Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ ക്രിസ്ത്യാനികളെ ആക്രമിക്കുന്നത് കേന്ദ്ര സർക്കാരുമായി ബന്ധമുള്ളവരെന്ന് സത്യവാങ്മൂലം

ന്യൂദൽഹി- രാജ്യത്ത് ക്രൈസ്തവർക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കു പിന്നിൽ കേന്ദ്ര സർക്കാരുമായി ബന്ധമുള്ള സംഘടനകളാണെന്ന് അക്രമങ്ങൾക്കെതിരേ നടപടിയാവശ്യപ്പെട്ടു പരാതി നൽകിയവരുടെ സത്യവാംഗ്മൂലം. ക്രൈസ്തവർക്കെതിരേ നടന്ന അക്രമ സംഭവങ്ങളിൽ നടക്കുന്ന ക്രിമിനൽ നടപടിക്രമങ്ങളുടെ മേൽനോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കണം എന്നാവശ്യപ്പെട്ടു നൽകിയ സത്യവാംഗ്മൂലത്തിലാണ് പരാതിക്കാർ കേന്ദ്രത്തിനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ക്രൈസ്തവർക്കെതിരേ നടക്കുന്ന അക്രമങ്ങളെക്കുറിച്ചു സുപ്രീംകോടതി 2022 സെപ്റ്റംബർ 21ന് സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടിയതിന് ശേഷവും പല സംസ്ഥാനങ്ങളിലും അക്രമങ്ങളുടെ എണ്ണം കൂടി. 2021ൽ ക്രൈസ്തവർക്കെതിരേ 505 അക്രമ സംഭവങ്ങളാണു റിപ്പോർട്ട് ചെയ്തതെങ്കിൽ 2022ൽ ഇത് 598 ആയി. 2023 ജനുവരി ഫെബ്രുവരി മാസങ്ങളിൽ മാത്രം 123 അക്രമ സംഭവങ്ങളുണ്ടായെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. 
    കേന്ദ്ര സർക്കാരുമായി രാഷ്ട്രീയ ബന്ധം പുലർത്തുന്ന സംഘടനകളാണ് രാജ്യത്ത് ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രങ്ങൾക്കു പിന്നിലെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. അതു കൊണ്ടു തന്നെ കേന്ദ്ര സർക്കാർ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അക്രങ്ങൾക്കെതിരേ നടക്കുന്ന അന്വേഷണങ്ങൾ കേന്ദ്രം കൃത്യമായി നിരീക്ഷിക്കുമെന്നോ വിശദ വിവരങ്ങൾ കോടതിയെ ധരിപ്പിക്കുമെന്നോ വിശ്വസിക്കാൻ കഴിയില്ല. കേന്ദ്ര സർക്കാരിൽ തീരെ ആത്മവിശ്വാസമില്ല. അതിനാൽ ക്രൈസ്തവർക്കെതിരായ അക്രമങ്ങളെക്കുറിച്ച് അന്വേഷണങ്ങൾ നിരീക്ഷിക്കാൻ വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിൽ സുപ്രീംകോടതി ഒരു സമിതിയെ നിയോഗിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. മികവുറ്റ ഒരു പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണങ്ങളുടെ മേൽനോട്ട ചുമതല വഹിക്കാൻ നിയോഗിക്കുന്നതിനുള്ള അധികാരവും സമിതിക്കു നൽകണമെന്നും ആവശ്യപ്പെട്ടു.
    2021 മുതലാണ് വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കു നേരെ വ്യാപക അക്രമങ്ങളുണ്ടാകുന്നത്. മതപരിവർത്തന നിരോധന നിയമഭേദഗതി വന്നതോടെ പലയിടത്തും അക്രമങ്ങൾ പെരുകി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരേ വ്യാപക അക്രമങ്ങൾ നടക്കുന്നുണ്ട്. ഈ ആക്രമണങ്ങളെല്ലാം തന്നെ പെട്ടെന്നുള്ള പ്രകോപനങ്ങളെ തുടർന്ന് ഉണ്ടാകുന്നതല്ല. മറിച്ചു കൃത്യമായി ആസൂത്രണം ചെയ്തു നടത്തുന്നതാണ്. അക്രമങ്ങൾ നടത്തിയവയിൽ ഹിന്ദു സംഘടൻ, ഹിന്ദു വാദി സംഘടൻ, ഹിന്ദു ജാഗരൺ മഞ്ച് എന്നീ സംഘടനളും ബിജെപി, ആർഎസ്എസ്, വിഎച്ച്പി പ്രവർത്തകരുമുണ്ടെന്നും പരാതിക്കാരുടെ സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കുന്നു. 
