ദക്ഷിണേന്ത്യയിൽ ആദ്യമായി താമര വിരിഞ്ഞ കർണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം ഏതാനും ദിവസങ്ങൾക്കകമറിയാം. രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് ഒരു വർഷത്തിനകം നടക്കും. 2024 പൊതുതെരഞ്ഞെടുപ്പിന് നാല് സെമി ഫൈനലുകളാണുള്ളത്. അതിൽ ആദ്യത്തേതാണ് കർണാടകയിൽ. തുടർന്ന് ഈ വർഷം തന്നെ വലിയ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നു. വിന്ധ്യനിപ്പുറം സ്വാധീനം കുറഞ്ഞ ബി.ജെ.പിക്ക് ദക്ഷിണേന്ത്യയിലെ പിടിവള്ളിയാണ് കർണാടക. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കഴിഞ്ഞ ശേഷമുള്ള പ്രധാന തെരഞ്ഞെടുപ്പാണിത്. കന്യാകുമാരിയിൽ നിന്ന് പ്രയാണമാരംഭിച്ച രാഹുൽ ഗാന്ധിയുടെ സഞ്ചാരത്തിന് മികച്ച ജനപിന്തുണ ലഭിച്ച സംസ്ഥാനം കൂടിയാണ് കർണാടക. നവംബറിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ഹിമാചൽ പ്രദേശ് പിടിച്ചെടുത്തതിന് ശേഷം കോൺഗ്രസ് നേരിടുന്ന തെരഞ്ഞെടുപ്പ്.
ദേശീയ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഹിൻഡൻബർഗ് റിപ്പോർട്ട്, ആം ആദ്മി ഉപ മുഖ്യമന്ത്രിയുടെ ജയിൽ വാസം, രാഹുൽ ഗാന്ധിക്കെതിരെയുള്ള കോടതി വിധിയും അയോഗ്യനാക്കലും, പുൽവാമ അഭിമുഖം മുതൽ ഏറ്റവുമൊടുവിൽ മണിപ്പൂരിലെ കലാപം വരെ കർണാടക പോലെ പ്രധാനപ്പെട്ട സംസ്ഥാനത്ത് വോട്ടിംഗിൽ നിർണായകമാവേണ്ടതാണ്. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തകർപ്പൻ റോഡ് ഷോകളാണ് ബംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ അരങ്ങേറിയത്. മോഡിയുടെ ഷോ കാണാനെത്തിയ യുവാക്കളിൽ പലരും ഹനുമാന്റെ ചിത്രം മുഖാവരണമായി ധരിച്ചിരിക്കുന്നത് വാർത്ത ഏജൻസികൾ ലോകമെമ്പാടുമുള്ള മാധ്യമ സ്ഥാപനങ്ങളിലെത്തിച്ചു. 2024 പൊതുതെരഞ്ഞെടുപ്പിലും ഹിന്ദുത്വയിൽ ഊന്നിയുള്ള പ്രചാരണമായിരിക്കുമെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകിയിരിക്കുന്നത്. മോഡി തരംഗത്തിലൂടെയാണ് 2014 ൽ ബി.ജെ.പി അധികാരത്തിലേറിയത്. അതു തന്നെയാണ് അവസാന ദിവസങ്ങളിൽ കർണാടകയിലും പയറ്റിയത്.
കോൺഗ്രസിന്റെ പ്രചാരണ വിഷയങ്ങളിൽ ജനജീവിതത്തെ സ്വാധീനിക്കുന്ന വിഷയങ്ങളാണ് മുന്നിട്ടു നിന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ ചർച്ചയാക്കിയ കോൺഗ്രസ് ജനങ്ങൾക്ക് മുമ്പിൽ കൃത്യമായി നടപ്പാക്കാനുള്ള അജണ്ടയും മുന്നോട്ടു വെച്ചു. കർണാടകയിലെ ഭരണകക്ഷിയുടെ അഴിമതിയും കോൺഗ്രസ് തുറന്നു കാട്ടി.
