Sorry, you need to enable JavaScript to visit this website.

സൗദിയിൽ ലോറിക്കകത്ത് പുകവലിച്ച 6,300 ഡ്രൈവർമാർക്ക് പിഴ

ജിദ്ദ - കഴിഞ്ഞ വർഷം ലോറിക്കകത്ത് പുകവലിച്ചതിന് 6,300 ഡ്രൈവർമാർക്ക് പിഴകൾ ചുമത്തിയതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ടാക്‌സി കാറുകൾക്കത്ത് ഡ്രൈവർമാർ പുകവലിക്കുകയോ യാത്രക്കാരെ പുകവലിക്കാൻ അനുവദിക്കുകയോ ചെയ്തതുമായി ബന്ധപ്പെട്ട 88 നിയമ ലംഘനങ്ങളും കഴിഞ്ഞ കൊല്ലം കണ്ടെത്തി നിയമ ലംഘകർക്ക് പിഴകൾ ചുമത്തി. ലോറികൾക്കകത്ത് പുകവലിക്കുന്ന ഡ്രൈവർമാർക്ക് 500 റിയാൽ പിഴ ചുമത്താൻ ചരക്ക് ഗതാഗത നിയമാവലി അനുശാസിക്കുന്നു. അപകടകരമായ പദാർഥങ്ങൾ നീക്കം ചെയ്യുന്ന ലോറികൾക്കകത്ത് പുലവലിക്കുന്ന ഡ്രൈവർമാർക്ക് 1,000 റിയാൽ തോതിൽ പിഴ ചുമത്തും. 
ഓപ്പറേറ്റിംഗ് കാർഡ് ലഭിക്കുന്നതിനു മുമ്പായി ബസുകളും ലോറികളും ടാക്‌സികളും പ്രവർത്തിപ്പിക്കൽ, അംഗീകൃത പ്രവർത്തന കാലാവധിയിൽ കൂടുതൽ കാലം വാഹനങ്ങൾ സർവീസിന് ഉപയോഗിക്കൽ, സുരക്ഷിതമല്ലാത്ത നിലക്ക് വാഹനങ്ങളിൽ ലോഡ് കയറ്റൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ രേഖകൾ കാണിച്ചു കൊടുക്കാൻ ടാക്‌സി ഡ്രൈവർ വിസമ്മതിക്കൽ, സേവനം നൽകാൻ ഡ്രൈവർ വിസമ്മതിക്കൽ, ട്രിപ്പ് ആരംഭിച്ച ശേഷം സേവനം തുടരാൻ വിസമ്മതിക്കൽ, ഉടമകൾ ഒപ്പമില്ലാതെ ലഗേജുകളും മറ്റു വസ്തുക്കളും ബസുകളിലും ടാക്‌സികളിലും കയറ്റൽ, പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ വെച്ച് ചരക്കുകൾ കയറ്റൽ, ഇറക്കൽ, മറ്റു യാത്രക്കാർക്ക് ഹാനിയുണ്ടാക്കുന്ന മൂർച്ചയേറിയ ഉപകരണങ്ങളും മറ്റു വസ്തുക്കളും ബസുകൾക്കകത്ത് പ്രവേശിപ്പിക്കാൻ യാത്രക്കാരെ അനുവദിക്കൽ എന്നീ ഗണങ്ങളിൽ പെട്ട ആയിരക്കണക്കിന് നിയമ ലംഘനങ്ങളും പൊതുഗതാഗത അതോറിറ്റിയുടെ മേൽനോട്ട പരിധിയിൽ വരുന്ന വാഹനങ്ങളുടെ ഭാഗത്ത് കഴിഞ്ഞ വർഷം കണ്ടെത്തി നിയമ ലംഘകർക്കെതിരെ നടപടികൾ സ്വീകരിച്ചു.
 

Latest News