ചെന്നൈ- രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ സ്റ്റാലിന്‍ സര്‍ക്കാര്‍ മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങുന്നുവെന്ന് സൂചന. ധനമന്ത്രി പളനിവേല്‍ ത്യാഗരാജനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നീക്കം. സ്റ്റാലിന്റെ മകന്‍ ഉദയനിധിക്കും മരുമകന്‍ ശബരീശനും എതിരേ ധനമന്ത്രിയായ പി.ടി.ആര്‍ സംസാരിക്കുന്ന ശബ്ദസന്ദേശം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പുറത്തുവിട്ടത് തമിഴ്‌നാട്ടില്‍ വലിയ രാഷ്ട്രീയവിവാദമായിരുന്നു.
മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് മുന്നോടിയായി അടുത്ത രണ്ടാഴ്ചക്കുള്ളില്‍ മന്ത്രിസഭാ പുനഃസംഘടനയുണ്ടാവുമെന്നാണ് സൂചന. മന്നാര്‍ഗുഡിയില്‍നിന്നുള്ള എം.എല്‍.എ. ടി.ആര്‍.ബി. രാജ മന്ത്രിസഭയിലേക്കെത്തുമെന്നാണ് സൂചന. മൂന്ന് വട്ടം എം.എല്‍.എയായ ഇദ്ദേഹം മുതിര്‍ന്ന നേതാവും എം.പിയുമായ ടി.ആര്‍. ബാലുവിന്റെ മകനാണ്. ശങ്കരന്‍കോവില്‍ എം.എല്‍.എയായ ഇ. രാജയും മന്ത്രിസഭയിലേക്കെത്തിയേക്കും.
35 അംഗ മന്ത്രിസഭയാണ് നിലവില്‍ തമിഴ്‌നാട്ടിലുള്ളത്. പുതിയ അംഗങ്ങളെ ചേര്‍ക്കണമെങ്കില്‍ മറ്റുചിലരെ മാറ്റിനിര്‍ത്തേണ്ടിവരും. മന്ത്രിസഭയില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന രണ്ടുപേരെ മാറ്റിനിര്‍ത്തുമെന്നാണ് സൂചന. പളനിവേല്‍ ത്യാഗരാജനെ സ്റ്റാലിന്‍ കൈവിടുമോ എന്നതാണ് രാഷ്ട്രീയകേന്ദ്രങ്ങളിലെ ആകാംക്ഷ.