     ക്രൈസ്തവർക്കെതിരേ നടക്കുന്ന അക്രമങ്ങളിൽ അന്വേഷണവും അടിയന്തര നടപടിയും ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാർ സത്യവാംഗ്മൂലം നൽകിയതിനു പിന്നാലെയാണ് പരാതിക്കാർ നിരീക്ഷണ സമിതി എന്ന ആവശ്യം ഉന്നയിച്ച് അപേക്ഷ നൽകിയത്. ബാംഗ്ലൂർ രൂപത ആർച്ച് ബിഷപ് ഡോ. പീറ്റർ മക്കാഡോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവരാണ് പരാതിക്കാർ. 
    ക്രൈസ്തവർക്കെതിരേ രാജ്യത്ത് ഒരു തരത്തിലുള്ള മതപീഡനവും നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര സർക്കാർ സത്യവാംഗ്മൂലം നൽകിയത്. സ്ഥിരികരണമില്ലാത്ത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പരാതിക്കാർ കോടതിയെ സമിപീച്ചിരിക്കുന്നതെന്നാണ് സർക്കാരിന്റെ വാദം. വ്യക്തിവൈരാഗ്യം മൂലം പല സ്ഥലങ്ങളിലും ഉണ്ടായിട്ടുള്ള സംഭവങ്ങൾ പരാതിക്കാർ വർഗീയ സംഘർഷങ്ങളായി ചിത്രീകരിക്കുകയാണെന്നും കേന്ദ്ര സർക്കാർ ആരോപിക്കുന്നു. 
    എന്നാൽ, കേന്ദ്ര സർക്കാരിന്റെ ആരോപണങ്ങൾ പാടേ തള്ളിക്കളഞ്ഞാണ് പരാതിക്കാർ ഇപ്പോൾ മറുപടി സത്യവാംഗ്മൂലം നൽകിയിരിക്കുന്നത്. ക്രൈസ്തവർക്കെതിരേ ചില സംഘടനകളും മറ്റും നടത്തുന്ന ആക്രമണങ്ങളിൽ സംസ്ഥാന സർക്കാരുൾ പലപ്പോഴും നടപടി എടുക്കാൻ അലംഭാവം കാണിക്കുന്നു. ക്രൈസ്തവ സമൂഹത്തെ ലക്ഷ്യം വെച്ചുള്ള വിദ്വേഷ പ്രസംഗങ്ങളിലും നടപടിയെടുക്കാൻ അലംഭാവം കാണിക്കുന്നു. ക്രൈസ്തവരുടെ പ്രാർഥന കൂട്ടായ്മകൾക്ക് നേർക്കും ദേവാലയങ്ങൾക്ക് നേർക്കും നിരവധി ആക്രണങ്ങൾ നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. 
    ക്രൈസ്തവർക്കെതിരായ 90 ശതമാനം അക്രമ സംഭവങ്ങൾക്കും സമാന സ്വഭാവമാണുള്ളത്. പ്രാർഥന യോഗങ്ങൾ നടക്കുന്ന സ്വകാര്യ സ്ഥലങ്ങളിലും ദേവാലയങ്ങളിലേക്കും ഒരു സംഘം ആളുകൾ ബലമായി ഇടിച്ചു കയറുന്നു. യോഗം തടസപ്പെടുത്തുകയും ആളുകളെ വിരട്ടുകയും പ്രാർഥനയ്ക്ക് നേതൃത്വം നൽകിയവരെ വലിച്ചിഴച്ച് കൊണ്ടു പോയി മതപരിവർത്തനം നടത്തി എന്നാരോപിച്ചു കേസെടുക്കുകയും ചെയ്യുന്നു. അക്രമത്തിനെതിരേ പരാതി നൽകിയാലും പലപ്പോഴും ക്രസ്തവ സമൂഹത്തിനെതിരേയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യും. അതോടെ അക്രമത്തിനിരയായ ക്രൈസ്തവരും പുരോഹിതരും ദീർഘകാലം ജയിലിൽ കിടക്കേണ്ടിയും വരുന്നു. എന്നാൽ, അക്രമികൾ ഒരു ദിവസം പോലും തടവിൽ കഴിയുന്നുമില്ല. അതിനു പുറമേ പരാതിയിൽ നിന്നു പിൻമാറാൻ ക്രൈസ്തവരെ പോലീസ് നിർബന്ധിക്കുന്ന സാഹചര്യങ്ങളുമുണ്ടെന്നും സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കുന്നു. 

Latest News