ബെംഗളൂരു- കര്‍ണ്ണാടകയില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കലക്ടര്‍ നേരിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. തിങ്കളാഴ്ച രാത്രി കര്‍ണ്ണാടകയിലെ കലബുറഗി ജില്ലയിലായാണ് സംഭവം. ബിജെപി പ്രവര്‍ത്തകര്‍ കോളനികളില്‍ കയറിയിറങ്ങി പണം വിവതരണം ചെയ്യുന്ന് വിവരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് കലബുറഗി സൗത്ത് മണ്ഡലത്തിലെ സംഗമേഷ് കോളനിയിലേക്ക് കലക്ടര്‍ നേരിട്ടെത്തുകയായിരുന്നു. കലക്ടര്‍ യശ്വന്ത് ഗുരുകര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയാണ്. കളക്ടറെ കണ്ടതോടെ പണം വിതരണം ചെയ്തിരുന്ന മൂന്നംഗസംഘം വാഹനത്തില്‍ക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു.എന്നാല്‍, ഇവരെ കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി കലക്ടര്‍ പിടികൂടുകയായിരുന്നു.
കലക്ടറെ കണ്ടയുടന്‍ പണമടങ്ങിയ ബാഗുമായി കാറിലുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. സിറ്റിങ് എം.എല്‍.എ.യും ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ ദത്താത്രേയ പാട്ടീല്‍ രേവൂരിന്റെ ലഘുലേഖകളും കണ്ടെത്തിയിട്ടുണ്ട്. തെരുവുവിളക്കുകള്‍ അണച്ചതിനുശേഷമായിരുന്നു കോളനിയില്‍ പണം വിതരണംചെയ്തത്. ഫോണില്‍ പരാതിലഭിച്ചതോടെ പോലീസുകാരെ അറിയിക്കാതെ കലക്ടര്‍ നേരിട്ട് സംഭവസ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. പിടിയിലായവരെ പിന്നീട് പോലീസിന് കൈമാറി.ബി.ജെ.പി. സ്ഥാനാര്‍ഥി തന്നെയാണ് കാറില്‍നിന്ന് ബാഗുമായി ഓടിരക്ഷപ്പെട്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രദേശത്തുനിന്നുള്ള സി.സി.ടി.സി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
കര്‍ണാടകയില്‍ വോട്ടിംഗ് ഇന്നു കാലത്ത് ആരംഭിച്ചു. 224 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. കര്‍ണാടകയുടെ വിധിയെഴുതുന്നത് അഞ്ച് കോടി 24 ലക്ഷം വോട്ടര്‍മാരാണ്.