ഇന്ത്യ-സൗദി സൗഹൃദത്തിന്റെ ശക്തിയും വ്യാപ്തിയും ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു ഓപറേഷൻ കാവേരി. മാനുഷിക ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലും പ്രവാസ ലോകത്തെ പരസ്പര സഹകരണത്തിന്റെ പ്രസക്തി വിളിച്ചറിയിക്കുന്നതിലും കൂടി ഓപറേഷൻ കാവേരി വഴിയൊരുക്കി. ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽനിന്നുള്ള ഇന്ത്യക്കാരെ അതിവേഗം ഒഴിപ്പിക്കുന്ന പ്രക്രിയക്ക് സൗദി അറേബ്യ ഇന്ത്യക്ക് അകമഴിഞ്ഞ പിന്തുണയാണ് നൽകിയത്. സുഡാനിൽ താൽക്കാലിക വെടിനിർത്തൽ സാധ്യമാക്കുന്നതിലും അവിടെ കുടുങ്ങിയ വിവിധ രാജ്യക്കാരെ രക്ഷപ്പെടുത്തുന്നതിലും സൗദി അറേബ്യ വഹിച്ച പങ്ക് ലോക ശ്രദ്ധ പിടിച്ചു പറ്റുന്നതും ലോക നേതാക്കളുടെ പ്രശംസ ഏറ്റുവാങ്ങുന്നതുമായിരുന്നു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശാനുസരണം മന്ത്രിമാരും കര, നാവിക, വ്യോമ സേനാംഗങ്ങളും വിവിധ വകുപ്പുകളും എണ്ണയിട്ട യന്ത്രം കണക്കെ പ്രവർത്തിച്ചതു മൂലം സുഡാനിൽ കുടുങ്ങിയ വിവിധ രാജ്യക്കാരായ ആയിരക്കണക്കിനു പേർക്കാണ് അതിവേഗം ആശ്വാസം ലഭിച്ചത്. സൗദിയിലെത്തിയ ഓരോ രാജ്യക്കാർക്കും സ്നേഹോഷ്മള വരവേൽപാണ് സൗദി അറേബ്യ നൽകിയത്. ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകിയെന്നു മാത്രമല്ല, ആവശ്യമായവർക്ക് വിദഗ്ധ ചികിത്സയും ലഭ്യമാക്കി സമാധാനത്തോടെയും സന്തോഷത്തോടെയുമായിരുന്നു സൗദിയിലെത്തിയ ഓരോ രാജ്യക്കാരെയും മടക്കി അയച്ചത്.
ലോകത്തിന്റെ ഏതു കോണിലായിരുന്നാലും പ്രതിസന്ധി ഘട്ടങ്ങളിൽ തങ്ങളുടെ പൗരന്മാരുടെ രക്ഷക്ക് തുണയായുണ്ടാകുമെന്ന് ഓപറേഷൻ കാവേരിയിലൂടെ കേന്ദ്ര സർക്കാർ വീണ്ടും തെളിയിച്ചു. ഇതിനു മുൻപ് യെമനിൽ ആഭ്യന്തര യുദ്ധം രൂക്ഷമായപ്പോഴും ഉകൈൻ റഷ്യ യുദ്ധവേളയിലും കേന്ദ്ര സർക്കാർ ഉണർന്നു പ്രവർത്തിക്കുകയും അവിടങ്ങളിൽനിന്നുള്ള ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുകയും ചെയ്്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിർദേശാനുസരണം വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രണ്ടാഴ്ചയോളം സൗദിയിൽ ചെലവഴിച്ചാണ് ഓപറേഷൻ കാവേരിക്ക് നേതൃത്വം നൽകിയത്. ആഭ്യന്തര യുദ്ധം രൂക്ഷമായിരുന്നിട്ടും ഏതാണ്ട് പത്തു ദിവസത്തിനകം 3862 ഇന്ത്യക്കാരെയാണ് സുഡാനിൽനിന്ന് സൗദി അറേബ്യയുടെ സഹായത്തോടെ ഒഴിപ്പിച്ച് ഇന്ത്യയിലെത്തിച്ചത്. സുഡാനിലെ വിവിധ കേന്ദ്രങ്ങൾ വഴി ജിദ്ദയിലെത്തിച്ച ശേഷമാണ് വ്യോമസേനയുടെയും രാജ്യാന്തര വിമാന സർവീസുകളും ഉപയോഗപ്പെടുത്തി കൊച്ചി ഉൾപ്പെടെ ഇന്ത്യയുടെ വിവിധ വിമാനത്താവളങ്ങളിലെത്തിച്ചത്. മലയാളികളെ അവരുടെ വീടുകളിലെത്തിക്കുന്നതിന് സംസ്ഥാന സർക്കാരും ഉണർന്നു പ്രവർത്തിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ പതിനേഴ് വിമാനങ്ങളും നാവിക സേനയുടെ അഞ്ചു കപ്പലുകളും ഒഴിപ്പിക്കൽ പ്രക്രിയയുടെ ഭാഗമായത് മടങ്ങാൻ ആഗ്രഹിച്ചവരുടെ മടക്കം എളുപ്പമാക്കി.
