ജനാധിപത്യ ഭരണ രീതിയാണ് നടപ്പിലായത്. എന്നാൽ 1949 ൽ മഹാരാജ ബുദ്ധചന്ദ്ര അന്നത്തെ ആസാം പ്രവിശ്യയുടെ തലസ്ഥാനമായ ഷില്ലോംഗിലേക്ക് വിളിക്കപ്പെടുകയും ദുരൂഹ സാഹചര്യങ്ങളിൽ നിയമ നിർമാണ സഭ പിരിച്ചുവിട്ട് മണിപ്പൂർ ഒക്ടോബർ 1949 ന് ഇന്ത്യൻ യൂനിയനോട് ചേർക്കുകയും ചെയ്തു. തുടർന്ന് കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട മണിപ്പൂർ 1972 ജനുവരി 21 നാണ് ഇന്ത്യൻ സംസ്ഥാനമായി മാറിയത്. 
മണിപ്പൂരടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പല സാമൂഹ്യ വിഭാഗങ്ങളും ഇന്ത്യൻ യൂനിയനിൽ ചേർക്കപ്പെട്ടതിനെതിരെ അന്നു മുതലേ പോരാട്ടങ്ങൾ നടത്തിയിരുന്നു. ചർച്ചകളിലൂടെയും സമവായത്തിലൂടെയുമൊക്കെ അതിനു പരിഹാരം കാണാൻ ശ്രമിക്കാതെ കശ്മീരിലൊഴികെ വേറെയെവിടെയും നിലനിൽക്കാത്ത അഫ്‌സ്പയെ പോലുള്ള, പട്ടാളത്തിന് പരിധികളില്ലാത്ത അധികാരം നൽകുന്ന ഭീകര നിയമങ്ങൾ പ്രയോഗിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. തന്റെ കൺമുന്നിൽ വെച്ച് പട്ടാളക്കാർ യാതൊരു കാരണവുമില്ലാതെ കുറെ ചെറുപ്പക്കാരെ വെടിവെച്ചു കൊന്നത് നേരിൽ കണ്ട ഇറോം ശർമിള എന്ന കവയിത്രി ഈ ഭീകരനിയമം പിൻവലിക്കാനാവശ്യപ്പെട്ട് 16 വർഷം നീണ്ടുനിന്ന ഐതിഹാസിക സമരം നടത്തിയത് മറക്കാറായിട്ടില്ലല്ലോ. മനോരമ എന്ന യുവതിയെ പട്ടാളം ക്രൂരമായി പീഡിപ്പിച്ച് കൊന്നതിനെതിരെ പട്ടാള ക്യാമ്പിനു മുന്നിൽ ചെന്ന് ഇന്ത്യൻ പട്ടാളം ഞങ്ങളെ കൂടി ബലാൽസംഗം ചെയ്യൂ എന്നാവശ്യപ്പെട്ട് സ്ത്രീകൾ നഗ്നരായി നടത്തിയ, ലോകം ശ്രദ്ധിച്ച സമരവും മറക്കാനുള്ള കാലമായിട്ടില്ല. 
അതേസമയം ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ഇതിന്റെയൊന്നും തുടർച്ചയാണെന്നു പറയാനാകില്ല. മണിപ്പൂരിനെ പൂർണമായും കൈപ്പിടിയിലൊതുക്കാനുള്ള സംഘപരിവാർ തന്ത്രങ്ങളാണ് ഇപ്പോഴത്തെ കലാപത്തിനും വംശീയാക്രമണത്തിനും കാരണം. സംവരണത്തെ അതിനുള്ള നിമിത്തമാക്കി എന്നു മാത്രം. 
ഇന്ത്യൻ രാഷ്ട്രീയത്തിൽ സംവരണത്തിന്റെ പ്രാധാന്യം ഏറ്റവും തിരിച്ചറിയുന്നവരാണ് സംഘപരിവാർ. മണ്ഡൽ കമ്മീഷനെ പിന്തുണക്കാൻ അവർ തയാറായില്ലെങ്കിലും, അതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളിൽ നിന്നാണ് അവരത് തിരിച്ചറിയുന്നത്. പിന്നീട് പലപ്പോഴും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി അവരുപയോഗിക്കുന്നത് സംവരണമാണ്. ജാതി സംവരണത്തെ നിലനിർത്തി തന്നെ, രാഷ്ട്രീയമായി അതിനു കടകവിരുദ്ധമായ സാമ്പത്തിക സംവരണം നടപ്പാക്കിയതിന്റെ ലക്ഷ്യം മറ്റൊന്നായിരുന്നില്ലല്ലോ. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കർണാടകയിൽ മുസ്‌ലിം സംവരണം എടുത്തുകളഞ്ഞതിന്റെ താൽപപ്പര്യം എന്തായിരുന്നു എന്നു വിശദീകരിക്കേണ്ടതില്ലല്ലോ. 
