നടിയെ ആക്രമിച്ച കേസിൽ ജൂലൈ 31നകം വിചാരണ തീർക്കണം-സുപ്രീം കോടതി

ന്യൂദൽഹി- നടിയെ ആക്രമിച്ച കേസിന്റെ  വിചാരണ ജൂലായ് 31നകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റീസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം. കേസ് വീണ്ടും ഓഗസ്റ്റ് നാലിന് പരിഗണിക്കും. അതിനുള്ളിൽ വിചാരണ പൂർത്തിയാക്കി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതി ജഡ്ജി യന്ത്രമല്ലെന്നും ജസ്റ്റീസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ച. ഒരോ തവണയും കേസിന്റെ  പുരോഗതി സംബന്ധിച്ച് ഒരേ തരത്തിലുള്ള റിപ്പോർട്ടാണ് വിചാരണ കോടതി ജഡ്ജി അയക്കുന്നതെന്ന്  ജസ്റ്റീസ് ദിനേശ് മഹേശ്വരി ചൂണ്ടിക്കാട്ടി.  
    അതേസമയം വിചാരണ വൈകുന്നത് ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചയെന്ന് സംസ്ഥാനം സുപ്രീംകോടതിയെ അറിയിച്ചു. സാക്ഷിയായ  ബാലചന്ദ്രകുമാറിന്റെ വിസ്താരം ദീലീപിന്റെ അഭിഭാഷകർ നീട്ടിക്കൊണ്ടു പോകുന്നുവെന്ന് സംസ്ഥാനം കോടതിയിൽ പറഞ്ഞു. ഇരുപത്തിമൂന്ന് ദിവസമായി എതിർ വിഭാഗം ക്രോസ് എക്‌സാമിനേഷൻ നടത്തുകയാണെന്ന് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകർ വാദിച്ചു. എന്നാൽ  ഓൺലൈൻ മുഖേനയുള്ള വിചാരണയിൽ സാങ്കേതിക പ്രശ്‌നങ്ങളൂണ്ടെന്നും സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിൽ തന്നെ കുറ്റപ്പെടുത്തരുതെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ക്രോസ്  വിസ്താരം പൂർത്തിയാക്കാൻ അഞ്ചു ദിവസം കൂടി വേണമെന്നും വ്യക്തമാക്കി. 

Latest News