കോൺഗ്രസിന് പിഴച്ചതെന്ന് പറയാൻ ഒറ്റ കാര്യമേയുള്ളൂ. ഞങ്ങൾക്ക് ഭരണം കിട്ടിയാൽ ജനങ്ങളിൽ വിദ്വേഷം പരത്തുന്ന ബജ്്‌റംഗ്ദളിനെയും പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കുമെന്ന് പറഞ്ഞു. ഭരണം കൈവന്നിട്ട് ചെയ്താൽ മതിയല്ലോ. ഇതുണ്ടാക്കിയ ഡാമേജ് പരിഹരിക്കാൻ അതിവിപുലമായ ഹനുമാൻ ക്ഷേത്രം പണിയുമെന്ന് കർണാടകയിലെ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. ഇതിലെ അപകടം മനസ്സിലാക്കി കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ ഉടൻ പ്രതികരിച്ചത് ശ്രദ്ധേയമാണ്. അധികാരം ലഭിച്ചാൽ ഹനുമാൻ ക്ഷേത്രങ്ങൾ പണിയുമെന്നും ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് കൂടുതൽ തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നര മാസം മുമ്പ് കർണാടക തെരഞ്ഞെടുപ്പിനൊരുങ്ങുന്ന വേളയിൽ ദേശീയ മാധ്യമങ്ങൾ ബി.ജെ.പിക്കാണ് വിജയ സാധ്യത കൽപിച്ചിരുന്നത്. പിന്നീടാണ് ബി.ജെ.പി നേതാക്കളിൽ പലരും പാർട്ടി വിട്ട് കോൺഗ്രസിലേക്ക് കൂടുമാറിയത്. പ്രമുഖ ദേശീയ മാധ്യമങ്ങളും സർവേ ഏജൻസികളും ബി.ജെ.പിയുടെ വിജയം ഉറപ്പിച്ചിരുന്നു തുടക്കത്തിൽ. മറ്റൊരിടത്തുമില്ലാത്ത വിധമാണ് കർണാടകയിൽ ഹിജാബ്, ഹലാൽ വിഷയങ്ങൾ ആളിക്കത്തിയത്. നിലമൊരുക്കിയതിന് ശക്തി പോരെന്ന സംശയത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മുസ്‌ലിം സമുദായത്തിന്റെ നാല് ശതമാനം ഒ.ബി.സി സംവരണം എടുത്തു മാറ്റി വോട്ട് പ്രതീക്ഷിക്കുന്ന മറ്റു രണ്ടു വിഭാഗങ്ങൾക്ക് നൽകി. കോൺഗ്രസ് അധികാരത്തിലേറിയാൽ ഈ സംവരണം പുനഃസ്ഥാപിക്കുമെന്ന് നേതാക്കൾ പറഞ്ഞിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വ്യക്തമായ മുൻതൂക്കമുണ്ടെന്നാണ് സർവേകളിൽ വ്യക്തമായത്. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി വലിയ ഭരണ വിരുദ്ധ തരംഗം നേരിടുന്നുണ്ടെന്നും 2023 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നുമാണ് മിക്ക അഭിപ്രായ സർവേകളും അഭിപ്രായപ്പെടുന്നത്. കോൺഗ്രസിന് 100-120 സീറ്റുകളും ബി.ജെ.പിക്ക് 60-80 സീറ്റുകളും ജെ.ഡി.എസിന് 20-30 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. കർണാടകയിൽ 224 സീറ്റുകളാണ് ആകെയുള്ളത്. 113 സീറ്റുകൾ ലഭിക്കുന്ന പാർട്ടി സർക്കാർ രൂപീകരിക്കും. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ഭൂരിഭാഗം സർവേകളും പ്രവചിക്കുന്നുണ്ടെങ്കിലും ജെ.ഡി.എസിന്റെ പിന്തുണയില്ലാതെ മൂന്ന് വർഷമായി കോൺഗ്രസ് വിജയത്തിനായി യത്‌നിക്കുന്ന കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെ പോലുള്ള നേതാക്കളെ കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ അപൂർവമായേ കാണാനുള്ളൂ.
അധികാരമില്ലാതെ മുഷിഞ്ഞ് മറുകണ്ടം ചാടുന്ന അനിൽ ആന്റണിമാരാണ് എങ്ങും.
കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടർ ഡി.കെ. ശിവകുമാർ രാജ്യത്തെ ഏറ്റവും വലിയ ധനികനായ രാഷ്ട്രീയക്കാരിൽ ഒരാളാണ്. കോൺഗ്രസ് ഇത്തവണ ഭരണം പിടിക്കുമെന്ന് ഡി.കെ. ശിവകുമാർ പറയുന്നു. കോൺഗ്രസിലെ ചാണക്യനായാണ് ഡി.കെ. ശിവകുമാറിനെ കർണാടക രാഷ്ട്രീയം കാണുന്നത്. 140 ലധികം സീറ്റുകൾ നേടി ഇത്തവണ കോൺഗ്രസ് ഭരണം പിടിക്കുമെന്ന് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ഡി.കെ. ശിവകുമാർ പറഞ്ഞു. വ്യക്തമായ മേൽക്കൈ ഇത്തവണ കോൺഗ്രസിന് ലഭിക്കും. ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള വാതിൽ തുറക്കാൻ പോകുകയാണ് കോൺഗ്രസ്. 1978 ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ പ്രകടന പത്രിക ശൂന്യമാണെന്ന് ശിവകുമാർ ആരോപിച്ചു. ഏക സിവിൽ കോഡ്, എൻ.ആർ.സി തുടങ്ങിയ കാര്യങ്ങളാണ് അവർ പ്രകടന പത്രികയിൽ പറയുന്നത്. ആശയങ്ങളുടെ ദാരിദ്ര്യമാണ് ബി.ജെ.പിക്ക്. കർണാടകക്ക് വേണ്ടി ഒരു പദ്ധതി പോലും അവർക്കില്ല. അതുകൊണ്ടാണ് വിവാദ വിഷയങ്ങൾ എടുത്തിടുന്നതെന്നും ശിവകുമാർ പറയുന്നു.
