Sorry, you need to enable JavaScript to visit this website.

മക്കയിൽ ഓഫാക്കാതെ നിർത്തിയ കാർ  കവർന്ന യുവാവ് അറസ്റ്റിൽ

മക്ക - മക്കയിലെ ബത്ഹാ ഖുറൈശ് ഡിസ്ട്രിക്ടിൽ ഉടമ ഓഫാക്കാതെ നിർത്തിയ കാർ കവർന്ന് രക്ഷപ്പെട്ട സൗദി യുവാവിനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. മോഷണ ശ്രമത്തിനിടെ കാറുടമയുടെ ഭാര്യക്കും രണ്ടു മക്കൾക്കും പരിക്കേറ്റിരുന്നു. ദമ്പതികളും രണ്ടു മക്കളും വീട്ടിലേക്ക് മടങ്ങുന്നതിനിടെ സാധനങ്ങൾ വാങ്ങാൻ കാറുടമ വ്യാപാര സ്ഥാപനത്തിനു മുന്നിൽ കാർ നിർത്തി ഓഫാക്കാതെ പുറത്തിറങ്ങി സ്ഥാപനത്തിലേക്ക് കയറിപ്പോവുകയായിരുന്നു. 
ഈ സമയത്ത് പതുങ്ങിയെത്തിയ യുവാവ് ഡ്രൈവിംഗ് സീറ്റിൽ ചാടിക്കയറി കാർ ഓടിച്ചുപോവുകയായിരുന്നു. മോഷ്ടാവ് കാറിനകത്തു കയറിയ ഉടൻ ഭയചകിതയായ കാറുടമയുടെ ഭാര്യ ഡോർ തുറന്ന് മക്കൾക്കൊപ്പം പുറത്തേക്ക് ചാടി. ഇതിനിടെ മോഷ്ടാവ് കാറുമായി കടന്നുകളഞ്ഞു. എന്നാൽ പർദ്ദയുടെ ഭാഗം കാറിന്റെ മുൻവശത്തെ ഡോറിൽ കുടുങ്ങിയതിനാൽ യുവതിയെയും റോഡിലൂടെ വലിച്ചിഴച്ചാണ് യുവാവ് കാറുമായി അമിത വേഗതയിൽ രക്ഷപ്പെട്ടത്. ഈ സമയത്ത് യുവതിയുടെ കൈയിൽ പിഞ്ചുകുഞ്ഞുമുണ്ടായിരുന്നു. യുവതിക്കും കുഞ്ഞിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. കാറിൽ നിന്ന് വീണ രണ്ടാമത്തെ കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. വൈകാതെ പ്രതിയെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. മക്ക പ്രവിശ്യയിൽ പെട്ട ഖുലൈസിൽ വെച്ചാണ് പ്രതി ഹൈവേ സുരക്ഷാ സേനയുടെ പിടിയിലായത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു.
 

Latest News