സംഘർഷം രൂക്ഷമായ തലസ്ഥാനമായ ഖാർത്തൂമിൽനിന്ന് ആയിരത്തോളം കിലോമീറ്റർ അകലെയുള്ള സുഡാൻ തുറമുഖം വഴിയായിരുന്നു ഒഴിപ്പിക്കൽ. പോർട്ട് സുഡാനു പുറമെ വാദി സയ്യദ്ന വഴിയും അയൽ രാജ്യങ്ങൾ വഴിയും ഇന്ത്യക്കാരെ ഓപറേഷൻ കാവേരിയിലൂടെ ഒഴിപ്പിക്കാനായി. സുഡാനിലെ ഇന്ത്യൻ നയതന്ത്രാലയ ഉദ്യോഗസ്ഥരും സൗദിയിലെ ഇന്ത്യൻ എംബസി, കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഒഴിപ്പിക്കൽ നടപടിക്കായി കാഴ്ചവെച്ച സേവനം പ്രശംസ അർഹിക്കുന്നതാണ്. പരാതികൾക്കിടയില്ലാതെ ആവശ്യമായ എല്ലാ സുരക്ഷയും സഹായങ്ങളും ലഭ്യമാക്കിയാണ് ഓരോ ഇന്ത്യക്കാരനെയും സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്. ഇതിനായി രാപ്പകലില്ലാതെ അധ്വാനിച്ച സേനാംഗങ്ങളും ഉദ്യോഗസ്ഥരും അവർക്കു നേതൃത്വം നൽകിയ മന്ത്രി മുരളീധരനും പ്രശംസനീയമായ പ്രവർത്തനങ്ങളാണ് നടത്തിയത്.
പ്രതിസന്ധിയും പ്രശ്നങ്ങളും നേരിടുന്നവർക്കും ദുരിതമനുഭവിക്കുന്നവർക്കും ആശ്വാസം പകരുന്നതിൽ പ്രവാസികൾ എന്നും മുന്നിലാണ്. പ്രത്യേകിച്ച് ജിദ്ദയിലെ പ്രവാസി സമൂഹം ജാതി, മത ഭേദമില്ലാതെ സന്നദ്ധ സേവനത്തിൽ ഒറ്റക്കെട്ടായാണ് പ്രവർത്തിക്കാറ്. ഓപറേഷൻ കാവേരിയുടെ ഭാഗമായി അത് ഒരിക്കൽ കൂടി അവർ കാഴ്ചവെച്ചു. സുഡാനിൽനിന്ന് ഓപറേഷൻ കാവേരിയിലൂടെ ഒഴിപ്പിച്ചുകൊണ്ടുവന്ന ഇന്ത്യക്കാർക്ക് ഭക്ഷണവും വെള്ളവും ആവശ്യമായവർക്ക് വസ്ത്രവും ചികിത്സയും ലഭ്യമാക്കുന്നതിലും അവർ വഹിച്ച പങ്ക് നിസ്സീമമാണ്. ചെറുതും വലുതുമായ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക സംഘടനകളുടെ നിരവധി പ്രവർത്തകരാണ് അതിനായി മുന്നോട്ടു വന്നത്. ഒഴിപ്പിച്ചു കൊണ്ടുവന്നവർക്ക് താമസ സൗകര്യമൊരുക്കിയിരുന്ന ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ യാതൊരു ബുദ്ധിമുട്ടും അനുഭവിക്കാത്ത വിധത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഇന്ത്യൻ സമൂഹം പ്രത്യേകിച്ച് മലയാളികൾ സജീവമായി രംഗത്തുണ്ടായിരുന്നു. അതുപോലെ ഇന്ത്യൻ സ്‌കൂൾ ജീവനക്കാരും മാനേജ്മെന്റും സന്നദ്ധ പ്രവർത്തകർക്കൊപ്പം സേവന നിരതരായി രംഗത്തുണ്ടായിരുന്നതും സുഡാനിൽനിന്ന് സ്‌കൂളിൽ എത്തിപ്പെട്ടവർക്ക് ആശ്വാസം