Sorry, you need to enable JavaScript to visit this website.

സിറിയയുടെ അറബ് ലീഗ് അംഗത്വം പുനഃസ്ഥാപിച്ചു

ജിദ്ദ - പന്ത്രണ്ടു വർഷത്തെ ഇടവേളക്കു ശേഷം സിറിയയുടെ അറബ് ലീഗ് അംഗത്വം പുനഃസ്ഥാപിക്കാൻ കയ്‌റോ അറബ് ലീഗ് ആസ്ഥാനത്ത് ചേർന്ന അറബ് വിദേശ മന്ത്രിമാരുടെ യോഗം തീരുമാനിച്ചു. അറബ് ലീഗ് യോഗത്തിലും അറബ് ലീഗിനു കീഴിലെ മുഴുവൻ സംഘടനകളിലും ഏജൻസികളിലും സിറിയൻ ഗവൺമെന്റ് സംഘങ്ങളുടെ പങ്കാൡത്തം പുനരാരംഭിക്കാനാണ് സിറിയയിലെ പുതിയ സംഭവവികാസങ്ങൾ വിശകലനം ചെയ്യാൻ അറബ് ലീഗ് ആസ്ഥാനത്ത് ചേർന്ന അസാധാരണ യോഗത്തിന്റെ തീരുമാനം. അറബ് ലീഗ് ചർട്ടർ അനുസരിച്ച് സിറിയയുടെ പരമാധികാരം, അഖണ്ഡത, സ്ഥിരത എന്നിവ കാത്തുസൂക്ഷിക്കാൻ അറബ് ലീഗ് പ്രതിജ്ഞാബദ്ധമാണെന്ന് യോഗം പറഞ്ഞു. വർഷങ്ങളായി തുടരുന്ന സിറിയൻ ജനതയുടെ ദുരിതരങ്ങൾക്ക് അറുതി വരുത്താൻ ആഗ്രഹിച്ച്, നിലവിലെ പ്രതിസന്ധിയിൽ നിന്ന് പുറത്തുകടക്കാൻ സിറിയയെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള ഊർജിത ശ്രമങ്ങൾ അറബ് രാജ്യങ്ങൾ തുടരും. 
സിറിയൻ പ്രശ്‌നം വിശകലനം ചെയ്യാൻ ഏപ്രിൽ 14 ന് ജിദ്ദയിൽ ചേർന്ന അറബ് വിദേശ മന്ത്രിമാരുടെ യോഗം കൈക്കൊണ്ട തീരുമാനത്തെയും മെയ് ഒന്നിന് അമ്മാനിൽ ചേർന്ന യോഗവും പുറത്തിറക്കിയ പ്രസ്താവനയെയും അറബ് ലീഗ് ആസ്ഥാനത്ത് ചേർന്ന യോഗം സ്വാഗതം ചെയ്തു. മുഴുവൻ മാനുഷിക, സുരക്ഷാ, രാഷ്ട്രീയ പ്രത്യാഘാതങ്ങളും പരിഹരിക്കുന്ന നിലക്ക് സിറിയൻ പ്രതിസന്ധിക്ക് പരിഹാരം കാണാനും ഈ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ അയൽ രാജ്യങ്ങളിലും മേഖലയിലും ലോകത്തുമുണ്ടാക്കുന്ന അഭയാർഥി പ്രശ്‌നം, തീവ്രവാദ ഭീഷണി, മയക്കുമരുന്ന് കള്ളക്കടത്ത് ഭീഷണി എന്നിവ പരിഹരിക്കാനും അറബ് രാജ്യങ്ങൾ നേതൃപരമായ പങ്ക് വഹിക്കും. 
അറബ് ലീഗ് തീരുമാനങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ അറബ് രാജ്യങ്ങളുമായി സഹകരിക്കാൻ സിറിയ സന്നദ്ധത പ്രകടിപ്പിച്ചതിനെയും അറബ് ലീഗ് യോഗം സ്വാഗതം ചെയ്തു. അമ്മാൻ യോഗത്തിലെ തീരുമാനങ്ങളും ധാരണകളും സിറിയ നടപ്പാക്കണം. 2254-ാം നമ്പർ യു.എൻ പ്രമേയത്തിന് അനുസൃതമായി പ്രതിസന്ധി പരിഹരിക്കാൻ ക്രമാനുഗതമായി പ്രായോഗികവും ഫലപ്രദവുമായ ചുവടുവെപ്പുകൾ സ്വീകരിക്കണം. യു.