തീരാദുഃഖത്തിൽ പര്യവസാനിക്കുന്ന വിനോദ യാത്രകൾ

കഴിഞ്ഞ വെള്ളിയാഴ്ച എന്റെ കുടുംബത്തിൽ നിന്ന് കുട്ടികളടക്കം  15  പേരുടെ സംഘം താനൂർ കെട്ടുങ്ങൽ  ബീച്ചിലേക്ക് പോയിരുന്നു. രാത്രി വീട്ടിലേക്ക് വിളിച്ചപ്പോൾ ഇളയ മകൻ അൻസഫിനോട് ബീച്ചിലെ  ഫ്‌ളോട്ടിംഗ് ബ്രിഡ്ജിൽ കയറിയോ ബോട്ടിൽ കയറിയോ എന്നൊക്കെ ചോദിച്ചപ്പോൾ  കയറിയില്ല,  നല്ല തിരക്കുണ്ടായിരുന്നു  എന്നായിരുന്നു മറുപടി.
  താനൂരിലെ തൂവൽതീരത്ത് ബോട്ടപകടം ഉണ്ടായി എന്ന് കേട്ടപ്പോൾ മാത്രമല്ല പിന്നീട് അതേക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ  അങ്ങോട്ടായിരുന്നല്ലോ കുട്ടികളടങ്ങുന്ന സംഘം കുടുംബത്തിൽ നിന്ന് രണ്ട് ദിവസം മുമ്പ് പോയിരുന്നതെന്ന്  ഞെട്ടലോടെയല്ലാതെ ഓർക്കാൻ കഴിയുന്നില്ല. 
സാധാരണ  വിനോദ സഞ്ചാരത്തിന് പുരുഷന്മാരേക്കാൾ സ്ത്രീകളും കുട്ടികളുമാണ് താൽപര്യം  കാണിക്കാറുള്ളത്.  പോകുന്ന വഴിയിലോ  ലക്ഷ്യസ്ഥാനത്തോ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങളെക്കുറിച്ചും    സുരക്ഷാപരമായ കാര്യങ്ങളെക്കുറിച്ചുമൊന്നും  സ്ത്രീകളും കുട്ടികളും  ചിന്തിക്കാറില്ല.  അക്കാര്യങ്ങളെക്കുറിച്ചൊക്കെ   കൊണ്ടുപോകുന്നവരോ പറഞ്ഞയക്കുന്നവരോ ആയ പുരുഷന്മാരാണ് ചിന്തിക്കേണ്ടത്. 
വിനോദ സഞ്ചാരത്തിന് സൗകര്യങ്ങൾ ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ ആവശ്യമായ  സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ തദ്ദേക സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും വേണ്ടതുപോലെ  ശ്രദ്ധിക്കുന്നില്ല എന്നതിന് ഏറ്റവുമധികം ഞെട്ടലുളവാക്കുന്ന തെളിവാണ് താനൂർ ബോട്ടപകടം.   
ഇതിന് മുമ്പും കേരളത്തിൽ ബോട്ടപകടങ്ങളുണ്ടായിട്ടുണ്ട്.  എന്നിട്ടും വീണ്ടും ആവർത്തിക്കപ്പെട്ടത് കണക്കിലധികം ആളെ കയറ്റിയതുകൊണ്ട് തന്നെയാണെന്ന് പറയുമ്പോൾ അധികൃതരുടെ ഭാഗത്ത് നിന്നുള്ള അശ്രദ്ധ തന്നെയല്ലേ  കാരണം? 
കൂടുതൽ ആളുകളെ കയറ്റുമ്പോൾ  അപകട സാധ്യത കണ്ടറിഞ്ഞ് ആവശ്യമായ ലൈഫ് ജാക്കറ്റുകൾ ലഭ്യമാക്കി അതുപയോഗിക്കാൻ നിർദേശം നൽകാൻ ശ്രദ്ധിക്കാത്ത ബോട്ട് നടത്തിപ്പുകാർ മനുഷ്യ ജീവന് എന്ത് വിലയാണ് കൽപിച്ചിരുന്നത്?
വെള്ളിയാഴ്ച ബീച്ചിലേക്ക്  പോയ കുടുംബാംഗങ്ങളുടെ സംഘത്തിലുണ്ടായിരുന്ന മൂത്ത മകൻ നസീഫ്  അപകട ശേഷം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് താഴെ ചേർത്തിട്ടുള്ളത്:
'മിനിഞ്ഞാന്ന് ആണ് കുടുംബസമേതം അവിടെ സന്ദർശിച്ചത്. ഞങ്ങൾ പതിനഞ്ചോളം പേരെ കണ്ടപ്പോൾ ബോട്ട് ഓപറേറ്റർമാർ ഒരുപാട് ക്ഷണിച്ചിരുന്നു.'ലാസ്റ്റ് ട്രിപ്പ്, ലാസ്റ്റ് ട്രിപ്പ്, കയറിക്കോളി'.. പക്ഷേ മഗ്രിബ് ബാങ്ക് കൊടുക്കാനായതുകൊണ്ട് വേഗം തിരിച്ചുപോരാനുള്ള തിടുക്കത്തിലായിരുന്നു ഞങ്ങൾ. കയറുന്നില്ലെന്ന് കണ്ടപ്പോൾ പിന്നിൽ നിന്ന് അവർ വിളിച്ചു പറഞ്ഞു- 'ലാസ്റ്റ് ട്രിപ്പ് ആയതുകൊണ്ട് കുട്ടികൾക്ക് ഫ്രീ.. കുട്ടികൾക്ക് ഫ്രീ.. റേറ്റ് അഡ്ജസ്റ്റ് ചെയ്തു തരാം..അത് കേട്ടില്ലെന്ന് നടിച്ചും ചിണുങ്ങി നിന്ന കുട്ടികളുടെ ആഗ്രഹത്തിന് നിൽക്കാതെയും ഞങ്ങൾ തിരിച്ചുപോന്നു.