മണിപ്പൂരിന്റെ ഭരണ നിയന്ത്രണം ലഭിച്ച ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം അവിടത്തെ ആധിപത്യം പൂർണമായും കൈപ്പിടിയിലൊതുക്കുക എന്നതാണ്. സമതലങ്ങളിൽ ജീവിക്കുന്ന, ഭൂരിപക്ഷം വരുന്ന മെയ്തികളെന്ന ഗോത്രേതര വിഭാഗങ്ങളെ മലയോരങ്ങളിൽ ജീവിക്കുന്ന കുക്കികളും നാഗകളുമടങ്ങുന്ന, പ്രധാനമായും ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്ന ഗോത്രവിഭാഗങ്ങൾക്കെതിരെ തിരിച്ചുവിടുക എന്ന തന്ത്രം നടപ്പാക്കിയത് ഏറെകാലത്തെ പ്ലാനിംഗിനു ശേഷമായിരുന്നു എന്നുറപ്പ്. അതിനായി ഉപയോഗിച്ചതും സംവരണത്തെ തന്നെ. അങ്ങനെയാണ് വിഷയം ഹൈക്കാടതിയിലെത്തിയതും  മണിപ്പൂർ സർക്കാർ മെയ്തികളെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന കോടതി നിർദേശം വന്നതും.  ഒരു മാസത്തിനുള്ളിൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകണമെന്നും േൈഹക്കാടതി ഉത്തരവിട്ടു. അവർക്ക് ഒ.ബി.സി, പട്ടികജാതി സംവരണമൊക്കെ നിലനിൽക്കുമ്പോഴാണിത്. മെയ്തികളെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തിയാൽ അവർക്ക് മലമേഖലകളിൽ ഭൂമി വാങ്ങാൻ സാധിക്കുമെന്നത് ഗോത്രവിഭാഗങ്ങൾക്ക് ഭീഷണിയാകുന്നത് സ്വാഭാവികം മാത്രം. 
കോടതി നിർദേശത്തിനെതിരെ പ്രതീക്ഷിച്ച പോലെ തന്നെ ഗോത്രവിഭാഗങ്ങളിൽ നിന്നു ശക്തമായ പ്രതിഷേധ പരിപാടികൾ നടന്നു. അതിന്റെ തുടർച്ചയായാണ് ഗോത്രവിഭാഗങ്ങൾക്കെതിരെ ക്രൂരമായ കടന്നാക്രമണങ്ങൾ നടന്നതും ക്രിസ്ത്യൻ ദേവാലയങ്ങൾ അഗ്നിക്കിരയായതും കച്ചവട സ്ഥാപനങ്ങൾ തകർത്തതും പല ഭാഗത്തുനിന്നും വലിയ തോതിലുള്ള പലായനങ്ങൾ നടന്നതും. പെെട്ടന്നുണ്ടായ പ്രകോപനത്തിന്റെ ഭാഗമായിരുന്നു ഈ അക്രമങ്ങൾ എന്നു സ്ഥാപിക്കാനുള്ള വ്യാഖ്യാനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അക്രമങ്ങളുടെ സ്വഭാവത്തിൽ നിന്നു തന്നെ, ഗുജറാത്തിലും മുംബൈയിലും മുസഫർ നഗറിലും കാണ്ടമാലിലുമൊക്കെ നടന്ന പോലെ, മുൻകൂട്ടി ആസൂത്രണം ചെയ്തവയാണെന്നു വ്യക്തമാണ്. അതുകൊണ്ടു തന്നെ ഇതിവിടെ അവസാനിക്കില്ലെന്നുറപ്പ്. 
മഹാഭൂരിഭാഗവും ഹിന്ദുക്കളായ മെയ്തി വിഭാഗത്തെ തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനു കീഴെ അണിനിരത്തി മണിപ്പൂരിനെ കൈപ്പിടിയിലൊതുക്കാനാണ് ക്രിസ്ത്യൻ വിഭാഗങ്ങളെ ശത്രുക്കളായി ചിത്രീകരിച്ച് ഈ വംശീയാക്രമണം നടത്തിയതെന്നത് പകൽ പോലെ വ്യക്തമാണ്. അതിനു മലയോര മേഖലയിലെ ഗോത്രവിഭാഗങ്ങളുടെ ആധിപത്യവും തകർക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട് സംഘപരിവാർ തലച്ചോറിൽ രൂപം കൊണ്ടതാണ് മെയ്തി വിഭാഗങ്ങളെ പട്ടികവർഗമായി പ്രഖ്യാപിക്കുക എന്ന ആവശ്യം. മണിപ്പൂരിലെ ഭൂമിയുടെ സിംഹഭാഗവും, ജനസംഖ്യയിൽ തങ്ങളേക്കാൾ കുറഞ്ഞ ഗോത്രവർഗക്കാരുടേതാണെന്നതിൽ അരിശം ഉള്ളിലൊതുക്കി ജീവിക്കുന്നവരെ ആയുധങ്ങളുമായി തെരുവിലിറക്കാൻ അവർക്ക് എളുപ്പമായി. എന്നാലവ വനപ്രദേശമാണെന്നും ഗോത്രവിഭാഗങ്ങൾക്ക് വനാവകാശമൊക്കെ നിലനിൽക്കുന്ന രാജ്യമാണ് നമ്മുടേതെന്നും ഈ രാജ്യത്ത് കൂട്ടിച്ചേർത്ത സംസ്ഥാനമാണ് മണിപ്പൂരെന്നുമുള്ള യാഥാർത്ഥ്യം  മനഃപൂർവം മൂടിവെക്കപ്പെട്ടു.

Latest News