കൊല്ലം - കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി മിന്നല്‍ പണിമുടക്ക് ആരംഭിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. നാളെ രാവിലെ എട്ട് മണി വരെയാണ് പണിമുടക്ക്. അതിന് ശേഷം തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കും. സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കും. അത്യാഹിത വിഭാഗത്തില്‍ മാത്രമായിരിക്കും സേവനം ഉണ്ടാവുക. കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സര്‍ജന്‍ വന്ദന ദാസ് (23) ആണ് ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് പ്രതിയായ സന്ദീപ് ഡോക്ടറെ കുത്തിക്കൊന്നത്.