Sorry, you need to enable JavaScript to visit this website.

സിറിയയിലെ സൗദി എംബസി തുറക്കുന്നു

ജിദ്ദ - സിറിയയിലെ സൗദി എംബസി തുറക്കാൻ തീരുമാനിച്ചതായി സൗദി വിദേശ മന്ത്രാലയം അറിയിച്ചു. പന്ത്രണ്ടു വർഷം മുമ്പാണ് സിറിയയിലെ സൗദി നയതന്ത്ര കാര്യാലയം അടച്ചത്. സൗദി, സിറിയൻ ജനതകളെ ഒരുമിപ്പിക്കുന്ന സാഹോദര്യബന്ധങ്ങൾ കണക്കിലെടുത്തും അറബ് സഹകരണം ശക്തമാക്കാൻ ആഗ്രഹിച്ചും മേഖലയിൽ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താൻ ശ്രമിച്ചുമാണ് സിറിയയിലെ സൗദി എംബസി തുറക്കാൻ തീരുമാനിച്ചതെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു. 
സിറിയയുടെ അറബ് ലീഗ് അംഗത്വം പുനഃസ്ഥാപിക്കാനുള്ള, കയ്‌റോയിൽ ചേർന്ന അറബ് വിദേശ മന്ത്രിമാരുടെ യോഗത്തിൽ കൈക്കൊണ്ട തീരുമാനവും യു.എൻ, അറബ് ലീഗ് ചാർട്ടറുകളും അന്താരാഷ്ട്ര മര്യാദകളും മുഖവിലക്കെടുത്തുമാണ് സിറിയയിലെ സൗദി എംബസി തുറക്കാൻ തീരുമാനിച്ചതെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു. 
ഏപ്രിൽ 18 ന് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ദമാസ്‌കസ് സന്ദർശിച്ച് സിറിയൻ പ്രസിഡന്റ് ബശാർ അൽഅസദുമായി ചർച്ച നടത്തിയിരുന്നു. 2011 നു ശേഷം ഒരു മുതിർന്ന സൗദി നേതാവ് നടത്തുന്ന ആദ്യ സിറിയൻ സന്ദർശനമായിരുന്നു അത്. സിറിയയിലെ മുഴുവൻ പ്രദേശങ്ങളിലും റിലീഫ് വസ്തുക്കൾ എത്തിക്കാനും അഭയാർഥികളുടെ സുരക്ഷിതമായ മടക്കത്തിനും അനുയോജ്യമായ സാഹചര്യം ഒരുക്കണമെന്നും സിറിയയിൽ സ്ഥിതിഗതികൾ ഭദ്രമാക്കാൻ സഹായിക്കുന്ന കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും ബശാർ അൽഅസദുമായി നടത്തിയ ചർച്ചയിൽ സൗദി വിദേശ മന്ത്രി ആവശ്യപ്പെട്ടിരുന്നു. സിറിയയുടെ അഖണ്ഡതയും സുരക്ഷയും സ്ഥിരതയും അറബ് സ്വത്വവും കാത്തുസൂക്ഷിക്കുന്ന നിലയിൽ സിറിയൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണാൻ ശ്രമിച്ച് നടത്തുന്ന ശ്രമങ്ങളും സമഗ്ര രാഷ്ട്രീയ പരിഹാരം കാണാൻ സ്വീകരിക്കേണ്ട തുടർ നടപടികളും കൂടിക്കാഴ്ചക്കിടെ ഇരുവരും വിശകലനം ചെയ്തിരുന്നു. 
സമാധാനപരമായി സർക്കാർ വിരുദ്ധ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയവരെ അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ച് 2011 നവംബറിലാണ് സിറിയയുടെ അറബ് ലീഗ് അംഗത്വം മരവിപ്പിച്ചത്. പ്രതിഷേധ പ്രകടനങ്ങൾ അടിച്ചമർത്തിയത് സിറിയയിൽ അഞ്ചു ലക്ഷത്തിലേറെ പേർ കൊല്ലപ്പെടാനും ദശലക്ഷക്കണക്കിനാളുകൾ അഭയാർഥികളും ഭവനരിതരുമാകാനും ഇടയാക്കിയ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുകയായിരുന്നു.
 

Latest News