Sorry, you need to enable JavaScript to visit this website.

ഗാസ കൂട്ടക്കുരുതി: അപലപിച്ച് ഒ.ഐ.സി

ജിദ്ദ - ഗാസയിൽ ഇന്നലെ ഇസ്രായിൽ നടത്തിയ കൂട്ടക്കുരുതിയെ രൂക്ഷമായ ഭാഷയിൽ അപലപിച്ച് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ. പത്തു സ്ത്രീകളും കുട്ടികളും അടക്കം പതിമൂന്നു പേരാണ് ഇസ്രായിൽ ആക്രമണത്തിൽ വീരമൃത്യുവരിച്ചത്. ഇരുപതിലേറെ ഫലസ്തീനികൾക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. അന്താരാഷ്ട്ര നിയമങ്ങൾ നഗ്നമായി ലംഘിച്ച് ഫലസ്തീൻ ജനതക്കെതിരെ ഇസ്രായിൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളുടെ തുടർച്ചയാണ് ഈ ഹീനമായ കൂട്ടക്കൊല. മേഖലയിലെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായ ആക്രമണങ്ങളുടെ അനന്തര ഫലങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇസ്രായിലിനാണ്. ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം ഒരുക്കുന്നതിലും ഫലസ്തീനികൾക്കു നേരെ നടത്തുന്ന ആക്രമണങ്ങളിൽ ഇസ്രായിലിനോട് കണക്കു ചോദിക്കുന്നതിലും ആഗോള സമൂഹം ഉത്തരവാദിത്തം വഹിക്കണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു. 
ഗാസയിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണങ്ങളെ ഈജിപ്തും അപലപിച്ചു. ഇസ്രായിൽ സൈനികരുടെ സംരക്ഷണ വലയത്തിൽ അൽഅഖ്‌സ മസ്ജിദിൽ ജൂത കുടിയേറ്റക്കാർ അതിക്രമിച്ചു കയറിയതിനെയും അധിനിവിഷ്ട ഫലസ്തീനിലെ നഗരങ്ങളിൽ ഇസ്രായിൽ നടത്തുന്ന തുടർച്ചയായ റെയ്ഡുകളെയും ഈജിപ്ത് അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ, ഇസ്രായിലിന്റെ മുഴുവൻ ആക്രമണങ്ങളെയും ഈജിപ്ത് നിരാകരിക്കുന്നതായി ഈജിപ്ഷ്യൻ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 
ഇസ്‌ലാമിക് ജിഹാദ് മൂവ്‌മെന്റിന്റെ മൂന്നു കമാൻഡർമാരും നാലു കുട്ടികളും ആറു സ്ത്രീകളുമാണ് ഇസ്രായിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. തങ്ങളുടെ പൗരന്മാർക്ക് ആസന്ന ഭീഷണി സൃഷ്ടിച്ച ഫലസ്തീൻ പോരാളികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായിൽ പറഞ്ഞു. 40 ഇസ്രായിലി യുദ്ധവിമാനങ്ങളാണ് ആക്രമണങ്ങൾ നടത്തിയത്. പുലർച്ചെ രണ്ടിന് ആരംഭിച്ച ആക്രമണങ്ങൾ രണ്ടു മണിക്കൂർ നീണ്ടുനിന്നു. ജിഹാദ് അൽഗാനിം, ഖലീൽ അൽബഹ്തീനി, താരിഖ് ഇസ്സുദ്ദീൻ എന്നിവരാണ് കൊല്ലപ്പെട്ട ഇസ്‌ലാമിക് ജിഹാദ് കമാൻഡർമാർ. വീരമൃത്യുവരിച്ച സ്ത്രീകളിലും കുട്ടികളും ഭൂരിഭാഗവും ഇവരുടെ കുടുംബാംഗങ്ങളാണ്. മൂന്നു കമാൻഡർമാരുടെയും ഭാര്യമാരും ഏതാനും കുട്ടികളും മരണപ്പെട്ടിട്ടുണ്ട്. സമീപങ്ങളിലെ അപാർട്ട്‌മെന്റുകളിൽ താമസിച്ചിരുന്ന സാധാരണക്കാരെ ലക്ഷ്യമിട്ടും ഇസ്രായിൽ വ്യോമാക്രമണങ്ങൾ നടത്തി.
 

Latest News