Sorry, you need to enable JavaScript to visit this website.

സുധീരന് ഇതെന്തുപറ്റി? 

കോൺഗ്രസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് മുമ്പ് അധികം പറഞ്ഞുകേട്ടിട്ടില്ലാത്ത കെ. ശ്രീനിവാസൻ എന്നൊരാളെ പെട്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിച്ചതായുള്ള വാർത്ത ജനം ശ്രദ്ധിച്ചത് ആ നടപടിക്കെതിരെ കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരന്റെ പ്രസ്താവന വന്നപ്പോഴാണ്. പാർട്ടി പ്രവർത്തകർക്ക് തെറ്റായ സന്ദേശം നൽകും, ഈ ശ്രീനിവാസൻ ഇതാരണെന്ന ചോദ്യം ഉയരും എന്നൊക്കെയായിരുന്നു സുധീരന്റെ പരസ്യ വിമർശനങ്ങൾ. 
ആന്ധ്രാ പ്രദേശിന്റെ ചുമതലയാണ് ശ്രീനിവാസന് നൽകിയിരിക്കുന്നത്, അതായത് ഉമ്മൻ ചാണ്ടിയുടെ സഹായി. ആരാണീ ശ്രീനിവാസൻ എന്നന്വേഷിച്ചപ്പോഴാണ് പാർട്ടി പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ തീരുമാനം മോശമായില്ല എന്ന തോന്നലുണ്ടായത്. തീരുമാനത്തെ എതിർക്കാൻ സുധീരന് ഇതെന്തുപറ്റിയെന്ന സംശയവും.
രണ്ട് പതിറ്റാണ്ട് മുമ്പ് സൗദി അറേബ്യയിലേക്ക് വരുന്നതിനുമുമ്പ് നാട്ടിൽവെച്ച് ഈ കുറിപ്പുകാരന് വ്യക്തിപരമായി നല്ല അടുപ്പമുണ്ടായിരുന്നയാളാണ് കെ. ശ്രീനിവാസൻ. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ രണ്ട് വർഷത്തോളം ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം അന്നവിടെ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററും, ഈ ലേഖകൻ കാഷ്വൽ റിപ്പോർട്ടറും. സിവിൽ സർവീസിന്റെ ഭാഗമായ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (ഐ.ഐ.എസ്) ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. തൃശൂർ എൻജിനീയറിംഗ് കോളേജിൽനിന്ന് എൻജിനീയറിംഗ് ബിരുദവും, പിന്നീട് ബാംഗളൂർ ഐ.ഐ.എമ്മിൽനിന്ന് എം.ബി.എയും നേടിയശേഷമാണ് ശ്രീനിവാസൻ സിവിൽ സർവീസിലേക്ക് തിരിഞ്ഞത്. കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനും വേഗം തീരുമാനമെടുക്കാനും കഴിവുള്ള നല്ല ചുറുചുറുക്കുള്ള ഉദ്യോഗസ്ഥൻ. ഒപ്പം ജോലി ചെയ്യുന്നവർക്ക് എപ്പോഴും മോട്ടിവേഷൻ നൽകും. നല്ല നർമബോധവും. അദ്ദേഹവുമായി ഊഷ്മള സൗഹൃദമായിരുന്നു എനിക്കുണ്ടായിരുന്നത്.
ഐ.ഐ.എം പഠനം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് പ്രമുഖ കമ്പനികളിൽനിന്ന് മികച്ച ജോബ് ഓഫറുകൾ ലഭിച്ചതാണ്. അതെല്ലാം വേണ്ടെന്നുവെച്ച് അദ്ദേഹം സിവിൽ സർവീസ് തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ഐ.ഐ.ടികളിൽനിന്നും, ഐ.ഐ.എമ്മുകളിൽനിന്നും പാസൗട്ടാവുന്ന മിടുക്കരിൽ ഭൂരിപക്ഷവും വിദേശത്തെയോ ഇന്ത്യയിൽതന്നെയോ ഉള്ള സ്വകാര്യ കമ്പനികളിൽ ഭാരിച്ച ശമ്പളമുള്ള ഉന്നത പദവികൾ തേടി പോവുമ്പോൾ, രാഷ്ട്ര സേവനത്തിന് സ്വയം തയാറായ അദ്ദേഹത്തോട് മതിപ്പാണ് തോന്നിയത്. പിന്നീടദ്ദേഹം ദൽഹിയിലേക്ക് സ്ഥലം മാറിപ്പോയതോടെ സ്വാഭാവികമായും ആ ബന്ധം അവസാനിച്ചു. 
കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബാംഗവും, മുൻ മുഖ്യമന്ത്രി കെ. കരുണാകരനുമായി നല്ല അടുപ്പവമുണ്ടായിരുന്ന ശ്രീനിവാസൻ പക്ഷെ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന് അന്നൊന്നും തോന്നിയിരുന്നില്ല. കോൺഗ്രസ് രാഷ്ട്രീയത്തേക്കാളേറെ കരുണാകരനുമായുള്ള വ്യക്തിബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത് എന്നാണ് തോന്നിട്ടിട്ടുള്ളത്. ദൽഹിയിലേക്ക് പോയ ശ്രീനിവാസൻ, അന്ന് കേന്ദ്ര മന്ത്രിയായിരുന്ന കരുണാകരന്റെ ദൽഹിയിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (ഒ.എസ്.ഡി) ആയിരുന്നു. മിടുക്കന്മാരായ സിവിൽ സർവീസ് ഉദ്യോഗസ്ഥന്മാരെ എപ്പോഴും തന്നോടൊപ്പം നിർത്താൻ ശ്രദ്ധിച്ചിട്ടുള്ള നേതാവാണല്ലോ കരുണാകരൻ. കരുണാകരനുമായി മാത്രമല്ല മകൻ മുരളീധരനുമായും നല്ല അടുപ്പം പുലർത്തിയിരുന്നു അദ്ദേഹം.
കഴിവും യോഗ്യതയുമുള്ളവരെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുകയും അവരെ പാർട്ടിക്കും, രാജ്യത്തിനും പ്രയോജപ്പെടുത്തുകയും ചെയ്യുന്നത് ഏത് രാഷ്ട്രീയ പാർട്ടി ആയാലും അംഗീകരിക്കണം. കോൺഗ്രസ് അടക്കം ഇന്ത്യയിലെ മിക്ക രാഷ്ട്രീയ കക്ഷികളും ഇത്തരം നടപടികൾ സ്വീകരിക്കുന്നുമുണ്ട്. കപിൽ സിബൽ, ശശി തരൂർ, നന്ദൻ നിലേകനി തുടങ്ങിയവർ ഇങ്ങനെ കോൺഗ്രസിൽ എത്തിയവരാണ്. ഈ സാഹചര്യത്തിലാണ് സുധീരന്റെ എതിർപ്പ് സ്വാഭാവികമായും സംശയിക്കപ്പെടുന്നത്. തൃശൂർകാരനായ ശ്രീനിവാസനെ, തൃശൂർകാരൻ തന്നെയായ സുധീരന് എന്തായാലും അറിയാതിരിക്കാൻ വഴിയില്ല. പിന്നെ എന്തുകൊണ്ടായിരിക്കും അദ്ദേഹം ഏത് ശ്രീനിവാസൻ എന്ന ചോദ്യം ഉന്നയിച്ചത്. മുമ്പ് സുധീരൻ കരുണാകരന്റെ കണ്ണിലെ കരടായിരുന്ന കാലത്ത്, അന്ന് കരുണാകരനുമായി നല്ല ബന്ധം പുലർത്തിയിരുന്ന വ്യക്തിയെ പാർട്ടിയിലേക്ക് കൊണ്ടുവന്നതിലുള്ള വൈരാഗ്യമായിരിക്കുമോ? അതോ പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് വാർത്തകളിൽ നിറഞ്ഞുനിൽക്കാനുള്ള സ്ഥിരം തന്ത്രമോ?
നരേന്ദ്ര മോഡി എന്ന ബുൾഡോസറിനുമുന്നിൽ ചതഞ്ഞരയാൻ വിധിക്കപ്പെട്ട പാർട്ടി എന്നതാണ് ഇന്ത്യയിൽ കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ. 2019ലെ പൊതുതെരഞ്ഞെടുപ്പോടെ കോൺഗ്രസിനെ രാജ്യത്തുനിന്ന് തൂത്തെറിയാനുള്ള തന്ത്രങ്ങൾ മെനയുകയാണ് മോഡിയും ബി.ജെ.പി പ്രസിഡന്റ് അമിത് ഷായും. ഇത് തിരിച്ചറിഞ്ഞാണ്, അത്തരം നീക്കങ്ങൾ ചെറുക്കുന്നതിനായി എന്ത് വിട്ടുവീഴ്ച്ചക്കും തയാറായി കോൺഗ്രസും രാഹുൽ ഗാന്ധിയും, സോണിയ ഗാന്ധിയും രാഷ്ട്രീയ കരുനീക്കങ്ങൾ നടത്തുന്നത്. ഏറ്റവുമൊടുവിൽ കർണാടകയിൽ കണ്ടതും അത്തരത്തിൽ നിലനിൽപിനായുള്ള പോരാട്ടമാണ്. 