എൻ രക്ഷാ സമിതി പ്രമേയങ്ങൾക്കനുസൃതമായി സിറിയയിൽ സഹായങ്ങൾ ആവശ്യമുള്ള എല്ലാവരിലും റിലീഫ് വസ്തുക്കൾ എത്തിക്കാൻ ആവശ്യമായ നടപടികൾ ആദ്യം സ്വീകരിക്കണം. അമ്മാൻ പ്രസ്താവന നടപ്പാക്കുന്നത് നിരീക്ഷിക്കാൻ സൗദി അറേബ്യ, ജോർദാൻ, ഇറാഖ്, ലെബനോൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശ മന്ത്രിമാരെയും അറബ് ലീഗ് സെക്രട്ടറി ജനറലിനെയും ഉൽപ്പെടുത്തി മന്ത്രിതല കമ്മിറ്റി രൂപീകരിക്കാനും സിറിയൻ പ്രതിസന്ധിക്ക് സമഗ്ര പരിഹാരം കാണാൻ ശ്രമിച്ച് സിറിയൻ ഗവൺമെന്റുമായി നേരിട്ടുള്ള ചർച്ചകൾ തുടരാനും അറബ് ലീഗ് യോഗം തീരുമാനിച്ചു. 
സിറിയയുടെ അറബ് ലീഗ് അംഗത്വം പുനഃസ്ഥാപിച്ചത് തുടക്കം മാത്രമാണെന്നും ഇത് അവസാനത്തെ നടപടിയല്ലെന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്‌മദ് അബുൽഗെയ്ത്ത് പറഞ്ഞു. സിറിയൻ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഘട്ടംഘട്ടമായി നടപടികൾ സ്വീകരിക്കും. ഈ നടപടിക്രമങ്ങൾ നിരീക്ഷിക്കുക എന്നതാണ് സിറിയൻ പ്രതിസന്ധി പരിഹരിക്കാൻ രൂപീകരിച്ച അറബ് കമ്മിറ്റിയുടെ ചുമതല. അറബ് ലീഗിലെ സിറിയയുടെ അംഗത്വം പുനഃസ്ഥാപിച്ചത് അറബ് രാജ്യങ്ങളും സിറിയയും തമ്മിലുള്ള സാധാരണബന്ധം പുനഃസ്ഥാപിക്കാനുള്ള തീരുമാനമല്ല. ഇക്കാര്യത്തിൽ ഓരോ രാജ്യവും പ്രത്യേക പരമാധികാര തീരുമാനമാണെടുക്കേണ്ടത്. അറബ് ലീഗിലെ സിറിയയുടെ അംഗത്വം പുനഃസ്ഥാപിക്കുകയും സിറിയൻ ഗവൺമെന്റുമായി ആശയവിനിമയം നടത്താൻ മന്ത്രിതല കമ്മിറ്റി രൂപീകരിക്കുകയുമാണ് ഇപ്പോൾ ചെയ്തിരിക്കുന്നതെന്നും അഹ്‌മദ് അബുൽഗെയ്ത്ത് പറഞ്ഞു. 
അതേസമയം, സിറിയൻ ഭരണകൂടവുമായി സാധാരണബന്ധം സ്ഥാപിക്കുന്നതിൽ ഖത്തറിന്റെ നിലപാടിൽ മാറ്റംവന്നിട്ടില്ലെന്ന് ഖത്തർ വിദേശ മന്ത്രാലയ വക്താവ് മാജിദ് അൽഅൻസാരി പറഞ്ഞു. എക്കാലവും ഖത്തർ അറബ് സമവായത്തെ പിന്തുണക്കുന്നു. ഖത്തർ ഒരിക്കലും ഇതിന് തടസ്സമാകില്ല. എന്നാൽ സിറിയൻ ഗവൺമെന്റുമായി ഖത്തർ സാധാരണ ബന്ധം സ്ഥാപിക്കൽ സിറിയൻ ജനതയുടെ മോഹങ്ങൾ സാക്ഷാൽക്കരിക്കുന്ന നിലക്ക് സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. സിറിയൻ ജനതയുടെ മോഹങ്ങൾ സാക്ഷാൽക്കരിക്കാൻ അറബ് രാജ്യങ്ങളുമായി ചേർന്ന് ഖത്തർ പ്രവർത്തിക്കും. 
ഇത്തരമൊരു ഐക്യം സിറിയക്കെതിരായ അറബ് ബഹിഷ്‌കരണത്തിലേക്ക് നയിച്ച പ്രതിസന്ധിയുടെ മൂലകരാണങ്ങൾക്ക് പരിഹാരം കാണാൻ സിറിയൻ ഭരണകൂടത്തിന് പ്രേരകമാകണമെന്നാണ് പ്രത്യാശിക്കുന്നതെന്നും ഖത്തർ വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു. സിറിയൻ ജനതയുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും അറബ് രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനും സിറിയൻ ഭരണകൂടം നടപടികൾ സ്വീകരിക്കണമെന്നും മാജിദ് അൽഅൻസാരി പറഞ്ഞു.

Latest News