മാന്യമല്ലാത്ത വസ്ത്രം: അന്വേഷണം നേരിടുന്ന മാധ്യമ പ്രവര്‍ത്തക വിദേശത്തേക്ക് രക്ഷപ്പെട്ടു

അന്വേഷണം നേരിടുന്ന സൗദി മാധ്യമപ്രവര്‍ത്തക ശീരീന്‍ അല്‍രിഫാഇ വിവാദ പ്രോഗ്രാമില്‍.

റിയാദ് - സഭ്യതക്ക് നിരക്കാത്ത വസ്ത്രം ധരിച്ച് ടി.വി പ്രോഗ്രാം അവതരിപ്പിച്ച സൗദി മാധ്യമപ്രവര്‍ത്തക വിദേശത്തേക്ക് രക്ഷപ്പെട്ടു. ഇവര്‍ക്കെതിരെ ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ ചൊവ്വാഴ്ച അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യം പുറത്തുവന്നതോടെയാണ് മാധ്യമപ്രവര്‍ത്തക വിദേശത്തേക്ക് രക്ഷപ്പെട്ടത്. ഇത് മറ്റൊരു നിയമ ലംഘനമാണെന്ന് കമ്മീഷന്‍ പറഞ്ഞു. വിദേശത്തേക്ക് രക്ഷപ്പെട്ടതിലൂടെ ഇവര്‍ നിയമ നടപടികളില്‍നിന്ന് ഒഴിവാക്കപ്പെടില്ലെന്നും രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസരിച്ച് ഇവര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കി നടപടികള്‍ സ്വീകരിക്കുമെന്നും ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ പറഞ്ഞു.

മാധ്യമപ്രവര്‍ത്തക ശീരീന്‍ അല്‍രിഫാഇ ആണ് ടി.വി പ്രോഗ്രാം അവതരിപ്പിച്ചത്. വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി പ്രാബല്യത്തില്‍ വന്നതോടനുബന്ധിച്ച് സംപ്രേഷണം ചെയ്ത പ്രോഗ്രാമിലാണ് ശീരീന്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തില്‍ വന്നതോടനുബന്ധിച്ച് പ്രത്യേക പ്രോഗ്രാം തയാറാക്കുന്നതിനു വേണ്ടിയാണ് വിദേശത്തായിരുന്ന താന്‍ രാജ്യത്തെത്തിയതെന്ന് ശീരീന്‍ അല്‍രിഫാഇ പറഞ്ഞു.
സഭ്യതക്ക് നിരക്കാത്ത വസ്ത്രമാണ് താന്‍ ധരിച്ചത് എന്ന നിലയില്‍ പ്രചരിപ്പി ക്കുന്നത് ശരിയല്ല. പര്‍ദയണിഞ്ഞും ശരീരഭാഗങ്ങള്‍ മറച്ചുമാണ് താന്‍ പ്രോഗ്രാം തയാറാക്കിയത്. തന്നെ കുറിച്ച് പ്രചരിപ്പിച്ച കാര്യങ്ങളില്‍ സത്യം ദൈവം പുറത്തുകൊണ്ടുവരുമെന്നും ശീരീന്‍ അല്‍രിഫാഇ പറഞ്ഞു. തീരുമാനം പുറത്തുവന്ന് അധികം കഴിയുന്നതിനു മുമ്പായി വിമാന ടിക്കറ്റ് തന്റെ സ്‌നാപ്ചാറ്റ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ശീരീന്‍ അല്‍രിഫാഇ താന്‍ സൗദി വിടുകയാണെന്നും എല്ലാവരോടും യാത്ര പറയുകയാണെന്നും കുറിച്ചു.


 

 

 

Latest News