പകരുന്നതായിരുന്നു. മലയാളി സന്നദ്ധ പ്രവർത്തകരുടെ അകമഴിഞ്ഞ സേവനം മലയാളി കൂടിയായ മന്ത്രി മുരളീധരന് തന്റെ പ്രവർത്തനങ്ങൾ എളുപ്പത്തിൽ കാര്യക്ഷമമാക്കുന്നതിനും സഹായകമായി. അതുകൊണ്ടു തന്നെ സന്നദ്ധ പ്രവർത്തകരുടെ സേവനത്തെ വാനോളം പുകഴ്ത്താനും അദ്ദേഹം മറന്നില്ല. യാതൊരുവിധ രാഷ്ട്രീയ വൈജാത്യങ്ങളുമില്ലാതെ വിവിധ രാഷ്ട്രീയ കക്ഷികളിൽ പെട്ടവർ ഒത്തൊരുമിച്ചു നിന്നു നടത്തിയ സേവനം മാതൃകാപരമായിരുന്നു.
സുഡാൻ പ്രതിസന്ധി ഉടലെടുത്ത നിമിഷം മുതൽ സൗദി അറേബ്യ വിവിധ രാജ്യങ്ങൾക്കായി നടത്തിയ സേവനം അവിസ്മരണീയമായിരുന്നു. തങ്ങളുടെ സ്വന്തം പൗരന്മാരെ ഒഴിപ്പിക്കുന്നതു പോലെയായിരുന്നു ഓരോ രാജ്യങ്ങളുടെയും പൗരന്മാരെ ഒഴിപ്പിക്കുന്നതിന് സൗദി തയാറായത്. ഇക്കാര്യത്തിൽ ഇന്ത്യയോടു കാണിച്ച സഹകരണത്തെയും സഹായത്തെയും അദ്വിതീയം എന്നാണ് മന്ത്രി വി. മുരളീധരൻ വിശേഷിപ്പിച്ചത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഊഷ്മള സുഹൃദ്ബന്ധം സുഡാനിൽനിന്ന് ഇന്ത്യക്കാരെ വേഗത്തിൽ ഒഴിപ്പിക്കാൻ അവസരമൊരുക്കിയെന്നാണ്് മന്ത്രി മുരളീധരൻ അഭിപ്രായപ്പെട്ടത്. ഇന്ത്യക്കാരെ സുരക്ഷിതമായി എത്തിക്കാൻ സൗദി ഭരണ നേതൃത്വം എല്ലാ സഹായ സഹകരണങ്ങളും നൽകിയതിന്് അവരോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്താനും മന്ത്രി മറന്നില്ല. സൗദിയിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികൾക്ക് സൗദി ഭരണകൂടം നൽകിവരുന്ന സഹായ സഹകരണത്തിനും സംരക്ഷണത്തിനും മന്ത്രി പ്രത്യേകം നന്ദിയും അറിയിച്ചു.
സൗദി വിദേശകാര്യ സഹമന്ത്രിമാരായ വലീദ് അൽഖറൈജി, തൊഴിൽ സഹമന്ത്രിമാരായ ഡോ. അദ്നാൻ അൽനഈം, ഡോ. അഹമ്മദ് അൽസഹ്റാനി എന്നിവരുമായും വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകൾ നടത്തിയും മസ്മക് കൊട്ടാരവും ചരിത്ര നഗരമായ ദർഇയയും സന്ദർശിച്ചുമാണ് ഓപറേഷൻ കാവേരി വിജയകരമായി പൂർത്തിയാക്കി മന്ത്രി സൗദി വിട്ടത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യ സൗദി സൗഹൃദം മുൻപെന്നത്തേക്കാളും ശക്തമാണിപ്പോൾ. അതിന്റെ പ്രതിഫലനം കൂടിയായിരുന്നു ഓപറേഷൻ കാവേരിയിലും പ്രതിഫലിച്ചത്.






