Sorry, you need to enable JavaScript to visit this website.

യാത്രക്കാര്‍ അതിര് വിട്ടു, ദല്‍ഹി  മെട്രോയില്‍ ഡാന്‍സും റീല്‍സും വിലക്കി

ന്യൂദല്‍ഹി-ദല്‍ഹി മെട്രോയില്‍ യാത്രക്കാരുടെ മോശം പെരുമാറ്റം തടയുന്നതിന് സിവില്‍ വേഷത്തിലും യൂണിഫോമിലും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) തീരുമാനിച്ചു. മെട്രോയില്‍ ഒരാള്‍ പരസ്യമായി സ്വയംഭോഗം ചെയ്തത് ഉള്‍പ്പെടെ യാത്രക്കാരുടെ തുടര്‍ച്ചയായ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് നടപടി.
കര്‍ശനമായ നിരീക്ഷണപദ്ധതിയാണ് സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഡിഎംആര്‍സി ഒരുങ്ങിയിരിക്കുന്നത്. മെട്രോയില്‍ മിന്നല്‍ പരിശോധന കര്‍ശനമാക്കുന്നതിന് ഡിഎംആര്‍സി ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മെട്രോയിലെ ചില പഴയ കോച്ചുകളില്‍ സിസിടിവി ക്യാമറകളില്ല. ഇത്തരം കോച്ചുകളില്‍ എത്രയും വേഗം സിസിടിവി ക്യാമറ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. മെട്രോയില്‍ യാത്രക്കാര്‍ വിഡിയോ ചിത്രീകരണം നടത്തുന്നത് ഡിഎംആര്‍സി കഴിഞ്ഞ മാസം വിലക്കിയിരുന്നു. ഡാന്‍സും റീല്‍സും മെട്രോയില്‍ ചിത്രീകരിക്കുന്നത് മറ്റ് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ഡിഎംആര്‍സി പറഞ്ഞു. മറ്റ് യാത്രക്കാരില്‍ നിന്ന് മോശമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഡിഎംആര്‍സി ഹെല്‍പ്പ് ലൈനില്‍ അറിയിക്കണം. സുരക്ഷാ ജീവനക്കാര്‍ ഉടനടി നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഡിഎംആര്‍സി അറിയിച്ചു.
രണ്ടാഴ്ച്ച മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ വൈറലായതിനെ തുടര്‍ന്ന് ദല്‍ഹി പോലീസ് മെട്രോയില്‍ സ്വയംഭോഗം ചെയ്തതിന് ഒരാളുടെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു മുന്‍പ് അനുചിതമായ വസ്ത്രധാരണം നടത്തിയെന്ന് ആളുകള്‍ ആരോപിക്കുന്ന യാത്രക്കാരിയുടെ വിഡിയോയും കോച്ചിനുള്ളില്‍ പല്ല് തേയ്ക്കുന്ന യാത്രക്കാരന്റെ വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം നേരിട്ടിരുന്നു.
ദല്‍ഹി മെട്രോയില്‍ മോശം പെരുമാറ്റം നേരിടുന്ന പശ്ചത്താലത്തില്‍ യാത്രക്കാര്‍ക്ക് 155370 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ പരാതി അറിയിക്കാം.

Latest News