കര്‍ണാടകയില്‍ നരേന്ദ്ര മോഡി മതപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതില്‍ ആശ്ചര്യമെന്ന് പവാര്‍

മുംബൈ- കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി മതപരമായ മുദ്രാവാക്യങ്ങള്‍ ഉപയോഗിച്ചെന്ന് എന്‍. സി. പി നേതാവ് ശരദ് പവാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് ബി. ജെ. പിയെ അധികാരത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കുമെന്നും മറാഠാ നേതാവ് അവകാശപ്പെട്ടു.

കര്‍ണാടകയിലെ വോട്ടര്‍മാര്‍ ബി. ജെ. പിയോട് അതൃപ്തരാണ്. രാജ്യത്തുടനീളം ബി. ജെ. പി തളര്‍ച്ചയിലാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി. ജെ. പിക്ക് അഞ്ച്-ഏഴ് സംസ്ഥാനങ്ങളില്‍ മാത്രമേ വിജയിക്കാനാകൂ. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും പവാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പ്രധാനമന്ത്രി മോഡി മതത്തെ ആശ്രയിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പവാര്‍ പറഞ്ഞു. ''മതേതരത്വം എന്ന ആശയമാണ് നമ്മള്‍ അംഗീകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍, മതേതരത്വത്തിന്റെ പേരില്‍ നാം സത്യപ്രതിജ്ഞ ചെയ്യുന്നു. തെരഞ്ഞെടുപ്പു വേളയില്‍, ഒരു മതത്തിന്റെ പേര് എടുത്ത്, അതിന്റെ പ്രശ്നങ്ങള്‍ ഉയര്‍ത്തി, വ്യത്യസ്തമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ വീക്ഷണകോണില്‍ നിന്ന് തെറ്റാണ്. പ്രധാനമന്ത്രി മതത്തിന്റെ പേരില്‍ ഇടപാട് നടത്തുകയാണ്. ഇതില്‍ എനിക്ക് ആശ്ചര്യമുണ്ട്'' പവാര്‍ കൂട്ടിച്ചേര്‍ത്തു.

ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ് ബി. ജെ. പി അധികാരത്തിലുള്ളതെന്നും പവാര്‍ പറഞ്ഞു. ഡല്‍ഹി, പഞ്ചാബ്, ബംഗാള്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ബി. ജെ. പി അധികാരത്തിലില്ല. നമ്മള്‍ രാജ്യത്തിന്റെ ഭൂപടം കണ്ടാല്‍, ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ് ബി. ജെ. പി അധികാരത്തിലുള്ളതെന്ന് കാണാന്‍ കഴിയുമെന്നും പവാര്‍ പറഞ്ഞു.

മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് മഹാ വികാസ് അഘാഡി ഘടകകക്ഷികള്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയും പവാര്‍ നിഷേധിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. സഖ്യത്തില്‍ കൂടുതല്‍ എം. എല്‍. എമാരുള്ള പാര്‍ട്ടിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെയുടെ വാദത്തോട് പ്രതികരിക്കുകയായിരുന്നു പവാര്‍.

Latest News