മുതിർന്ന നേതാക്കളിൽ ആര് മുഖ്യമന്ത്രിയാവുമെന്നത് കോൺഗ്രസിന് പിന്നീട് തലവേദനയാവുമെന്ന് സംശയിക്കുന്നവരുണ്ട്.
പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെക്കുന്ന പ്രമുഖ നേതാക്കൾ. ഇതുവരെ വലിയ പ്രശ്‌നങ്ങൾ ഇല്ലാതെ ഈ നേതാക്കളെ ഒപ്പം തന്നെ കൊണ്ടുപോവാൻ കഴിഞ്ഞു എന്നുള്ളത് എ. ഐ.സി.സിക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണെങ്കിലും അധികാരം ലഭിച്ചാൽ ഇരുവരുടെയും നീക്കം എന്തായിരിക്കും എന്നത് സംബന്ധിച്ചാണ് ആശങ്ക. 'ഞാൻ മുഖ്യമന്ത്രിയാകാനുള്ള മത്സരത്തിലാണ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ തീരുമാനിക്കും, ജനങ്ങൾ എന്നെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു, ഡി.കെ. ശിവകുമാറുമായി ഒരു പോരാട്ടവുമില്ല. അദ്ദേഹത്തിനും മുഖ്യമന്ത്രിയാവാൻ കഴിയും'' -ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ സിദ്ധരാമയ്യ പറഞ്ഞു.
മുമ്പ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. 'ആരാണ് പറഞ്ഞത് എനിക്ക് ഒരു ആഗ്രഹവുമില്ലെന്ന്? ഞാൻ ഒരു രാഷ്ട്രീയക്കാരനാണ്, സന്ന്യാസിയല്ല. കോൺഗ്രസ് പാർട്ടിയെ അധികാരത്തിലെത്തിക്കുക എന്നതാണ് എന്റെ കടമ, പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കും. ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയിൽ നേതൃത്വം അതിന്റെ ആഹ്വാനം സ്വീകരിക്കും -ഡികെ ശിവകുമാർ പ്രതികരിച്ചതങ്ങനെയാണ്.
2018 ൽ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കർണാടകയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറാൻ ബി.ജെ.പിക്ക് കഴിഞ്ഞെങ്കിലും കേവല ഭൂരിപക്ഷം തികയ്ക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചടുലമായ നീക്കങ്ങളിലൂടെ കോൺഗ്രസ് ജെ.ഡി.എസുമായി ചേർന്ന് സർക്കാർ രൂപീകരിച്ചത്.
ജെ.ഡി.എസിലെ കുമാരസ്വാമിക്കായിരുന്നു മുഖ്യമന്ത്രി സ്ഥാനം. തുടക്കം മുതൽ നിരവധി പ്രശ്‌നങ്ങൾ സഖ്യം നേരിട്ടിരുന്നു. പിന്നീട് കോൺഗ്രസിലെയും ജെ.ഡി.എസിലെയും 15 ലേറെ അംഗങ്ങൾ കൂറുമാറുകയും ചെയ്തതോടെ സഖ്യ സർക്കാർ വീഴുകയും ചെയ്തു. കേന്ദ്രത്തിലെ തുടർഭരണം ഉറപ്പിക്കാൻ ബി.ജെ.പിക്ക് കർണാടകയിൽ ജയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനായി ഏതറ്റം വരെയും പോകും. ഓപറേഷൻ ലോട്ടസ് പോലെ പലതും കാണാനിരിക്കുന്നു. കോൺഗ്രസ് വിജയമെന്നത് ഇന്ത്യയിലെ വിഘടിച്ചു നിൽക്കുന്ന പ്രതിപക്ഷത്തിന് പുതിയ ഊർജം പകരുമെന്നതിലും സംശയമില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കാൻ വൈമനസ്യമുള്ള നേതാക്കൾ വരെ ദേശീയ പ്രതിപക്ഷ നിരയിലുണ്ടായിരുന്നു. ഗുജറാത്തിലെ കോടതി വിധിയും തുടർന്ന് പാർലമെന്റിൽ നിന്ന് അയോഗ്യനാക്കിയതും രാഹുലിന്റെ സ്വീകാര്യത വർധിപ്പിക്കുകയാണ് ചെയ്തത്. രാഹുൽ ഗാന്ധി പുൽവാമ മുതൽ അദാനി വരെയുള്ള വിഷയങ്ങളിൽ നടത്തിയ അഭിപ്രായ പ്രകടനത്തിൽ കഴമ്പുണ്ടെന്ന് എല്ലാവർക്കും ബോധ്യപ്പെടുകയും ചെയ്തു. കർണാടകയിൽ വിജയിക്കുന്ന പക്ഷം ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രയാണത്തിന് വേഗം കൂടുമെന്നുറപ്പ്.






