ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ച്  പാക്കിസ്ഥാന്‍ വിമാനം പറന്നതെന്തിന്?  

ന്യൂദല്‍ഹി- ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് രാജ്യത്തിനുള്ളിലേക്ക് കടന്ന് പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ (പിഐഎ) ബോയിംഗ് വിമാനം. ലാഹോറിലേക്ക് പോകുകയായിരുന്ന ബോയിംഗ് 777 ജെറ്റ്‌ലൈനര്‍ യാത്രാ വിമാനമാണ് അല്‍പസമയം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പറന്നത്. മേയ് നാലിനായിരുന്നു സംഭവം.
മസ്‌കത്തില്‍ നിന്നും ലാഹോറിലേക്ക് വന്ന വിമാനം മോശം കാലാവസ്ഥ കാരണം ലാന്‍ഡ് ചെയ്യാനാകാതെ പറക്കുന്നത് തുടര്‍ന്നു. ഈ സമയം ലാഹോറില്‍ കനത്ത മഴയായിരുന്നു. മോശം കാലാവസ്ഥയായതിനാല്‍ വഴിമാറി ഇന്ത്യയിലേക്ക് കടക്കുകയാണെന്ന് ദല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചു. ഈ വിവരം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വ്യോമസേനയ്ക്ക് കൈമാറി. തുടര്‍ന്ന് വിമാനത്തിന്റെ വരവ് വ്യോമസേന നിരീക്ഷിക്കാന്‍ തുടങ്ങി.പിഐഎ വിമാനം പഞ്ചാബിലെ ഭീഖിവിണ്ഡ് പട്ടണത്തിന് മുകളില്‍ രാത്രി 8.42ഓടെ എത്തി. തരാന്‍തരാന്‍ വരെയെത്തിയ വിമാനം തെക്ക്പടിഞ്ഞാറ് ദിശയിലേക്ക് തിരിഞ്ഞ് വീണ്ടും പാക്കിസ്ഥാനില്‍ പ്രവേശിച്ച് മുള്‍ട്ടാനില്‍ ലാന്‍ഡ് ചെയ്തു. നിലവില്‍ പാക്കിസ്ഥാനില്‍ നിന്നുമുള്ള അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി ഇല്ല. എന്നാല്‍ ഇന്ത്യ പാക് വ്യോമപാത ഉപയോഗിക്കാറുണ്ട്. 16 വര്‍ഷത്തോളം പഴക്കമുള്ള വിമാനമാണ് മോശം കാലാവസ്ഥ കാരണം ഇന്ത്യന്‍ വ്യോമപാതയിലെത്തിയത്.
 

Latest News