ലഹരി ഉപയോഗിക്കും, അശ്ലീല വീഡിയോ കാണും;  നടന്ന് കണ്ടെത്തുന്ന പെണ്‍കുട്ടികളെ പീഡിപ്പിക്കും 

ന്യൂദല്‍ഹി- ലഹരി വസ്തുക്കള്‍ ഉപയോഗിച്ച ശേഷം കിലോമീറ്ററുകളോളം നടന്ന് കുട്ടികളെ കണ്ടെത്തി പീഡിപ്പിച്ചിരുന്ന യുവാവ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. യു പി സ്വദേശി രവീന്ദ്രകുമാറിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്ന ഇയാള്‍ കിലോമീറ്ററുകളോളം നടന്ന് കുട്ടികളെ കണ്ടെത്തി പീഡിപ്പിക്കുന്ന ശൈലി ആരംഭിച്ചത് 18 വയസിലായിരുന്നു.
2015 വരെയുള്ള കാലയളവില്‍ 30 പെണ്‍കുട്ടികളെയാണ് ഇയാള്‍ ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയത്. ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്ന കേസിലാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ഇതിന് മുമ്പ് ചെയ്ത കുറ്റകൃത്യങ്ങളുടെ വിവരം പോലീസിന് ലഭിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് വാദി ഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രതിക്ക് കോടതി ശിക്ഷ വിധിക്കുമെന്നാണ് റിപ്പോര്‍ട്ട്. 
യുപി സ്വദേശിയായ ഇയാള്‍ 2008ലാണ് ദല്‍ഹിയില്‍ തൊഴില്‍ തേടി എത്തുന്നത്. പ്ലമ്പറായി ജോലി ലഭിച്ചതിന് പിന്നാലെ ഇയാള്‍ ലഹരിക്കടിമയാവുകയായിരുന്നു. പകല്‍ സമയത്ത് ജോലി ചെയ്ത ശേഷം ലഹരി ഉപയോഗിച്ച് വീട്ടിലെത്തി രാത്രി എട്ട് മുതല്‍ 12 മണി വരെ ഉറങ്ങിയ ശേഷം അര്‍ദ്ധരാത്രി എഴുന്നേറ്റ് കിലോമീറ്ററുകള്‍ നടന്നായിരുന്നു ഇയാള്‍ പീഡിപ്പിക്കാനുള്ള ഇരകളെ കണ്ടെത്തിയിരുന്നത്.തെരുവുകളിലും ചേരികളിലും നിര്‍മ്മാണ സൈറ്റുകളിലുമെല്ലാം ഇത്തരത്തില്‍ കുട്ടികളെ തേടി ഇയാള്‍ എത്തിയിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. പത്ത് രൂപയോ ചോക്ലേറ്റോ നല്‍കി കുട്ടികളെ പ്രലോഭിപ്പിച്ചാണ് തട്ടിക്കൊണ്ട് പോയിരുന്നത്. ആറ് മുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് ഇയാള്‍ കൊലപ്പെടുത്തിയിട്ടുള്ളത്.


 

Latest News