മലപ്പുറം - താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തിന്റെ ഒന്നാമത്തെ ഉത്തരവാദികൾ സംസ്ഥാന സർക്കാറാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്തമേറ്റ് ടൂറിസം വകുപ്പ് മന്ത്രി രാജിവെക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.
കേരളത്തിന് കൂടുതൽ വരുമാനം നേടിത്തരുന്ന ഒരു മേഖലയായി വളർന്നു കൊണ്ടിരിക്കുന്ന ടൂറിസം മേഖലക്ക് വലിയ തിരിച്ചടിയാവുന്ന അപകടമാണ് വരുത്തി വെച്ചിരിക്കുന്നത്. ടൂറിസം വകുപ്പിന്റെയും ഉേദ്യാഗസ്ഥരുടെയും എം.എൽ.എയുടെയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അഴിമതിയുമാണ് ദുരന്തത്തിന്റെ മുഖ്യകാരണം. താനൂർ നഗരസഭയുടെ ശ്രദ്ധക്കുറവും കെടുകാര്യസ്ഥതയും ദുരന്തത്തിന് കാരണമായിട്ടുണ്ട്.
സഞ്ചാരികൾക്ക് അപകട രഹിതമായി കാഴ്ചകൾ ആസ്വദിക്കുന്നതിനും സൗകര്യമൊരുക്കുന്നതിനും ടൂറിസം പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും സുരക്ഷക്കും ശ്രദ്ധ കൊടുക്കേണ്ട ടൂറിസം വകുപ്പ് തികച്ച അനാസ്ഥയാണ് താനൂർ ഒട്ടുംപുറത്ത് കാണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ടൂറിസം വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയും നടപടികളും ജുഡീഷ്യൽ അന്വേഷണത്തിൽ ഉൾപ്പെടുത്തണം. നിയമങ്ങളെ കാറ്റിൽ പറത്തി സ്വന്തക്കാർക്ക് തന്നിഷ്ടപ്രകാരം എന്തും ചെയ്യാനുള്ള ലൈസൻസ് അധികാര ദുർവിനിയോഗം നടത്തി നേടിക്കൊടുത്തു എന്നതാണ് ഏറ്റവും വലിയ തെറ്റ്. അത് ബോധപൂർവ്വമുള്ള നരഹത്യ തന്നെയാണ്. ഭരണ സ്വാധീനമുപയോഗിച്ച് വിനോദ സഞ്ചാരത്തിന് ഉപയോഗമല്ലാത്ത ബോട്ടിന് ഫിറ്റ്‌നസ് നേടിക്കൊടുക്കുന്നതിന് ഇടപെട്ട താനൂർ എം.എൽ.എയുടെയും ഭരണകക്ഷി നേതാക്കളുടെയും വഴിവിട്ട നടപടികളും ജുഡീഷ്യൽ അന്വേഷണത്തിൽ ഉൾപെടുത്തണമെന്നും ആവശ്യപ്പെട്ടു.
ഭരണകക്ഷിയുടെ സ്വാധീനത്തിനു വഴങ്ങി കുറ്റക്കാരെ രക്ഷിക്കുന്നതിന് വഴിയൊരുക്കുന്ന അന്വേഷണ കമ്മീഷണിയാണ് നിശ്ചയിച്ചതെന്ന നാട്ടുകാരുടെ പരാതി സർക്കാർ മുഖവിലക്കെടുക്കണം. ഇനിയൊരു ദുരന്തം ആവർത്തിക്കാൻ പാടില്ലാത്ത രീതിയിൽ കുറ്റമറ്റ അന്വേഷണം നടത്തുന്നതിനും മുഴുവൻ കുറ്റക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും നിഷ്പക്ഷമായ അന്വേഷണ ടീമിനെ നിശ്ചയിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.
താനൂർ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് നിഷ്പക്ഷമായ അന്വേഷണത്തിനും കുറ്റക്കാരെ കണ്ടെത്തുന്നതിനും വെൽഫെയർ പാർട്ടി പ്രക്ഷോപരിപാടികൾക്ക് നേതൃത്വം നൽകും. ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്തമേറ്റ് മന്ത്രിമാരായ റിയാസും അബ്ദുറഹ്മാനും രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഇന്ന് വൈകുന്നേരം താനൂരിൽ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.
ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ്, ജനറൽ സെക്രട്ടറി സഫീർ ഷാ കെ വി, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ എന്നിവർ സംസാരിച്ചു.