മെസ്സിക്ക് വേണ്ടി പുഷ്പാഞ്ജലി; നക്ഷത്രം അര്‍ജന്റീന

തലശ്ശേരി- ലോകകപ്പ് ഫുട്‌ബോളില്‍ ചൊവ്വാഴ്ച  നടന്ന മത്സരത്തില്‍ അര്‍ജന്റീന ആരാധകരെ മെസ്സി  നിരാശരാക്കിയില്ല. മെസ്സിയുടെ ദീര്‍ഘായുസ്സിനുവേണ്ടി പെരളശ്ശേരി ക്ഷേത്രത്തില്‍ ഒരു ആരാധകന്‍  വഴിപാടാക്കിയത് മൃത്യുഞ്ജയ ഹോമമായിരുന്നു. 25 രൂപ കൗണ്ടറില്‍ സ്വീകരിച്ച് മെസ്സിയുടെ പേരില്‍ വഴിപാട് രശീത് നല്‍കുകയും ചെയതു. ചൊവ്വാഴ്ച രശീത് മുറിച്ചെങ്കിലും ബുധനാഴ്ച കാലത്താണ് മെസ്സിയുടെ പേരില്‍ പെരളശ്ശേരി ക്ഷേത്രത്തില്‍ മൃത്യുഞ്ജയ ഹോമം നടത്തിയത.്
അര്‍ജന്റീന നൈജീരിയയെ നേരിട്ട ചൊവ്വാഴ്ച കണ്ണൂര്‍ ചാല മഹാവിഷ്ണു ക്ഷേത്രത്തില്‍ മെസ്സിയുടെ ഒരു ആരാധകന്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു. ക്ഷേത്രത്തിലെത്തിലെ കൗണ്ടറില്‍നിന്ന് ആരുടെ പേരിലാണ് പുഷ്പാഞ്ജലിയെന്ന ചോദ്യത്തിന് മെസ്സിയെന്ന് ആരാധകന്‍ പറഞ്ഞെങ്കിലും മെസ്സിയുടെ നക്ഷത്രം പറയാന്‍ കഴിഞ്ഞില്ല. പകരം നക്ഷത്രം അര്‍ജന്റീനയെന്ന് ചേര്‍ക്കാന്‍ പറഞ്ഞു. ക്ഷേത്ര ഭാരവാഹികള്‍ അതുപോലെ തന്നെ രശീതും നല്‍കി.
അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ കടന്നതോടെ ആരാധകര്‍ ആവേശത്തിലാണ്. പടക്കം പൊട്ടിച്ചും മധുര പലഹാരം വിതരണം ചെയ്തുമായിരുന്നു അര്‍ജന്റീന ഫാന്‍സിന്റെ ആഹ്ലാദം.  

 

Latest News