Sorry, you need to enable JavaScript to visit this website.

സൗദിയിൽ വിമാന യാത്രക്കാർക്ക് കൂടുതൽ അവകാശങ്ങൾ, അറിഞ്ഞിരിക്കേണ്ട നിയമം

ജിദ്ദ - സൗദിയിൽ വിമാന യാത്രക്കാർക്ക് കൂടുതൽ അവകാശങ്ങൾ ഉറപ്പുനൽകുന്ന പുതിയ നിയമാവലി നടപ്പാക്കാൻ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന് നീക്കം. കരടു നിയമാവലി പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിർദേശങ്ങൾക്കു വേണ്ടി പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിൽ അതോറിറ്റി പരസ്യപ്പെടുത്തി. 
യാത്രക്കാർക്ക് സീറ്റ് നിഷേധിക്കുകയോ സർവീസ് റദ്ദാക്കുകയോ സർവീസിന് കാലതാമസം നേരിടുകയോ ചെയ്യുന്ന പക്ഷം ആദ്യ മണിക്കൂറിൽ തന്നെ യാത്രക്കാർക്ക് വിമാന കമ്പനികൾ പാനീയങ്ങൾ വിതരണം ചെയ്യൽ പുതിയ നിയമാവലി നിർബന്ധമാക്കുന്നു. സർവീസിന് കാലതാമസം വരുന്ന സമയം മൂന്നു മണിക്കൂർ പിന്നിടുന്ന പക്ഷം യാത്രക്കാർക്ക് ഉചിതമായ ഭക്ഷണം വിതരണം ചെയ്യണം. കാലതാമസം ആറു മണിക്കൂർ കവിയുന്ന പക്ഷം യാത്രക്കാർക്ക് ഹോട്ടൽ താമസം ഏർപ്പെടുത്തലും വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കും തിരിച്ചും യാത്രാ സംവിധാനം ഏർപ്പെടുത്തലും നിർബന്ധമാണ്. 
വിമാന കമ്പനികൾ കരാർ വ്യവസ്ഥകൾ പാലിക്കാത്തതു മൂലം നേരിടുന്ന കഷ്ട നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം തേടി യാത്രക്കാർക്ക് സൗദിയിലെ കോടതിയിൽ കേസ് നൽകാൻ നിയമാവലി അവകാശം നൽകുന്നു. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അംഗീകരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളുടെ പേരിൽ സർവീസുകൾ നേരത്തെയാക്കുകയോ വൈകിപ്പിക്കുയോ ചെയ്യുന്ന കേസുകളിൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ കമ്പനികൾക്ക് ബാധ്യതയില്ല. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാർക്ക് വിമാന കമ്പനികൾക്ക് നിയമാനുസൃത പരിചരണങ്ങൾ നൽകിയിരിക്കണം. നിയമാവലി ലംഘിക്കുന്ന വിമാന കമ്പനികൾക്ക് 50,000 റിയാലിൽ കവിയാത്ത തുക പിഴയായി ചുമത്തും. 
ഓവർബുക്കിംഗ് കാരണം സീറ്റ് നിഷേധിക്കപ്പെടുന്ന യാത്രക്കാരൻ യാത്ര ഉപേക്ഷിക്കുന്ന പക്ഷം ടിക്കറ്റ് നിരക്കിനു പുറമെ ടിക്കറ്റ് നിരക്കിന്റെ ഇരട്ടി തുക നഷ്ടപരിഹാരമായി നൽകൽ നിർബന്ധമാണ്. സർവീസ് റദ്ദാക്കുന്ന പക്ഷം ടിക്കറ്റ് നിരക്ക് പൂർണമായും യാത്രക്കാരന് തിരികെ ലഭിക്കാൻ അവകാശമുണ്ട്. സർവീസ് റദ്ദാക്കുന്നതിനെ കുറിച്ച് യാത്രയുടെ 60 ദിവസം മുമ്പ് 14 ദിവസം മുമ്പു വരെയുള്ള കാലത്ത് വിമാന കമ്പനി യാത്രക്കാരനെ മുൻകൂട്ടി അറിയിക്കുന്ന പക്ഷം ടിക്കറ്റ് നിരക്കിനു പുറമെ ടിക്കറ്റ് നിരക്കിന്റെ 50 ശതമാനത്തിന് തുല്യമായ തുക നഷ്ടപരിഹാരമായി യാത്രക്കാരന് ലഭിക്കാനും അവകാശമുണ്ട്. യാത്രയുടെ 14 ദിവസം മുമ്പു മുതൽ 24 മണിക്കൂർ മുമ്പു വരെയുള്ള സമയത്താണ് സർവീസ് റദ്ദാക്കുന്ന കാര്യം അറിയിക്കുന്നതെങ്കിൽ ടിക്കറ്റ് നിരക്കിനു പുറമെ ടിക്കറ്റ് നിരക്കിന്റെ 75 ശതമാനത്തിന് തുല്യമായ തുക യാത്രക്കാരന് നഷ്ടപരിഹാരമായി വിമാന കമ്പനി നൽകണം. യാത്രയുടെ 24 മണിക്കൂർ മുമ്പു മുതൽ യാത്രാ സമയം വരെയുള്ള സമയത്താണ് സർവീസ് റദ്ദാക്കുന്ന കാര്യം അറിയിക്കുന്നതെങ്കിൽ ടിക്കറ്റ് നിരക്കിനു പുറമെ ടിക്കറ്റ് നിരക്കിന്റെ 150 ശതമാനത്തിന് തുല്യമായ തുക നഷ്ടപരിഹാരമായി ലഭിക്കാനും യാത്രക്കാരന് അവകാശമുള്ളതായി പുതിയ നിയമാവലി വ്യക്തമാക്കുന്നു.
 

Latest News