താനൂര്‍ ബോട്ടപകടത്തില്‍ കാണാതായ എട്ടു  വയസുകാരനെ കണ്ടെത്തി, തിരച്ചില്‍ അവസാനിപ്പിച്ചു

കോഴിക്കോട്-താനൂര്‍ ബോട്ടപകടത്തില്‍ കാണാതായ എട്ടുവയസുകാരനെ കണ്ടെത്തി. ഈ കുട്ടിയ്ക്കായി തിരച്ചില്‍ തുടരുന്നതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്ന വിവരമെത്തുകയായിരുന്നു. അപകടത്തില്‍ കുട്ടിയ്ക്ക് പരിക്കുണ്ട്.
ഇന്നലത്തെ തിരക്കില്‍ ബന്ധുക്കള്‍ക്ക് കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. ആശുപത്രികളില്‍ ചികിത്സയിലുള്ളവരില്‍ കുട്ടിയുണ്ടോയെന്ന് ബന്ധുക്കള്‍ പോലീസിനോട് ചോദിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിരുന്നതായി മനസിലായത്. ഇതോടെ അപകടത്തില്‍ പെട്ടവരില്‍ ഇനി ആരെയും കണ്ടെത്താനില്ലെന്നാണ് കരുതുന്നത്. ആരെയെങ്കിലും കണ്ടെത്താനുള്ളതായി പരാതിയും നിലവില്‍ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ തിരച്ചില്‍ അവസാനിപ്പിച്ചു.
അപകട സമയത്ത് 37 പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് സംശയം. അപകടത്തിന് പിന്നാലെ അഞ്ചുപേര്‍ വെള്ളത്തിലേയ്ക്ക് ചാടി നീന്തി രക്ഷപ്പെട്ടിരുന്നു. 22 പേരാണ് മരിച്ചതെന്നാണ് വിവരം. 15 കുട്ടികളും അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. കണ്ടെത്തിയ കുട്ടിയടക്കം എട്ടുപേരാണ് ചികിത്സയിലുള്ളത്.അപകടത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. വാക്കുകളാല്‍ രേഖപ്പെടുത്താന്‍ കഴിയാത്ത വലിയ ദുരന്തമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. 
 

Latest News