വോട്ടു ചെയ്യാനെത്തിയ പൂര്‍ണ ഗര്‍ഭിണി പോളിംഗ് ബൂത്തില്‍ പ്രസവിച്ച് മടങ്ങി

ബെംഗളൂരു- മനിലയ്ക്ക് കുഞ്ഞ് പിറന്നത് ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ അധികാരമായ പൗരന്റെ വോട്ടെടുപ്പിന്റെ നേരത്ത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് മനില പോളിംഗ് ബൂത്തില്‍ കുഞ്ഞിന് ജന്മം നല്‍കിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ബെല്ലാരി ജില്ലയിലെ കമ്പല്‍ നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനിലാണ് കൗതുകകരമായ സംഭവമുണ്ടായത്. കുര്‍ലങ്ങിടി ഗ്രാമത്തിലെ ബൂത്ത് നമ്പര്‍ 228ല്‍ വോട്ട് ചെയ്യാനായി ക്യൂ നില്‍ക്കുകയായിരുന്ന 23കാരി മനിലയ്ക്ക് അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് യുവതിയെ ഒരു മുറിയിലേക്ക് മാറ്റുകയും വനിതാ പോളിംഗ് ഉദ്യോഗസ്ഥരുടേയും വോട്ട് ചെയ്യാനെത്തിയ സ്ത്രീകളുടേയും സഹായത്തോടെ അവിടെ അവര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. 

പ്രസവാനന്തരം മനിലയെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

Latest News