Sorry, you need to enable JavaScript to visit this website.

മുസ്ലിംകളിൽ സഹിഷ്ണുതയുള്ളവർ കുറവ്, രാഷ്ട്രപതിയും ഗവർണറുമാകാനുള്ള മുഖംമൂടി- കേന്ദ്രമന്ത്രി

ന്യൂദൽഹി- സഹിഷ്ണുതയുള്ള മുസ്ലിംകൾ കുറവാണെന്നും ഇവർ തന്നെ സഹിഷ്ണുത കാണിക്കുന്നത് ഉപരാഷ്ട്രപതി, ഗവർണർ, വൈസ് ചാൻസലർ എന്നീ പദവികൾ ലഭിക്കാനുള്ള മുഖംമൂടി അണിയുന്നവരാണെന്നും കേന്ദ്രമന്ത്രി സത്യപാൽ സിംഗ് ബാഗേൽ. മുസ്ലിം സമൂഹത്തിൽ നിന്നുള്ള ഇത്തരം 'ബുദ്ധിജീവികൾ' എന്ന് വിളിക്കപ്പെടുന്നവരുടെ യഥാർത്ഥ മുഖം അവർ വിരമിച്ചാൽ തിരിച്ചറിയുമെന്നും ബാഗേൽ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് പുരസ്‌കാരങ്ങൾ നൽകുന്നതിനായി ആർ.എസ്.എസിന്റെ മാധ്യമ വിഭാഗമായ ഇന്ദ്രപ്രസ്ഥ വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച ദേവ് ഋഷി നാരദ് പത്രകർ സമ്മാന് സമരോഹിനെ അഭിസംബോധന ചെയ്യവെയാണ് കേന്ദ്ര നിയമ, നീതിന്യായ സഹമന്ത്രിയുടെ അഭിപ്രായം. 
'സഹിഷ്ണുതയുള്ള മുസ്ലീങ്ങളെ വിരലിൽ എണ്ണാം. അവരുടെ എണ്ണം ആയിരങ്ങളിൽ പോലുമില്ലെന്ന് ഞാൻ കരുതുന്നു. അതും ഉപരാഷ്ട്രപതി, ഗവർണർ അല്ലെങ്കിൽ വൈസ് ചാൻസലർ എന്നീ പദവികൾ ലഭിക്കാനുള്ള മുഖംമൂടിയാണ്. മുഖംമൂടി ധരിച്ച് പൊതുജീവിതത്തിൽ ജീവിക്കാനുള്ള ഒരു തന്ത്രമാണ്. വിരമിക്കുമ്പോൾ അവർ യഥാർത്ഥ പ്രസ്താവനകൾ നൽകുന്നു, കസേരയിൽ നിന്ന് പുറത്തുപോകുമ്പോൾ അവർ അവരുടെ യാഥാർത്ഥ്യം കാണിക്കുന്ന പ്രസ്താവനയാണ് നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇസ്‌ലാമിക മതമൗലികവാദത്തിനെതിരെ ഇന്ത്യ പോരാടണമെന്നും എന്നാൽ സഹിഷ്ണുതയുള്ള മുസ്‌ലിംകളെ ഒപ്പം കൂട്ടണമെന്നും വിവരാവകാശ കമ്മീഷണർ ഉദയ് മഹൂർക്കർ പരിപാടിയിൽ പറഞ്ഞതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.

മുഗൾ ചക്രവർത്തിയായ അക്ബറിന്റെ ഭരണകാലത്ത് ഹിന്ദു-മുസ്ലിം ഐക്യം വളർത്തിയെടുക്കാനുള്ള ശ്രമം നടത്തിയിരുന്നുവെന്നും ഉദയ് മഹൂർക്കർ പറഞ്ഞിരുന്നു. അതേസമയം, അക്ബറിന്റെ ശ്രമങ്ങളെ വെറും 'തന്ത്രങ്ങൾ' എന്നാണ് ബാഗേൽ വിശേഷിപ്പിച്ചത്. മുഗൾ ചക്രവർത്തിയുടെ ജോധാ ബായിയുമായുള്ള വിവാഹം അദ്ദേഹത്തിന്റെ 'രാഷ്ട്രീയ തന്ത്രത്തിന്റെ' ഭാഗമാണെന്നും ബാഗേൽ ആരോപിച്ചു.
'അത് അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്ന് വന്നതല്ല. അല്ലെങ്കിൽ, ചിറ്റോർഗഢിലെ കൂട്ടക്കൊല നടക്കില്ലായിരുന്നു. 'മുഗൾ കാലഘട്ടത്തിൽ ഔറംഗസേബിന്റെ പ്രവൃത്തികൾ നോക്കൂ. ചിലപ്പോൾ, നമ്മൾ എങ്ങനെ അതിജീവിച്ചുവെന്ന് ഞാൻ അത്ഭുതപ്പെടുന്നു.' 1192ൽ മുഹമ്മദ് ഗോറി രജപുത്ര രാജാവായ പൃഥ്വിരാജ് ചൗഹാനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യയുടെ മോശം ദിനങ്ങൾ ആരംഭിച്ചതെന്ന് ബാഗേൽ പറഞ്ഞു.
 

Latest News