Sorry, you need to enable JavaScript to visit this website.

റോഡ് ക്യാമറ അന്വേഷണത്തിനിടെ  വ്യവസായ സെക്രട്ടറി മുഹമ്മദ്  ഹനീഷിനെ ആരോഗ്യവകുപ്പിലേക്ക് മാറ്റി

തിരുവനന്തപുരം- എഐക്യാമറ വിവാദം അന്വേഷിക്കുന്നതിനിടെ, എപിഎം മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പില്‍ നിന്നും മാറ്റി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ മുഹമ്മദ് ഹനീഷിനെ ആദ്യം റവന്യു വകുപ്പിലേക്കാണ് മാറ്റിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഹനീഷിനെ റവന്യൂവില്‍ നിന്നും ആരോഗ്യ വകുപ്പിലേക്ക് മാറ്റി.
റോഡ് ക്യാമറ വിവാദത്തില്‍ അന്വേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് മുഹമ്മദ് ഹനീഷിന്റെ സ്ഥലംമാറ്റം. റവന്യൂവിലെ ദുരന്തനിവാരണ വകുപ്പിലേക്കായിരുന്നു ഹനീഷിനെ ആദ്യം മാറ്റി നിയമിച്ചത്. പിന്നീട് ഇവിടെ നിന്നും ആരോഗ്യവകുപ്പിലേക്ക് മാറ്റുകയായിരുന്നു. ക്യാമറ വിവാദത്തില്‍ ഹനീഷ് രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കിയേക്കും.
ഹനീഷിന് പകരം  വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സുമന്‍ ബില്ലയെ നിയമിച്ചു.  പൊതുജനാരോഗ്യ വകുപ്പില്‍ നിന്നും ടിങ്കു ബിസ്വാളിനെ റവന്യൂ വകുപ്പിലേക്ക് മാറ്റി. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലകിനെ നികുതി എക്‌സൈസ് വകുപ്പിലേക്കാണ് മാറ്റിയത്. ചീഫ് സെക്രട്ടറി വിപി ജോയിക്ക് ഇതാദ്യമായി ഒരു വകുപ്പിന്റെ ചുമതല നല്‍കി. ഔദ്യോഗിക ഭാഷയുടെ ചുമതലയാണ് നല്‍കിയത്.
മുഹമ്മദ് ഹനീഷ് കൈവശം വെച്ചിരുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജിന് നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. ശര്‍മ്മിള മേരി ജോസഫിന് സാമൂഹ്യ നീതി വകുപ്പിന്റെ അധിക ചുമതല നല്‍കി. സഹകരണവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മിനി ആന്റണിക്ക് ന്യൂനപക്ഷ ക്ഷേമത്തിന്റെയും അധിക ചുമതല നല്‍കി.
തൊഴില്‍ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന അജിത് കുമാറിന് കയര്‍, കൈത്തറി, കശുവണ്ടി വ്യവസായത്തിന്റെയും, ഐടി സെക്രട്ടറി രത്തന്‍ ഖേല്‍ക്കറിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെയും  അധിക ചുമതല കൂടി നല്‍കി. കാസര്‍കോട് കലക്ടര്‍ ഭണ്ഡാരി സ്വാ?ഗത് രവീര്‍ ചന്ദിനെ ജല അതോറിട്ടി എംഡിയായി മാറ്റി നിയമിച്ചു. രജിസ്‌ട്രേഷന്‍ ഐജി ഇമ്പശേഖര്‍ ആണ് പുതിയ കാസര്‍കോട് കലക്ടര്‍. പ്രവേശനപരീക്ഷാ കമ്മീഷണറായി അരുണ്‍ കെ വിജയനെയും നിയമിച്ചു.

Latest News