കൊച്ചി- മാനുഷിക മൂല്യങ്ങളും തത്വങ്ങളും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മാത്രമാണ് ഏതൊരു പ്രൊഫഷനും പൂര്‍ണത നേടാന്‍ കഴിയുകയുള്ളുവെന്ന് ഡി. എം. ആര്‍. സി മുന്‍ എം. ഡി. പത്മവിഭൂഷണ്‍ ഇ. ശ്രീധരന്‍ പറഞ്ഞു. ആള്‍ ഇന്ത്യ ഒഫ്താല്‍മോളജിക്കല്‍ സൊസൈറ്റി 81-ാം വാര്‍ഷിക സമ്മേളനം കൊച്ചി ലുലു ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോക്ടര്‍മാരുടെയും എഞ്ചിനീയര്‍മാരുടെയും സേവനം സമൂഹത്തില്‍ ഒരുപോലെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഡോക്ടര്‍മാര്‍ ഒരു ദിവസം നിരവധി പേരുടെ പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരം കാണുന്നത്. നിസ്വാര്‍ഥവും അര്‍പ്പണബോധവുമുള്ള പ്രൊഫഷണലുകളാണ് സമൂഹത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. നേത്ര രോഗ വിദഗ്ദരുടെ സേവനം സമൂഹത്തിന്റെ ആവശ്യ ഘടകമാണെന്നും ശ്രീധരന്‍ പറഞ്ഞു.
നേത്രരോഗ വിദഗ്ദരുടെയും ഒഫ്താല്‍മോളജിക്കല്‍ വിഭാഗത്തിന്റെയും പ്രാധാന്യം സമകാലീന സമൂഹത്തില്‍ വര്‍ധിച്ചിരിക്കുകയാണെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത കേരള നിയമസഭ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ പറഞ്ഞു. കംപ്യൂട്ടര്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയിലായി ഏറ്റവും കൂടുതല്‍ സമയം വിനിയോഗിക്കുന്ന പുതിയ തലമുറയ്ക്ക് നേത്രരോഗ വിദഗ്ദരുടെ സേവനം അനിവാര്യതയാണ്. കേരളത്തിലെ ഒഫ്താല്‍മോളജി സംഘടനയക്ക് രാജ്യത്തെ സൊസൈറ്റിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ട്. കേരളത്തിന് ആരോഗ്യരംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞത് അര്‍പ്പണ ബോധമുള്ള ഡോക്ടര്‍ന്മാരുടെ സേവനം കൊണ്ടാണ്.
വന്ദന എന്ന യുവ ഡോക്ടറുടെ ദാരുണമായ അന്ത്യം സംഭവിക്കാന്‍ പാടില്ലാത്തതും അസാധാരണവുമായിരുന്നു. ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായി പുതിയ നിയമം സര്‍ക്കാര്‍ കൊണ്ടുവരുമെന്ന ഉറപ്പ് മുഖ്യമന്ത്രി ഐ. എം. എയ്ക്ക് നല്‍കിയിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു.
ജ്യോതിര്‍ഗമയ ഫൗണ്ടേഷന്‍ സ്ഥാപക ടിഫാനി ബ്രാര്‍ മുഖ്യപ്രഭാഷണം നടത്തി. ആള്‍ ഇന്ത്യ ഒഫ്താല്‍മോളജിക്ക് സൊസൈറ്റിയുടെ പ്രസിഡന്റായി ഡോ. ലളിത് വര്‍മയില്‍ നിന്ന് ഡോ. ഹര്‍ബന്‍സ് ലാല്‍ ചുമതലയേറ്റു. ഡോ. റാണാബിര്‍ മുഖര്‍ജി, ഡോ. എന്‍. എസ്. ഡി. രാജു, ഡോ. ഹോസം സിയദ, ഡോ. വിശ്വല്‍ ജാന്‍ജി എന്നിവര്‍ ഉള്‍പ്പെടെ വിദഗ്ദര്‍ക്ക് ഇ. ശ്രീധരന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.
ആള്‍ ഇന്ത്യ ഒഫ്താല്‍മോളജിക് സൊസൈറ്റി പ്രസിഡന്റ്
ഡോ. ഹര്‍ബന്‍ഷ് ലാല്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് ഡോ. ലളിത് വര്‍മ, ജനറല്‍ സെക്രട്ടറി ഡോ. നമ്രത ശര്‍മ എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. എസ് ശശികുമാര്‍ സ്വാഗതവും സംഘാടക സമിതി സെക്രട്ടറിയും കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് കേരള പ്രസിഡന്റുമായ ഡോ. എസ് ജെ സായ്കുമാര്‍ നന്ദിയും പറഞ്ഞു.
രാജ്യത്തിനകത്തും പുറത്തുമുള്ള ആറായിരത്തിലധികം പ്രതിനിധികളും ഫാക്കല്‍റ്റികളും ആരോഗ്യ രംഗത്തെ 1700ഓളം വ്യവസായ പ്രതിനിധികളും കൊച്ചിയിലെ നാല് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. അത്യാധുനിക മെഡിക്കല്‍, ശസ്ത്രക്രിയ ഉപകരണങ്ങളുടെയും പ്രദര്‍ശനവും സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ നേത്രരോഗ വിദഗ്ധരുടെ സംഘടനയായ കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് (കെ. എസ്. ഒ. എസ്) ആണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.