മറ്റ് പ്രതിപക്ഷ പാർട്ടികളെ കൂട്ടുപിടിച്ച് 2019ൽ തങ്ങൾക്കെതിരെ വിശാല മുന്നണി ഉണ്ടാക്കാനുള്ള കോൺഗ്രസ് നീക്കം പൊളിക്കാനുള്ള ശ്രമം ബി.ജെ.പി ആസൂത്രിതമായി ആരംഭിച്ചുകഴിഞ്ഞു. അടിയന്തിരാവസ്ഥയെയും ഇന്ദിരാ ഗാന്ധിയെയും ലക്ഷ്യമിട്ട് മോഡിയും അരുൺ ജെയ്റ്റ്‌ലിയും ബി.ജെ.പി നേതാക്കളും നടത്തുന്ന പ്രസ്താവനകൾ അതിന്റെ ഭാഗമാണ്. കോൺഗ്രസുമായി ഇപ്പോൾ സഖ്യം കൂടുകയോ, കൂടാൻ ആഗ്രഹിക്കുകയോ ചെയ്യുന്ന മിക്ക പാർട്ടികളും അടിയന്തിരാവസ്ഥയുടെ പേരിൽ കോൺഗ്രസിനെയും ഇന്ദിരയെയും നഖശിഖാന്തം വിമർശിക്കുന്നവരാണ്. ആ മർമത്തിലാണ് ബി.ജെ.പി അടിക്കുന്നത്. തങ്ങൾ ഉയർത്തിവിടുന്ന വിവാദം ചർച്ച ചെയ്യപ്പെടുമ്പോൾ, സ്വാഭാവികമായും മറ്റ് പാർട്ടികൾക്ക് കോൺഗ്രസിനെ എതിർക്കേണ്ടിവരുമല്ലോ. അത്തരം വാദപ്രതിവാദങ്ങൾ പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്തും. മാത്രമല്ല, അടിയന്തിരാവസ്ഥയെ എതിർക്കാൻ രാജ്യത്ത് സോഷ്യലിസ്റ്റുകൾക്കും കമ്മ്യൂണിസ്റ്റുകൾക്കുമൊപ്പം രംഗത്തുണ്ടായിരുന്നവരാണ് ബി.ജെ.പിയുടെ പഴയ രൂപമായ ജനസംഘമെന്ന സത്യം അവർക്ക് പുറത്തുപറയേണ്ടിയും വരും. 
ബി.ജെ.പി തന്ത്രത്തിനുമുന്നിൽ പ്രതിപക്ഷം ഐക്യം ശിഥിലമാകാതിരിക്കാനും, അതിന്റെ നേതൃത്വം തങ്ങൾക്കുതന്നെ ഉറപ്പുവരുത്താനും കോൺഗ്രസിന് സ്വന്തം ശക്തി വർധിപ്പിച്ചേ തീരൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടിക്ക് നല്ല അടിത്തറയുണ്ടായിരുന്ന, തെലങ്കാന രൂപീകരണത്തോടെ കൈമോശം വന്ന ആന്ധ്ര പ്രദേശിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്നത് വലിയൊരു ദൗത്യം തന്നെയാണ്. അതിന് പരിചയസമ്പന്നരായ രാഷ്ട്രീയനേതാക്കൾ മാത്രം പോര, പുതുതലമുറയുടെ മിഡിപ്പുകൾ അറിയാവുന്ന പ്രൊഫഷനലുകൾ കൂടി വേണമെന്ന് നേതൃത്വത്തിന് തോന്നിയിരിക്കും. അതാവാം ശ്രീനിവാസനെ പോലെ കഴിവും യോഗ്യതയുമുള്ള ഒരാളെ പാർട്ടി ഇത്തമൊരു ചുമതല ഏൽപ്പിക്കാൻ കാരണം. പാർട്ടിയിൽ കരുണാകരന്റെ ബദ്ധശത്രുവായിരുന്ന ഉമ്മൻ ചാണ്ടിക്കൊപ്പം, കരുണാകരന്റെ പഴയ വിശ്വസ്തന് ചുമതല നൽകുമ്പോൾ കോൺഗ്രസ് നേതൃത്വം നോക്കുന്നത് പാർട്ടിയുടെ നിലനിൽപ്പ് മാത്രമാണ്.
ഏത് പാർട്ടിയായാലും നിലനിൽപിന്റെ പ്രശ്‌നം വരുമ്പോൾ ഇതുതന്നെയാണ് സ്ഥിതി. അവിടെ പഴങ്കഥകൾക്കും, പണ്ട് പറഞ്ഞ പ്രസ്താവനകൾക്കുമൊന്നും വലിയ സ്ഥാനമുണ്ടാവില്ല. പരസ്പരം സഹകരിക്കണമെന്ന് ബംഗാളിലെ സി.പി.എമ്മും, കോൺഗ്രസും ഒരേ സ്വരത്തിൽ പറയുന്നത് കണ്ടില്ലേ. ഒരു കാലത്ത് കീരിയും പാമ്പുമായിരുന്നല്ലോ ഇരുകൂട്ടരും. പക്ഷെ ദേശീയ രാഷ്ട്രീയത്തിലെ ഈ ചലനങ്ങളും അന്തർ നാടകങ്ങളുമൊന്നും സുധീരൻ അറിയുന്നില്ലെന്നുണ്ടോ, അതോ അതിനേക്കാളേറെ വലുതാണ് തന്റെ വാശി എന്നാണോ?

Latest News