ബോട്ട് പൂരപ്പുഴയിൽ  മുങ്ങി, 22 ജീവനുകൾ പൊലിഞ്ഞു എന്നറിഞ്ഞപ്പോൾ ഒരേ സമയം ഞെട്ടലും ഏറെ പ്രയാസവും തോന്നുന്നു. താനൂർ തൂവൽതീരം ബീച്ച് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഇതിന്റെ പരിസര പ്രദേശത്തുള്ളവർ തന്നെയായിരിക്കും.  പ്രത്യേകിച്ച് 20 കി.മീ  ദൂരപരിധിക്കുള്ളവർ കൂടുതലും.
പൂരപ്പുഴയുടെയും  അറബിക്കടലിന്റെയും സംഗമ സ്ഥലവും  വിശാലമായ മണൽപരപ്പും പുതിയ പാലത്തിൽ നിന്നുള്ള കടൽകാഴ്ചയും അതിനോടനുബന്ധിച്ച കുട്ടികളുടെ പല റൈഡുകളും വിനോദ യാത്രക്കുള്ള ബോട്ട് സർവീസ്‌കളുമൊക്കെയാണ് ഈ ബീച്ചിലേക്ക് ആളുകളെ ആകർഷിക്കുന്നത്. പ്രത്യേകിച്ച് ഞായറാഴ്ചകളിലും ഒഴിവ് ദിവസങ്ങളിലും ആഘോഷ ദിനങ്ങളിലുമെല്ലാം തിരക്ക് വർധിക്കും.
ആളുകൾ കൂടുമ്പോൾ എങ്ങനെയെങ്കിലും പണം ഊറ്റിയെടുക്കണം എന്ന ചിന്ത വരുമ്പോഴാണ് ജനങ്ങളുടെ സുരക്ഷ മറക്കുന്നതും ബോട്ടിന് താങ്ങാവുന്നതിനുമപ്പുറം സഞ്ചാരികളെ കയറ്റുന്നതുമൊക്കെ. തികഞ്ഞ സുരക്ഷ വീഴ്ചയാണ് ബോട്ട് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്. ആവശ്യത്തിന് ലൈഫ് ജാക്കറ്റ് ഇല്ല. ഉള്ളത് തന്നെ കുട്ടികളടക്കമുള്ളവരെ ധരിപ്പിച്ചില്ല. ഇരുട്ടായതിന് ശേഷമുള്ള യാത്രയും. കുറച്ചു പേരെയെങ്കിലും ജീവിതത്തിലേക്ക് കൈപിടിച്ചു ഉയർത്തിയത് മത്സ്യത്തൊഴിലാളികളുടെ ജീവൻ പണയം വെച്ചുള്ള രക്ഷാപ്രവർത്തനം കൊണ്ടാണ്.
ബീച്ചിൽ ഈ അടുത്ത് വന്ന ഫ്‌ളോട്ടിങ് ബ്രിഡ്ജിലും അപകടം പതിയിരിപ്പുണ്ട്. 6.30 വരെയാണ് ടിക്കറ്റ് എന്നെഴുതിവെച്ചിട്ടുണ്ടെങ്കിലും കൂടുതൽ ആളുകളും അതിൽ കയറാൻ ടിക്കറ്റിനു ക്യൂ നിൽക്കുന്നതും തിരക്കുള്ളതും അവസാന സമയത്താണ്. ബ്രിഡ്ജിന്റെ സുരക്ഷ നിയമങ്ങൾ പാലിച്ചാണോ ആളുകളെ കയറ്റുന്നതെന്നും നിശ്ചിത കപാസിറ്റിയുടെ മുകളിൽ ആളുകളെ കയറ്റുന്നില്ലെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതോടൊപ്പം ആശങ്കയുണ്ടാക്കുന്ന കാര്യമാണ് കഴിഞ്ഞ ആഴ്ച മിനി ഊട്ടിയിലെ ഫാമിലി പാർക്കിൽ ഡ്രോപ് ടവർ പൊട്ടി വീണതും  ചിലർക്ക് പരിക്കേറ്റതും.  ഇത്തരം ചെറുകിട വിനോദ സഞ്ചാര മേഖലയിൽ ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് അധികാരികൾ ഉണർന്നു പ്രവർത്തിക്കേണ്ട ആവശ്യകതയാണ് ചൂണ്ടിക്കാണിക്കുന്നത്. ഉണർവ് അപകടം ശേഷമല്ല വേണ്ടത്, മുമ്പാണ്. വീഴ്ചകൾ വരുത്തുന്ന തൊഴിലാളികൾ മാത്രമല്ല സുരക്ഷ വീഴ്ചകൾ ഗൗനിക്കാത്ത അധികാരികളും ഒരേ സമയം കുറ്റക്കാർ തന്നെയാണ്.

Latest News