Sorry, you need to enable JavaScript to visit this website.

സൗദിയില്‍ രണ്ടാം ദിവസം വനിതാ ഡ്രൈവർമാർ ഉൾപ്പെട്ട എട്ടു അപകടങ്ങൾ

റിയാദ് - വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള രണ്ടാമത്തെ ദിവസമായ തിങ്കളാഴ്ച രാജ്യത്ത് വനിതാ ഡ്രൈവർമാർ ഉൾപ്പെട്ട എട്ടു വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന നജും കമ്പനി വൃത്തങ്ങൾ പറഞ്ഞു.

വനിതകൾ ഉൾപ്പെടുന്ന വളരെക്കുറച്ച് അപകടങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. വനിതാ ഡ്രൈവർമാരുടെ ഭാഗത്തുള്ള അപകടങ്ങൾ സാധാരണ തോതിൽ തന്നെയാണ്. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകളിൽനിന്ന് ലഭിക്കുന്ന അറിയിപ്പുകളിൽ മാത്രമല്ല, പുരുഷന്മാർ ഉൾപ്പെടുന്ന അപകടങ്ങളിലും കമ്പനി ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നുണ്ട്. അപകടത്തിൽപെടുന്ന കക്ഷികളിൽ ഒരാൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ലെങ്കിൽ അത്തരം കേസുകളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ട്രാഫിക് ഡയറക്ടറേറ്റും നജും കമ്പനിക്കുമിടയിൽ ഏകോപന പദ്ധതിയുണ്ട്. നജും കമ്പനിക്കു കീഴിൽ വാഹനാപകട നടപടികൾ പൂർത്തിയാക്കുന്ന വിഭാഗത്തിൽ 180 ലേറെ വനിതാ ജീവനക്കാരുണ്ട്. അപകടങ്ങളെക്കുറിച്ച കോളുകൾ സ്വീകരിക്കൽ, ക്ലെയിം മാനേജ്‌മെന്റ്, കസ്റ്റമർ സർവീസ്, അപകട സ്ഥലങ്ങൾ സന്ദർശിച്ച് നടപടികൾ പൂർത്തിയാക്കൽ തുടങ്ങി വിവിധ മേഖലകളിലാണ് ഇവർ പ്രവർത്തിക്കുന്നതെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു.  
 

Latest News